ഒരു അഭിനേത്രിയെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന കുറേ വിഭിന്നമായ മുഖങ്ങളുണ്ടാകും. വെള്ളിത്തിരയില്‍ അവര്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ച ഒത്തിരി വേഷങ്ങള്‍. പക്ഷേ മീര വാസുദേവന്‍ എന്ന തെന്നിന്ത്യന്‍ നടിയ മലയാളികള്‍ക്കു തന്‍മാത്രയിലെ നായികയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ ആസ്വാദന തലത്തില്‍ ഇടംപിടിച്ചു അവര്‍. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ മീര അഭിനയത്തില്‍ മാത്രമല്ല, നിലപാടുകളിലും കൂടുതല്‍ ശക്തയായി എന്നാണ് തോന്നുന്നത്. സമൂഹ മാധ്യമത്തിലെ ഇടപെടലുകളേയും സ്ത്രീയെന്ന നിലയിലെ വീക്ഷണങ്ങളേയും കുറിച്ച വനിത ദിന സ്‌പെഷ്യല്‍ ആയി സംസാരിച്ച മീര ആ തോന്നല്‍ വളരെ ശരിയാണെന്നു പറയുന്നു.
"സമൂഹ മാധ്യമത്തില്‍ വളരെ നന്നായി സമയം ചിലവഴിക്കുന്നൊരാളാണു ഞാന്‍. ഒത്തിരി നല്ല സുഹൃത്തുക്കളുമുണ്ട്. അറിയുന്നവരും അറിയാത്തവരുമായ ഒത്തിരി പേരുമായി സംവദിക്കാനുള്ള വേദിയാണ് അത്. എനിക്ക് വലിയ പിന്തുണയാണ് അവിടെ നിന്നു ലഭിച്ചതും. ഇപ്പോള്‍ സമയക്കുറവു കാരണം അവിടെ നിന്നൊരു ചെറിയ ഇടവേള എടുത്തുവെന്നു മാത്രം. വളരെ പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നൊരാളാണ് ഞാന്‍. സമൂഹമാധ്യമത്തിലെ അനുഭവങ്ങളെ അങ്ങനെയാണു കാണുന്നതും." മീര വാസുദേവന്‍ പറയുന്നു.
"സ്ത്രീ ആയതില്‍ എന്നും അഭിമാനിച്ചിട്ടേയുള്ളൂ. സന്തോഷിച്ചിട്ടേയുള്ളൂ. സ്വന്തം ഇടത്തിനു പ്രാധാന്യം നല്‍കി ജീവിക്കുന്ന സ്ത്രീകളേ എന്നും സന്തോഷവതിയായിരിക്കൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പ്രായം കഴിയുമ്പോള്‍, ഓ ഇനിയെന്തിനാണ് ഒരുങ്ങുന്നതെന്ന് ചിന്തിക്കുന്ന, സ്വന്തം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഒട്ടുമേ സമയം കണ്ടെത്താത്ത സ്ത്രീകളോട് എനിക്ക് യോജിപ്പേയില്ല. ഇവ മാത്രം പോര സ്വന്തം സാമ്പത്തിക നില ഭദ്രമാക്കാനും സ്വന്തം ഇഷ്ടങ്ങളെ ഒപ്പം കൂട്ടാനും പ്രാപ്തരാകണം. തന്നെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സ്ത്രീക്കു മാത്രമേ, തന്നിലെ സ്വത്വത്തെ പൂര്‍ണമായും അംഗീകരിക്കുന്ന സ്ത്രീക്കു മാത്രമേ മറ്റുള്ളവരെ സത്യസന്ധമായി സ്‌നേഹിക്കുവാന്‍ സാധിക്കൂ. അന്നേരം മാത്രമേ നമ്മുടെ ഹൃദയത്തില്‍ നമുക്ക് സമാധാനം അനുഭവിക്കാനാകൂ."
അമ്മയായും ഭാര്യയായും സഹോദരിയായും കുടുംബത്തിന്‌റെയും അതുവഴി സമൂഹത്തിന്‌റെയും ശക്തി സ്രോതസ്സും പിന്തുണയാകുന്നതും എന്നും സ്ത്രീയാണ്. സമൂഹത്തിന്‌റെ അടിത്തറയാകുന്നതും സ്ത്രീയാണ്. കുടുംബത്തിന്‌റെയും സമൂഹത്തിന്‌റെയും നെടുംതൂണും അവള്‍ തന്നെയാണ്. ഒരു ജീവന് ജന്മം നല്‍കാന്‍ പ്രാപ്തയായ സ്ത്രീയിലൂടെയാണ് ലോകത്തിന്റെ തന്നെ നാളെയും തീരുമാനിക്കപ്പെടുന്നതും. ഇന്നലെയും ഇന്നും നാളെയും സ്ത്രീയിലൂടെയാണ് കടന്നുപോകുന്നതും അതിന്റെയെല്ലാം അടിത്തറയും അവളിലാണു താനും. അതുകൊണ്ട് തന്നെ അതിയായി സ്‌നേഹിച്ച് തന്നിലെ ശക്തിയെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാനാണ് ഓരോ സ്ത്രീയോടും എനിക്കീ വനിതാ ദിനത്തില്‍ പറയാനുള്ളതും. തന്നെ സ്‌നേഹിക്കൂ...അതുവഴി മറ്റുള്ളവരേയും പിന്നെയീ ലോകത്തേയും!
സ്ത്രീകളെ ഇത്രയേറെ ഇഷ്ടപ്പെടുന്ന മീരയുടെ പ്രിയപ്പെട്ട നടിമാര്‍ മഞ്ജു വാര്യരും എമി ആഡംസും കജോളുമാണ്.
ടേക്കിങ് ലൈവ്‌സ്, ദി ബോണ്‍ കളക്ടര്‍, സോള്‍ട്ട്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്ത്, ചെയ്ഞ്ചലിങ് എന്നീ ചിത്രങ്ങളിലെ ആഞ്ചലീന ജോളിയുടെ അഭിനയമാണ് വെള്ളിത്തിരയിലെ പെണ്‍ പ്രകടനങ്ങളില്‍ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നവയിലുള്ളത്. ബാസിഗര്‍, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ, കഭീ ഖുശീ കഭീ ഗം എന്നീ ചിത്രങ്ങളിലെ കജോളിന്‌റെ അഭിനയവും ഉദാഹരണം സുജാതയിലെ മഞ്ജു വാര്യര്‍, 36ാം വയതിനിലെ ജ്യോതിക, ലൂസിയിലെ സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍, സ്‌നോ വൈറ്റ് ആന്‍ഡ് ഹണ്ട്‌സ്മാനിലെയും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലേയും ഷാര്‍ലീസ് തെറണ്‍, എറിന്‍ ബ്രോക്കോവിച്ചിലെ ജൂലിയ റോബെര്‍ട്‌സ്, നൊക്‌റ്റേണല്‍ അനിമല്‍സിലെയും അമേരിക്കന്‍ ഹസിലിലേയും എമി ആഡംസ്, എന്നിവരാണു മീരയുടെ പ്രിയപ്പെട്ട മറ്റു പെണ്‍ കഥാപാത്രങ്ങള്‍.