ദീപിക ഒറ്റയ്ക്കാണോ, അതോ പ്രണയത്തിലാണോ? മറുപടിയുമായി താരം

ജൗഹര്‍: പത്മാവത് സിനിമയുടെ അവസാനരംഗം. കൂട്ട സതി. ആത്മാഭിമാനത്തെ ശത്രുവിനു മുന്നില്‍ പണയം വയ്ക്കില്ലെന്ന് ഉറപ്പിക്കുന്ന രജപുത്രറാണി അഗ്നികുണ്ഡത്തിലേക്ക് എടുത്തുചാടി തന്റെയും കൂടെയുള്ളവരുടെയും ഒരു വംശത്തിന്റെയും രാജ്യത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ നടത്തുന്ന അവസാനശ്രമം. പ്രിയപ്പെട്ടവര്‍ യുദ്ധഭൂമിയില്‍ മണ്ണോടു ചേര്‍ന്നുകഴിഞ്ഞു. ഇനിയുള്ള നിമിഷങ്ങളില്‍ എന്തും സംഭവിക്കാം. കൊട്ടാരത്തിന്റെ കവാടങ്ങള്‍ തുറക്കെപ്പെടാം. ശത്രുസൈന്യം ഇരച്ചുകയറാം. ഇന്നോളം കാത്തുസൂക്ഷിച്ച ചാരിത്ര്യവും അഭിമാനവും അവര്‍ക്കുമുന്നില്‍ പണയം വച്ചു ജീവിതം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങള്‍ക്കുവേണ്ടി ഒരുങ്ങാന്‍ അവര്‍ തയ്യാറല്ല. മരണമെങ്കില്‍ മരണം. അഭിമാനമാണു വലുത്. രജപുത്രറാണിയും കൊട്ടാരത്തിലെ സ്ത്രീകളും അഗ്നിപ്രവേശം നടത്തുമ്പോള്‍ ബോളിവുഡില്‍ അസാധാരണ തിളക്കത്തോടെ ഉദിച്ചുയരുകയാണ് ഒരു താരം: ദീപിക പദുക്കോണ്‍ എന്ന നായിക.

വിവാദം കത്തിജ്വലിക്കുകയായിരുന്നു പത്മാവത് സിനിമയുടെ തുടക്കം മുതല്‍. ചിത്രീകരണ സ്ഥലത്തുപോലും സംഘര്‍ഷം. സംവിധായകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. നായിക ദീപിക പദുക്കോണിന്റെ മൂക്ക് ചെത്താനും ആഹ്വാനങ്ങളുണ്ടായി. രാഷ്ട്രീയപാര്‍ട്ടികളും സംസ്ഥാനങ്ങളും ചേരിതിരിഞ്ഞു. ഒടുവില്‍ സുപ്രീം കോടതിയുടെ അനുമതിയോടെ രാജ്യമെങ്ങുമുള്ള തിയറ്ററുകളില്‍ പത്മാവത് പേരു മാറ്റി എത്തി. ചിത്രം വിജയത്തിലേക്കു കുതിക്കുമ്പോള്‍ വിവാദങ്ങള്‍ക്കു നടുവിലാണ് ഇപ്പോഴും ദീപിക. 

വിവാദത്തിന്റെ സമയത്ത്  ദീപികയെ ബോളിവുഡ് പിന്തുണച്ചില്ലെന്ന ആരോപണം വ്യാപകമാണ്. ആരോപണത്തെക്കുറിച്ചും ദീപികയുടെ പ്രണയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നടിയോടു നേരിട്ടു തന്നെ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടികള്‍: 

വിവാദങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. രാഷ്ട്രീയ പാര്‍ടികളുടെ അവകാശവാദങ്ങളും ശ്രദ്ധിക്കുന്നില്ല. പത്മാവത് വലിയ വിജയമായി. അതെക്കുറിച്ചു ചിന്തിക്കട്ടെ രാജ്യം. പത്മാവത് സിനിമയെന്ന അധ്യായം കഴിഞ്ഞു. പുതിയ പ്രോജക്ടിനെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്റെ അടുത്ത സിനിമയെക്കുറിച്ച്. 

ദീപികയുടെ റിലേഷന്‍ഷിപ് സ്റ്റാറ്റസ് ഇപ്പോള്‍ എന്താണ്? ഒറ്റയ്ക്കാണോ? പ്രണയത്തിലാണോ? അതോ സങ്കീര്‍ണമാണോ കാര്യങ്ങള്‍? 

എന്റെ ബന്ധം എന്താണോ അതങ്ങനെതന്നെ നില്‍ക്കുന്നു എന്നതാണു സത്യം. അതില്‍ വലിയ വാര്‍ത്തകളൊന്നുമില്ല. എന്റെ അഭിപ്രായത്തില്‍ എന്റെ പ്രണയത്തെക്കുറിച്ചുള്ള ജനങ്ങളുടെ വ്യാപക ചിന്തകള്‍ അപ്രസക്തമാണെന്നാണ്. ആ വാര്‍ത്തയ്ക്ക് എന്താണിത്ര പ്രാധാന്യം. 

ഒറ്റയ്ക്കായിരിക്കാം. പ്രണയത്തിലായിരിക്കാം. എന്തുമാകട്ടെ. അതങ്ങനെതന്നെ പോകട്ടെ. മങ്ങാത്ത ചിരിയോടെ, തന്ത്രപരമായി ദീപിക ഒഴി‍ഞ്ഞുമാറുകയാണു ചോദ്യങ്ങളില്‍നിന്ന്. സംശയങ്ങള്‍ തുടരുന്നു; ഊഹാപോഹങ്ങളും.