എം ശിവശങ്കർ
M Sivasankar

12–ാമത് കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നു എം. ശിവശങ്കർ. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിൽ സർവീസി‍ൽനിന്നു സസ്പെൻഡ് ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിൽ എൻഫോഴ്സ്മെന്റും കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. എസ്എസ്എൽസിക്കു റാങ്ക് നേടി എൻജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദങ്ങൾ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയമായ ഭരണ പാടവമാണ് കാഴ്ച വച്ചിരുന്നത്.

ജീവിതം

1963 ജനുവരി 24ന് ജനനം. തിരുവനന്തപുരം സ്വദേശിയായ ശിവശങ്കർ എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടർന്നു പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ബിടെക്കിനു ചേർന്നു. അവിടെ കോളജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്നു ഗുജറാത്തിലെ ‘ഇർമ’യിൽനിന്നു റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാർഥിയെന്ന നിലയിൽ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടിയിരുന്നയാളാണ്.

പഠന ശേഷം കുറെക്കാലം റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയിൽ ഇരിക്കെ 1995ൽ കൺഫേഡ് ഐഎഎസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐഎഎസിൽ സ്ഥിരപ്പെടുത്തി. മലപ്പുറം കലക്ടർ എന്ന നിലയിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. പിന്നീടു ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളിൽ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകൾക്കും തടയിട്ടു.

വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി. ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയിൽ ദേശീയ ഗെയിംസ് നടന്നത്.