ബറാക് ഒബാമ
Barack Obama

യുഎസ്സിന്റെ 44–ാം പ്രസിഡന്റ്(2009–2017). അമേരിക്കയുടെ ആദ്യത്തെ ‘കറുത്ത പ്രസിഡന്റ്’ എന്ന വിശേഷണത്തിന് ഉടമ. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന നാലാമത്തെ യുഎസ് പ്രസിഡന്റും ഇരുപത്തിയൊന്നാമത്തെ യുഎസ് പൗരനും. 

ജീവിതം

ഹാവായിലെ ഹോണോലുലുവിൽ 1961 ഓഗസ്‌റ്റ് നാലിനു ജനനം. പിതാവ് കെനിയക്കാരനായ ബറാക് ഒബാമ സീനിയർ. മാതാവ് കാൻസസിൽനിന്നുള്ള ആൻ ഡൺഹാം. ഒബാമയ്‌ക്ക് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ പിരിഞ്ഞു. കെനിയയിലേക്കു മടങ്ങിയ പിതാവ് 1982ൽ കാർ അപകടത്തിൽ മരിച്ചു. മാതാവ് ലോലോ സോട്ടീറോ എന്ന ഇന്തൊനീഷ്യക്കാരനെ വിവാഹം ചെയ്‌തതിനെ തുടർന്ന് 10 വയസ്സു വരെ ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ ഒബാമയുടെ ബാല്യം. ജക്കാർത്തയിൽ പ്രഥമിക പഠനം. കെനിയയിൽ ഏഴ് അർധ സഹോദരങ്ങളും മാതാവിന്റെ രണ്ടാം വിവാഹത്തിൽ മായാ സോട്ടീറോ എന്ന സഹോദരിയുമുണ്ട്.

ലൊസാഞ്ചൽസിലെ ഓക്‌സിഡന്റൽ കോളജിൽ പഠനം പൂർത്തിയാക്കി 1983ൽ ന്യൂയോർക്കിൽ ധനകാര്യ ഉപദേശകനായി ജോലി തുടങ്ങി. ദരിദ്രരെ സഹായിക്കുന്നതിനുള്ള സന്നദ്ധ സേവന സ്‌ഥാപനത്തിൽ 1985ൽ ഓർഗനൈസറായി. 1988ൽ നിയമ പഠനത്തിനു ഹാവാഡ് ലോ സ്‌കൂളിൽ. ഷിക്കാഗോയിൽ സിഡ്‌നി ഓസ്‌റ്റിൻ നിയമ സ്‌ഥാപനത്തിൽ ജോലി. 1993ൽ ഷിക്കാഗോ സർവകലാശാലയിൽ കോൺസ്‌റ്റിറ്റ്യൂഷനൽ ലോയിൽ ലക്‌ചറർ. 1996ൽ ഇലിനോയി സ്‌റ്റേറ്റ് സെനറ്റ് അംഗം. 2004ൽ യുഎസ് സെനറ്റ് അംഗം. 2007ൽ നാഷനൽ ജേണൽ ഏറ്റവും സ്വതന്ത്ര ചിന്താഗതിയുള്ള സെനറ്ററായി തിരഞ്ഞെടുത്തു. 2007 ഡമോക്രാറ്റ് പ്രസിഡന്റ് സ്‌ഥാനാർഥിത്വത്തിനായി ഹിലരി ക്ലിന്റനുമായി ശക്‌തമായ പോരാട്ടം. 2008 ഹിലരിയെ തോൽപ്പിച്ചു സ്‌ഥാനാർഥിയായി. റിപ്പബ്ലിക്കൻ പാർട്ടിയിലെ ജോൺ മെക്കെയ്‌നെ തോൽപ്പിച്ചു യുഎസ് ചരിത്രത്തിലെ ആദ്യ ആഫ്രോ - അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. 2007 മുതൽ 2017 വരെ യുഎസ് പ്രസിഡന്റ്.

1989 ൽ സിഡ്നി ഓസ്റ്റിലൻ നിയമസ്ഥാപനത്തിൽ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായ മിഷേലാണ് ജീവിതസഖി. മക്കൾ: മാലിയ, സാഷ