വനവൃക്ഷശിഖരങ്ങൾ മലകയറി വരുന്ന ഭക്തരെ കണ്ടു വണങ്ങി. ഇലകളിലും വഴികളിലും വൃശ്ചികമ മഞ്ഞിൻകണം തൊട്ടുവച്ചിട്ടുണ്ട്. ശബരിമല വനത്തിൽ ഇപ്പോൾ ആനകളുടെ ചിന്നംവിളിയോ പെരിയാർ ടൈഗർ മേഖലകളിൽ കടുവകളുടെ അലർച്ചയോ ഒന്നും കേൾക്കാനില്ല. കാനനവാസനെ കാണാനുള്ള ഭക്തരുടെ യാത്രയ്ക്കായി അവർ തൽക്കാലം വഴി മാറിക്കൊടുത്തിരിക്കുന്നു. മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകർ സഞ്ചരിക്കുന്ന പരമ്പരാഗത കാട്ടുപാതയിലെ യാത്രയാണിത്. വെളുപ്പാൻകാലത്ത് ശിശിരത്തിന്റെ തണുപ്പിനെ ഒപ്പം കൂട്ടിയാണ് എരുമേലിയിൽ നിന്ന് തീർഥാടകർ യാത്ര തുടങ്ങുന്നത്.
തത്വമസിയുടെ പൊരുൾ തേടിയുള്ള ആ സഞ്ചാരവഴിയെക്കുറിച്ച് പഴമക്കാരുടെ കാവ്യാത്മകമായ വർണന ഇങ്ങനെ:
‘കോട്ടപ്പടിയാസ്ഥാനവും കടന്ന് പേരൂത്തോട്ടിൽ നീരാടി, കനിവിനൊടു കാളകെട്ടി, അഴകിനൊടു അഴുതാനദിയിൽപ്പുക്കു, അഴുതയിൽ കുളിച്ചു കല്ലുമെടുത്ത്, കല്ലൊരു ചുമടുമേന്തി, കല്ലിടുംകുന്നുകേറി, കല്ലിട്ട് വലംതിരിഞ്ഞ്, കരിമലമുകളിൽപ്പുക്കു, വില്ലുശരവും കുത്തി, കിണറും കുളവും തോണ്ടി, പമ്പയിൽ തീർഥമാടി, വലിയൊരു ദാനവും കഴിച്ചു, ബ്രാഹ്മണ സദ്യയും കഴിച്ച്, ഗുരുക്കൻമാരെ വന്ദിച്ച്, നീലിമല ചവിട്ടിക്കേറി, ശബരീപീഠത്തിങ്കലധിവസിച്ച്, ശരംകുത്തി വലംതിരിഞ്ഞു, സത്യമായൊരു പൊന്നു പതിനെട്ടാം പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ ദർശിക്കുന്നു’.
എരുമേലിയിൽ നിന്ന് 38 കിലോമീറ്ററാണ് ശബരിമലയിലെത്താനുള്ള പരമ്പരാഗത കാട്ടുപാത. എരുമേലി, പേരൂർത്തോട്, കോയിക്കക്കാവ്, അരശുമുടിക്കോട്ട, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, ചീനിത്താവളം, മുക്കുഴി, വള്ളിത്തോട്, വെള്ളാരംചെറ്റ, കൂട്ടക്കല്ല്, പുതുശേരിമല, കരികിലാംതോട്, കരിമല, മായാക്കി, ശരംകുത്തി, വലിയാനവട്ടം, ചെറിയാനവട്ടം വഴിയാണ് പമ്പയിൽ എത്തുന്നത്.
അഴുതാനദി കടക്കുന്നതോടെ കൊടുംവനം ആരംഭിക്കും. അവിടെ ആന മറഞ്ഞു നിന്നാൽ കാണാനാവാത്ത വലുപ്പമുള്ള, ജരാനരകൾ ബാധിച്ച വനവൃക്ഷങ്ങൾ കാണാം. മരങ്ങളിൽ വാനരപ്പട, ചീവീടുകളുടെ നിലയ്ക്കാത്ത കരച്ചിൽ, പക്ഷികളുടെ കലമ്പൽ. താഴെ ചൂര് ഗന്ധം നിറഞ്ഞ ആനത്താരകൾ, ഉരുളൻകല്ലുകൾ നിറഞ്ഞ കയറ്റയിറക്കങ്ങൾ, ചിതറിയൊഴുകുന്ന കാട്ടുചോലകൾ, ചിലയിടങ്ങളിൽ പട്ടാപ്പകലും ഇരുട്ട് കനം വയ്ക്കുന്ന വനനിബിഡത. ഇടയ്ക്കിടെ പുൽമൈതാനങ്ങളുണ്ട്. അവിടെ ചെറിയ കുളങ്ങൾ കാണാം. വിശ്രമിക്കാം. കയറ്റങ്ങളിൽ കഠിനം കരിമലതന്നെ. ഏഴു തട്ടുകളാണ് കരിമലയ്ക്ക്.
കാട്ടുപാതയിൽ കോയിക്കക്കാവ്, മുക്കുഴി, പുതുശേരിമല, പമ്പ എന്നിവിടങ്ങളിൽ ഫോറസ്റ്റ് സ്റ്റേഷനുകളുണ്ട്. ആഴ്ചയിലൊരിക്കലാണ് ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റം. നാട്ടിൽ നിന്ന് ഓരോ ആഴ്ചയും എത്തുന്ന വനപാലകരാണ് ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള ഭക്ഷ്യസാമഗ്രികൾ എത്തിക്കുന്നത്. സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കണം. ഇടയ്ക്കിടെ ഒറ്റയാൻമാർ വന്ന് ചിന്നംവിളിക്കും. സൗരവെളിച്ചമാണ് ശരണം.
തീർഥാടന യാത്രയിൽ അപകടത്തിൽ പെടുന്നവരെ ചുമന്നുകൊണ്ടുവേണം മുക്കുഴി വരെ എത്താൻ. പരമ്പരാഗത പാതയിൽ വനംവകുപ്പിന്റെ കീഴിൽ ഇഡിസി, വിഎസ്എസ് എന്നീ സേവന സംഘങ്ങളുണ്ട്. വന്യമൃഗശല്യമുള്ളതിനാൽ തീർഥാടകർക്ക് രാത്രിയാത്ര അനുവദിക്കില്ല. വെളുപ്പു കൂട്ടി യാത്ര ആരംഭിക്കാം. രാത്രിയായാൽ സേവനകേന്ദ്രങ്ങളിൽ വിരിവയ്ക്കാം. കാടു വിളിക്കുകയായി... കാനനയാത്ര തുടങ്ങാം.