കുട്ടികളോടൊത്തൊരു വൺ-ഡേ ട്രിപ്പ് പോകുന്നുവെന്നിരിക്കട്ടെ. അതിന് ഒരാഴ്ചത്തേക്കുള്ള ഡ്രസ്സുകൾ ബാഗില്‍ കുത്തി നിറക്കേണ്ടതില്ല. ഏതമ്മയ്ക്കും അറിയാവുന്ന ഒരു സിംപിൾ കാര്യം. ഇനി ഒരാഴ്ചത്തേക്കാണ് യാത്രയെങ്കിൽ പ്ലാനിങ്ങിൽ മാറ്റം വേണം. ഒരു വര്‍ഷത്തേക്കുള്ള വലിയൊരു യാത്രയാണ് മനസ്സിലെങ്കിലോ അതിന് വലിയ തയാറെടുപ്പും പ്ലാനും അത്യാവശ്യമാണുതാനും. അത്തരം യാത്രകള്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത, സുഖമുള്ള യാത്രകളായിത്തീരും. ശരിയായി പ്ലാൻ ചെയ്തില്ലെങ്കിലോ ? വിചാരിച്ച സുഖമൊന്നും യാത്രയിൽ നിന്ന് കിട്ടില്ല. അത്ര തന്നെ. ഈ യാത്ര പോലെ തന്നെയാണ് കുട്ടികളുടെ പഠിത്തത്തിന്റെ കാര്യവും. ഒരു ദിവസം, ഒരാഴ്ച, ഒരു വര്‍ഷം... അങ്ങനെ എല്ലാം മുന്നിൽക്കണ്ട് ഉഗ്രനൊരു ടൈംടേബിളിലൂടെ അധ്യയന വര്‍ഷം തുടങ്ങി നോക്കൂ, വലിയ ബുദ്ധിമുട്ടുകളില്ലാതെ, പരീക്ഷകളെ ഭയക്കാതെ വിജയം കൈപ്പിടിയിലാക്കാം.
എന്തിനാണീ ടൈംടേബിള്‍ ?
പഠനത്തിന് ടൈംടേബിള്‍ ഇത്ര അത്യാവശ്യമാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ഒരു കപ്പലിന് നാവിഗേറ്റര്‍ എന്ന പോലെ പഠനത്തിന് തീർച്ചയായും ടൈംടേബിള്‍ ആവശ്യമാണ്. പഠനത്തിലെ കുരുക്കുകളെയും കുറുക്കു വഴികളെയും മനസ്സിലാക്കാൻ നാവിഗേറ്ററിനെപ്പോലെ ടൈംടേബിളും വഴികാട്ടും. ടൈംടേബിള്‍ സെറ്റ് ചെയ്യും മുമ്പേ അതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് തുറന്നു സംസാരിക്കുകയാണ് ആദ്യം വേണ്ടത്. ഇല്ലെങ്കിൽ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നായി മാറരുത്. ടൈംടേബിള്‍ എന്നത് ഒരു വഴികാട്ടിയാണെന്നും അതിലൂടെ പഠനത്തിലും ജീവിതത്തിലും അടുക്കും ചിട്ടയും നേടാമെന്നും കുഞ്ഞുങ്ങളോട് പറയണം. കൂടുതല്‍ എനർജിയും സമയവും ലാഭിക്കാൻ എങ്ങനെ അതു സഹായിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കാം. പഠനത്തിലുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരമാകാൻ വരെ ടൈംടേബിള്‍ വച്ചുള്ള പഠനത്തിന് കഴിയുമെന്നും ബോധ്യപ്പെടുത്തണം. അമ്മയോ അച്ഛനോ സ്നേഹത്തോടെ ഇതിനെക്കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്.
ടൈംടേബിള്‍ എങ്ങനെ തയാറാക്കാം ?
ഒരാഴ്ചത്തേക്കുള്ളത്, ഒരു ദിവസത്തേക്കുള്ളത്, ഒരു മാസത്തേക്കുള്ളത് എന്നിങ്ങനെ പ്രത്യേകം പ്യത്യേകം ടൈംടേബിള്‍ ഇട്ടു കൊടുക്കാം. ഒരു ദിവസത്തേക്കുംം ഒരാഴ്ചത്തേക്കുമുള്ളത് കൂടുതൽ വ്യക്തതയോടെ തീരുമാനിക്കണം.. അടുത്തടുത്ത ദിവസങ്ങളിലെ കാര്യങ്ങളിൽ വലിയ മാറ്റങ്ങള്‍ വരില്ല. ഒരു മാസത്തേക്കുള്ള ടൈംടേബിള്‍ വിശാലമായതുകൊണ്ട് ചില മാറ്റങ്ങള്‍ വേണ്ടിവരാം. ഒരു മാസത്തേക്കാണെങ്കിൽ ഓരോ വിഷയവും എത്രത്തോളം ചാപ്റ്ററുകൾ പഠിക്കും എന്ന രീതിയിൽ ചുരുക്കം തയ്യാറാക്കാം.
പഠിക്കേണ്ട വിഷയങ്ങളെ ഏറ്റവും പ്രയാസമുള്ളത്, എളുപ്പമുള്ളത്, എഴുതിപ്പഠിപ്പിക്കേണ്ടത്, വായിക്കേണ്ടത്, നോട്ടുകള്‍ തയാറാക്കേണ്ടത് എന്നിങ്ങനെ തരം തിരിക്കാം. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നീക്കി വയ്ക്കാം. എളുപ്പമുള്ളതിന് കുറച്ചു സമയവും. ചെറിയ കുട്ടികൾക്ക് ഒറ്റയടിക്ക് ഒരു വിഷയം പഠിക്കാനാവില്ല. പതിനഞ്ചു മിനിറ്റേ അവർക്ക് ഒരിടത്ത് അടങ്ങിയിരിക്കാനാവൂ. അൽപം കൂടി മുതിര്‍ന്ന കുട്ടികൾക്ക് മുപ്പതു-നാൽപ്പത്തഞ്ചു മിനിറ്റ് ഒരേ വിഷയം പഠിക്കാൻ കഴിയും. പരീക്ഷാക്കാലത്ത് വേണമെങ്കിൽ ഇത് ഒരു മണിക്കൂറോ കൂടിയാൽ ഒന്നര മണിക്കൂറോ ആക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ എപ്പോഴും കുട്ടിക്കതിന് കഴിഞ്ഞെന്നും വരില്ല, എന്തായാലും ഒരു മണിക്കൂറിനുശേഷം മടുപ്പ് തോന്നിയാൽ ഇടയ്ക്ക് 10 മിനിറ്റ് റിലാക്സ് ചെയ്യാന്‍ സമയം കൊടുക്കാം.
ഈ പത്ത് മിനിറ്റിൽ അവരെന്തു ചെയ്യുന്നു എന്നതിലും കാര്യമുണ്ട്. പഠനത്തേക്കാൾ ലഘുവായ കാര്യങ്ങളാകണം ഇത്തരം ഇടവേളകളിൽ കുട്ടി ചെയ്യേണ്ടത്. പഠനത്തേക്കാൾ പ്രാധാന്യമുള്ളതാവരുത് റിലാക്സേഷൻ മെത്തേഡുകൾ. പഠനവും റിലാക്സേഷനും ബാലൻസ് ചെയ്തു പോകുന്നതാവണം. അല്ലെങ്കിൽ പഠിച്ചത് മറക്കാൻ ഇത് കാരണമാകാം.
കളിക്കായി അല്പ നേരം
ഔട്ടഡോർ, ഇൻഡോർ ഗെയിമുകൾ കുട്ടികളുടെ വ്യക്തിവികാസത്തിലും സാമൂഹ്യ ഇടപെടലുകളിലും വളരെയേറെ സഹായിക്കുകയും മാറ്റം വരുത്തുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. കളികളിലൂടെ കിട്ടുന്ന വികാസം പഠനത്തിലൂടെ ഒരിക്കലും നേടാനാവില്ലെന്നും കളികൾ കുട്ടിയെ ഒട്ടേറെ കാര്യങ്ങളിൽ സഹായിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനം ഒരിക്കലും കളികൾക്കു പകരമാവില്ല എന്നോർക്കണം. ഓരോ വിഷയത്തിനും ഓരോ ടീച്ചറുടെ അടുത്ത് ട്യൂഷനു പോകുന്നവരാണ് ഇന്നത്തെ കുട്ടികൾ. അതുകൊണ്ട് ഈ അഭിപ്രായം എത്രത്തോളം പ്രായോഗികമാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. പല അച്ഛനമ്മമാരും മക്കൾ മറ്റുള്ള കുട്ടികൾക്കൊപ്പം കളിക്കുന്നത് വിലക്കാറുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെക്കേഷനാകുമ്പോൾ പലതരം ക്ലാസുകളിൽ ചേര്‍ത്ത് അവരെ മുഴുവൻ സമയവും എൻഗേജ്ഡ് ആക്കാറുണ്ട് പല രക്ഷിതാക്കളും. മുഴുവൻ സമയ പഠനം ഒരിക്കലും ഗുണം ചെയ്യില്ലെന്നും ഓര്‍ക്കുക.
ടിവിയും മൊബൈലുമൊക്കെ കുട്ടികൾ അമിതമായി ഉപയോഗിക്കുന്നത് ഏറെ ദോഷകരമാണെന്ന് അറിയുന്ന അച്ഛനമ്മമാര്‍ പോലും ഇക്കാര്യങ്ങളിൽ നിയന്ത്രണം വയ്ക്കാറില്ല. ഇന്റർനെറ്റ് അടക്കമുള്ള ഇത്തരം സൗകര്യങ്ങളെല്ലാം അമിതമായാൽ കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. കുറച്ചു നേരം മാത്രം ടിവി കാണുന്നതോ വിവരങ്ങളറിയാൻ ഇന്റർനെറ്റിൽ പരതുന്നതോ വലിയ തെറ്റല്ല. കുട്ടിക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒന്നോ രണ്ടോ പരിപാടി കാണാന്‍ അനുവദിക്കാം. പക്ഷേ, പാഠഭാഗങ്ങൾ പഠിച്ചശേഷമേ അനുവദിക്കൂ എന്നൊരു നിബന്ധന വയ്ക്കണം. കുട്ടിക്ക് പറ്റാത്ത ചുമട് എടുപ്പിക്കാത്ത രീതിയിലാവണം നിബന്ധന. ഇരുപത്തിനാലു മണിക്കൂറും പഠനത്തിന് മാത്രമായി നീക്കി വയ്ക്കാനാവില്ലല്ലോ. അതുകൊണ്ട് ടൈംടേബിളിൽ വിശ്രമത്തിനും മറ്റ് വിനോദങ്ങൾക്കും അത്ര നിസ്സാരമല്ലാത്ത സ്ഥാനവും മുന്‍ഗണനയും നല്‍കണം. അതുകഴിഞ്ഞുള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
ടൈംടേബിള്‍ തയ്യാറാക്കും മുമ്പ് അച്ഛനും അമ്മയും മക്കളുടെ കഴിവുകളെയും കുറവുകളെയും ശരിക്ക് മനസ്സിലാക്കിയിരിക്കണം. അവരോട് ചര്‍ച്ച ചെയ്ത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി മനസ്സിലാക്കുകയും വേണം. ചെയ്യാനാവാത്ത കാര്യങ്ങൾക്ക് കുട്ടിയെ നിർബന്ധിക്കുന്നത് കുട്ടിക്ക് ഒന്നിലും താല്‍പര്യമില്ലാതാക്കും.
കുട്ടിയുടെ ഇഷ്ടം പ്രധാനം
പല വീട്ടിലും ഒട്ടും പ്രായോഗികമല്ലാത്ത ടൈംടേബിളുകളാണ് ഇന്ന് കുട്ടികളെ വലയ്ക്കുന്നത്. രാവിലെ നാല് മണിക്ക് എഴുന്നേൽക്കണമെന്നോ നേരത്തേ ഉറങ്ങണമെന്നോ നിർബന്ധിക്കരുത്. വൈകിയുണർന്ന് വൈകിയുറങ്ങുന്നതാണ് കുട്ടിക്ക് സൗകര്യവും ഇഷ്ടവുമെങ്കിൽ കുട്ടിയെ അതിനനുവദിക്കുക. അതിനനുസരിച്ച് ടൈംടേബിള്‍ ക്രമീകരിച്ചാൽ മതി.
ടൈംടേബിള്‍ തയാറാക്കിക്കൊടുത്താൽ എല്ലാ ഉത്തരവാദിത്തവും തീർന്നു എന്നു കരുതിയെങ്കിൽ തെറ്റി. കുട്ടി ടൈംടേബിള്‍ അനുസരിച്ച് പഠിക്കുന്നുണ്ടോ എന്നുറപ്പാക്കേണ്ടതും അച്ഛനമ്മമാരുടെ ചുമതലയാണ്. പഠനത്തിൽ പരാജയങ്ങള്‍ ഉണ്ടാകുന്നു എന്ന് തോന്നിയാൽ കുട്ടി ടൈംടേബിള്‍ ശരിയായി പിന്തുടരുന്നില്ല എന്നു മനസ്സിലാക്കി ഏറെ ശ്രദ്ധിക്കണം. ഉദ്ദേശിച്ച ഗുണങ്ങൾ ടൈംടേബിള്‍ തരുന്നുണ്ടോ എന്ന് പരിശോധിക്കണം. കുട്ടി ടൈംടേബിള്‍ അനുസരിച്ച് ചിട്ടയായി കാര്യങ്ങള്‍ ചെയ്യുന്നുവെങ്കിൽ പ്രോത്സാഹിപ്പിക്കാന്‍ മടിക്കേണ്ട. ചെറിയ സമ്മാനങ്ങൾ നൽകുക കൂടി ചെയ്താൽ പിന്നെ ൈടംടേബിൾ പിന്തുടരാൻ അവർ മടിക്കില്ല.
വിവരങ്ങള്‍ക്കു കടപ്പാട് : റസീന വിശ്വംഭരൻ, പ്രഫസര്‍ ആൻഡ് ഡയറക്ടർ, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്, എംജി യൂണിവേഴ്സിറ്റി, കോട്ടയം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.