ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജനതാദൾ(എസ്) എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ സ്ത്രീകൾ മടിച്ചു നിൽക്കുന്നത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) തിരിച്ചടിയാകുന്നു. വ്യാപകമായി പ്രചരിച്ച മൂവായിരത്തോളം അശ്ലീല വിഡിയോ ക്ലിപ്പുകളിൽ 200 സ്ത്രീകളെങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ 3 പേർ മാത്രമാണ് ഇതുവരെ പരാതി നൽകാൻ തയാറായത്. കൃത്യമായ തെളിവുകൾ ശേഖരിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമങ്ങളെ ഇതു പിന്നോട്ടടിക്കുന്നു.

ദൃശ്യങ്ങളിൽ ഉൾ‌പ്പെട്ട ഹാസനിലെ സ്ത്രീകളിൽ ചിലരെ കാണാനില്ലെന്ന പരാതിയും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പലരും വീടുകൾ പൂട്ടി കുടുംബമായി നാടുവിട്ടു. പ്രജ്വൽ പീഡിപ്പിച്ച മുൻ വീട്ടുജോലിക്കാരിയെ പിതാവും ദൾ എംഎൽഎയുമായ രേവണ്ണ തട്ടികൊണ്ടു പോയതിനു പിന്നാലെയാണ് ഇവരെ കാണാതായത്. തട്ടികൊണ്ടുപോയ വീട്ടമ്മയെ രേവണ്ണയുടെ അടുത്ത അനുയായി ചന്ദ്രശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നും എസ്ഐടി മോചിപ്പിച്ചിരുന്നു. ഫാംഹൗസിൽ പൂട്ടിയിട്ടിരുന്ന ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചന്ദ്രശേഖർ ഒളിവിലും.

സ്ത്രീകൾക്കു പരാതി അറിയിക്കാൻ എസ്ഐടി ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ പേർ ഹെൽപ്‌ലൈനുമായി ബന്ധപ്പെട്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ പലരും മടിക്കുകയാണ്. ഗൗഡ കുടുംബത്തിന്റെ ഹാസനിലെ സ്വാധീനമാണ് ഇതിനു കാരണമെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഇരയായ സ്ത്രീകൾക്കു എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും ധനസഹായം ലഭ്യമാക്കുമെന്നും സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ചു.

∙ എന്നെത്തും പ്രജ്വൽ

അശ്ലീല വിഡിയോ ക്ലിപ്പുകൾ പ്രചരിച്ചതിനു പിന്നാലെ ജർമനിയിലേക്കു കടന്ന പ്രജ്വൽ തിരിച്ചെത്തുന്നതു സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. പ്രജ്വൽ ദുബായിലേക്കു കടന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എസ്ഐടിയുടെ അഭ്യർഥനപ്രകാരം രാജ്യാന്തര കുറ്റാന്വേഷ ഏജൻസികളുടെ കൂട്ടായ്മയായ ഇന്റർപോൾ പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. പ്രജ്വലിനെ കണ്ടെത്തി വിവരം അറിയിക്കാൻ 190 അംഗരാജ്യങ്ങളിലെയും കുറ്റാന്വേഷണ വിഭാഗങ്ങളോട് ഇന്റർപോൾ നിർദേശിച്ചിട്ടുണ്ട്.

എച്ച്.ഡി. രേവണ്ണയും പ്രജ്വലും (File Photos: IANS)
എച്ച്.ഡി. രേവണ്ണയും പ്രജ്വലും (File Photos: IANS)

കർണാടകയിൽ 28 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് അവസാനിച്ചതിനാൽ ഉടൻ തന്നെ പ്രജ്വൽ തിരികെയെത്തുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഇതിനു തയാറാകാത്ത പക്ഷം പ്രജ്വലിനെ തിരികെയെത്തിച്ച് അറസ്റ്റ് ചെയ്യാൻ വിദേശത്തേക്കു പോകുന്നതിനുള്ള തയാറെടുപ്പുകളും കർണാടക പൊലീസ് ആരംഭിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദൾ നേതാവുമായ 44 വയസ്സുകാരിയെ പ്രജ്വൽ പീഡിപ്പിച്ച ഹാസനിലെ വീടു പൊലീസ് മുദ്രവച്ചിട്ടുണ്ട്. മുത്തശ്ശനായ ദേവെഗൗഡയ്ക്കു മുൻ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അനുവദിച്ച ഔദ്യോഗിക വസതിയാണിത്.

∙ രാഷ്ട്രീയ പ്രതിരോധത്തിന് ദൾ

വിവാദങ്ങളിൽ കടുത്ത പ്രതിസന്ധിയിലായ ജനതാദൾ (എസ്), അശ്ലീല വിഡിയോകൾ പ്രചരിച്ചതിനു പിന്നിൽ പിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണെന്ന ആരോപണം ഉയർത്തി പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. വി‍ഡിയോകൾ 25,000 പെൻ‌ഡ്രൈവുകളിലാക്കി ഹാസനിലെ പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും വിതരണം ചെയ്തതിനു പിന്നിൽ ശിവകുമാറാണെന്നാണ് ദൾ സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചത്. ദൃശ്യങ്ങൾ ചോർത്തിയതായി സംശയിക്കുന്ന ഹാസനിലെ ബിജെപി നേതാവ് ദേവെരാജ ഗൗഡ ശിവകുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

ഒപ്പം എസ്ഐടിയെ ‘സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീം’ എന്നു വിശേഷിപ്പിച്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ദൾ നേതൃത്വം. സിബിഐ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. സഖ്യകക്ഷിയായ ദളിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാൻ ബിജെപി ഇതുവരെയും തയാറായിട്ടില്ല. 260 ലോക്സഭാ സീറ്റുകളിൽ വോട്ടെടുപ്പ് അവശേഷിക്കുന്നതിനാൽ ദേശീയ തലത്തിലെ പ്രത്യാഘാതം കൂടി കണക്കിലെടുത്ത് കരുതലോടെയാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

പ്രജ്വൽ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അയോഗ്യനാക്കാൻ ആവശ്യപ്പെടുമെന്നും ഇതിന്റെ നിയമസാധുത പരിഗണിക്കുമെന്നും ബിജെപി നിയമസഭാകക്ഷി നേതാവ് ആർ. അശോക പറഞ്ഞതും ഇതിനോടു ചേർത്തു വായിക്കാം. ദളുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പിനു ശേഷം ദേശീയ നേതൃത്വം അന്തിമ നിലപാടെടുക്കുമെന്ന അശോകയുടെ വാക്കുകൾ കർണാടക രാഷ്ട്രീയത്തിലെ മറ്റൊരു ഗതിമാറ്റത്തിന്റെ സൂചനയാണ്.

English Summary:

Hassan sex scandal: Helpline for filing complaints for Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com