ഗുകേഷിനു സമനില; പ്രഗ്ഗയ്ക്കു തോൽവി
Mail This Article
ടൊറന്റോ (കാനഡ)∙ കാൻഡിഡേറ്റ്സ് ചെസിൽ ഇന്ത്യയ്ക്കു മോശം ദിനം. ഡി. ഗുകേഷ് ലോക രണ്ടാം നമ്പർ ഫാബിയാനോ കരുവാനയെ സമനിലയിൽ തളച്ചെങ്കിലും വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മറ്റു രണ്ടു താരങ്ങൾ തോൽവി വഴങ്ങി. രണ്ടാം സ്ഥാനത്തുനിന്നിരുന്ന ആർ. പ്രഗ്നാനന്ദ, ഹികാരു നകാമുറയോടു തോറ്റു. ഏറെ വിജയസാധ്യതകളുണ്ടായിരുന്ന കളിയിൽ വിദിത് ഗുജറാത്തി യാൻ നീപോംനീഷിയോടു തോൽവി വഴങ്ങി. ഇതോടെ ഏഴുപോയിന്റുമായി നീപോംനീഷി ഒന്നാം സ്ഥാനത്ത് തുടരുന്നു. 6.5 പോയിന്റുമായി ഡി.ഗുകേഷ്, ഹികാരു നകാമുറ എന്നിവർ രണ്ടാമതും 6 പോയിന്റുമായി ഫാബിയാനോ കരുവാന നാലാംസ്ഥാനത്തുമാണ്. തോൽവി വഴങ്ങിയെങ്കിലും 5.5 പോയിന്റുമായി പ്രഗ്നാനന്ദ നേരിയ സാധ്യത നിലനിർത്തി. ഇനി 3 റൗണ്ട് മാത്രം ബാക്കി.
വനിതാവിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ഭാഗ്യദിനമായിരുന്നു. കൊനേരു ഹംപി(5.5) നൂർഗിൽ സലിമോവയെ കീഴടക്കി. കാൻഡിഡേറ്റ്സ് വിജയ സാധ്യതകളുണ്ടായിരുന്ന അലക്സാണ്ട്ര ഗോരിയാച്കിനയെ വൈശാലി രമേഷ്ബാബു (4.5) അട്ടിമറിച്ചു. 7.5 പോയിന്റുമായി ടാൻ സോങ്യി തന്നെയാണ് മുന്നിൽ.