ഗൂഗിളും ഫെയ്‌സ്ബുക്കും ഏതാനും വാർത്ത, ഷോപ്പിങ് വെബ്‌സൈറ്റുകളുമായാൽ സാധാരണക്കാരന് ഇന്റർനെറ്റായി. എന്നാൽ, യഥാർഥ ഇന്റർനെറ്റിലെ ഉള്ളടക്കം പുറമേ കാണുന്നതിന്റെ അനേകം അനേകം മടങ്ങാണ്. ഡാർക്ക് വെബ് അല്ലെങ്കിൽ ഡാർക്ക് നെറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റർനെറ്റിലെ അധോലോകം സത്യത്തിൽ എന്താണ് ?
സാധാരണ ഉപയോക്താവിന് ഇന്റർനെറ്റ് എന്നാൽ ഗൂഗിൾ സേർച്ച് വഴി ലഭിക്കുന്ന സേവനങ്ങളാണ്. വെബ്‌സൈറ്റാണെങ്കിൽപ്പോലും ഗൂഗിൾ സേർച്ചിൽ കിട്ടിയെങ്കിലും ബ്രൗസറിൽ വിലാസം കൊടുത്താൽ തുറന്നെങ്കിലേ ഉപയോഗമുള്ളൂ. എന്നാൽ, യഥാർഥത്തിൽ ഇന്റർനെറ്റിലെ ഉള്ളടക്കം ഇത്തരത്തിൽ സേർച്ച് എൻജിനുകൾ ഇൻഡെക്‌സ് ചെയ്തിരിക്കുന്നതിന്റെയും ബ്രൗസറുകൾ തുറക്കുന്നതിന്റെയും അഞ്ഞൂറിരട്ടിയാണ്. ഗൂഗിൾ സേർച്ച് എൻജിനിൽ കോടിക്കണക്കിന് വെബ്‌സൈറ്റുകളും പേജുകളും ഇൻഡെക്‌സ് ചെയ്തിട്ടുണ്ടെങ്കിലും ഇന്റർനെറ്റിലെ ആകെ ഉള്ളടക്കത്തിന്റെ 16 ശതമാനം മാത്രമാണ് അത്. ഓരോ ഗൂഗിൾ സേർച്ചും അവതരിപ്പിക്കുന്ന റിസൾട്ട് മൊത്തം ഉള്ളടക്കത്തിന്റെ 0.03 ശതമാനവും.
എന്താണ് ഡാർക്ക്‌നെറ്റിലുള്ളത്, എങ്ങനെയാണ് ഡാർക്ക്‌നെറ്റിന്റെ പ്രവർത്തനം ? ഡാർക്ക്‌നെറ്റിൽ എല്ലാമുണ്ട്. ലഹരിമരുന്നും വ്യാപാരവും കള്ളനോട്ടും വ്യാജരേഖാ വ്യവസായവും തുടങ്ങി ആയുധവ്യാപാരവും അവയവവ്യാപാരവും വരെ ഡാർക്ക്‌നെറ്റിൽ അനുദിനം സജീവമായി നടക്കുന്നുണ്ട്. സേവനദാതാക്കളും ബ്രൗസറുകളും സെൻസർ ചെയ്യുന്ന ഈ സേവനങ്ങൾ പിന്നെങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അടുത്ത പ്രധാന ചോദ്യം. ബിറ്റ്‌കോയ്ൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളാണ് ഡാർക്ക്‌നെറ്റിന്റെ നാണയങ്ങൾ. റഷ്യയിലും യുക്രെയിനിലും വേരുകളുള്ള വെബ്‌ഹോസ്ററിങ് സേവനങ്ങളാണ് ഇത്തരം പേജുകളും സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത്. മുഖ്യധാരാ ഹോസ്റ്റിങ് കമ്പനികളെപ്പോലെ ഊരും പേരും വിലാസവുമൊന്നുമില്ലാതെ തന്നെ ഹോസ്റ്റിങ് നടത്താൻ തയ്യാറായ ഈ കമ്പനികൾ പ്രതിഫലം കൈപ്പറ്റുന്നതും ബിറ്റ്‌കോയ്‌നായാണ്.
ക്ലൗഡ് കംപ്യൂട്ടിങ് വൻകിട കമ്പനികളുടെയും സാധാരണക്കാരുടെയുമൊക്കെ പ്രവർത്തനശൈലി മാറ്റിയതുപോലെ ഡാർക്ക് നെറ്റിന്റെ ശൈലിയും മാറ്റി. ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും ഉഗ്രൻ പോരാട്ടം നടത്തുന്ന ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് ക്ലൗഡ് സേർവറുകളിൽ ശേഖരിക്കുന്ന വിവരങ്ങളിൽ സെൻസറിങ്ങില്ലാത്തതിനാൽ ഡാർക്ക് നെറ്റിന് ഇതൊരു സുരക്ഷിത ലോക്കർ ആണ്. ഏറ്റവും പുതിയ പഠനം അനുസരിച്ച് ലോകത്തെ മുഴുവൻ സൈബർ ആക്രമങ്ങളുടെ 16 ശതമാനവും ആമസോൺ ക്ലൗഡിൽ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിനു പുറമേ മാൽവെയർ ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന എല്ലാത്തരം ക്രൈംവെയറുകളും (ക്രിമിനൽ സോഫ്റ്റ് വെയർ) കാലോചിതമായി മികവു നേടിയിട്ടുണ്ട്.
ഗൂഗിളിന്റെ വലയിൽ കുടുങ്ങാത്ത ഇന്റർനെറ്റിന്റെ ഈ ആഴങ്ങളിൽ കുറ്റവാളികളും കുറ്റകൃത്യങ്ങളും മാത്രമല്ല, വിവിധ കാരണങ്ങളാൽ മറഞ്ഞിരിക്കുന്ന അനേകം വിവരങ്ങളുമുണ്ട്. ടോർ ബ്രൗസർ, ഒനിയൻ റൂട്ടർ തുടങ്ങിയവയിലൂടെയേ ഇത്തരം വെബ്‌സൈറ്റുകളിലേക്കും പേജുകളിലേക്കും പ്രവേശിക്കാനും ഇടപാടുകൾ നടത്താനുമാവൂ. ഒനിയൻ റൂട്ടർ അധിഷ്ഠിതമായി ഗ്രാംസ് എന്ന പേരിൽ ഡാർക്ക്‌നെറ്റിനു വേണ്ടി മാത്രമായി ഒരു സേർച്ച് എൻജിനും നിലവിലുണ്ട്. ഇന്റർനെറ്റ് എന്നാൽ, പുറമേ കാണുന്ന സ്വതന്ത്രസുന്ദരലോകം മാത്രമല്ല, അതിന്റെ അനേകം മടങ്ങ് ആഴമുള്ള ദുർഗ്രാഹ്യവും സങ്കീർണവും അതേസമയം അപകടകരവുമായ ഒരു വ്യവസ്ഥിതി കൂടിയാണെന്നു ചുരുക്കം.