ADVERTISEMENT

കുംഭ ശനി മേട വ്യാഴം കൊല്ലവർഷം 1199-മാണ്ട് മീന മാസം 31 ന് (2024 ഏപ്രിൽ മാസം 13ന്) ശനിയാഴ്ച IST. രാത്രി 9.04 PM ( ഉദയാൽ പരം 36 നാഴിക 57 വിനാഴിക) മകയിരം നക്ഷത്രവും മിഥുനക്കൂറും ശുക്ല പക്ഷ ഷഷ്ടി തിഥിയും വരാഹകരണവും ശോഭന നാമനിത്യയോഗവും കൂടിയ സമയത്ത് വൃശ്ചിക രാശി ഉദയം ഭൂമി ഭൂതോദയം കൊണ്ട് മേട വിഷു സംക്രമം.

സംക്രമ സമയത്തെ ഭാഗ്യതാരക സ്ഥിതി തിരുവോണം നക്ഷത്രത്തിലാണ്. ഇതിനെ അടിസ്ഥാനമാക്കി ഗണിച്ച 27 നക്ഷത്രങ്ങളുടെയും സാമാന്യ ഫലമാണ് ഇവിടെ ചേർക്കുന്നത്. പൊതുവെയുള്ള ഫലങ്ങൾ അനുഭവത്തിൽ വരുന്നതാണ്. എങ്കിലും ഓരോ വ്യക്തികളും ജനിച്ച സമയത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തി ജാതകം, ദശാപഹാരങ്ങൾ, വർഷ ജാതകം, രാഷ്ട്രജാതകം ഇവയനുസരിച്ച് ഗുണദോഷഫലങ്ങളുടെ തീവ്രതയിൽ ഏറ്റക്കുറച്ചിൽ അനുഭവത്തിൽ വരാവുന്നതാണ്. ഓരോനാളുകാരും അനുഷ്ഷ്ഠിക്കേണ്ട പരിഹാരങ്ങളും ഒപ്പം ചേർക്കുന്നു. അത്തം മുതൽ രേവതി വരെയുള്ള നക്ഷത്രഫലം

അത്തം : ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങൾക്കു മുതിരരുത്. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ, യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായ വിഷമതകളുണ്ടാവും.  സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.

ദോഷ പരിഹാരത്തിനായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

ചിത്തിര : കാലാവസ്ഥാജന്യ രോഗങ്ങൾ പിടിപെടും. ധനപരമായി അനുകൂല സമയമല്ല. കർമ രംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗള കർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം, പരീക്ഷാ വിജയം, ഇടയ്ക്കിടെ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.

ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

ചോതി : ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. എല്ലുകൾക്കും പല്ലുകൾക്കും രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗാമന്ത്ര പുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

വിശാഖം : പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും.

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക

അനിഴം : സന്താനങ്ങൾക്കായി പണച്ചെലവ്. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾ നടത്തും. തൊഴിൽ സംബന്ധമായുള്ള യാത്രകളും വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത.

ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക.

തൃക്കേട്ട : ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം. പഠനത്തിലും ജോലിയിലും അലസത വെടിയും. മംഗള കർമങ്ങളിൽ സംബന്ധിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗസാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം ഉടലെടുക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം. ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.

മൂലം : പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന് സുഖം ലഭിക്കും. വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും.

ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താഭജനം നടത്തുക. ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക.

പൂരാടം : പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സ്ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ലഹരിവസ്തുക്കളില്‍ നിന്ന് മുക്തി നേടാവുന്ന കാലമാണ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും.

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്‌ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

ഉത്രാടം : മുടങ്ങിയപ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമി വില്‍പന വഴി സാമ്പത്തികലാഭം. തൊഴിൽപരമായ ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന കാലമാണ്. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്ക് ഉണ്ടായിരുന്ന രോഗബാധ ശമിക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അലോസരം സൃഷ്ടിക്കും. വ്യവഹാരങ്ങളിൽ വിജയം. കൃഷി ഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സുഹൃദ്സമാഗമം സന്തോഷം നൽകും. അവിചാരിത യാത്രകൾ വേണ്ടിവരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

തിരുവോണം : പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. സഹോദരസ്ഥാനീയർ മുഖേന കാര്യസാധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. വർഷത്തിന്റെ മധ്യം കഴിഞ്ഞു മനസ്സിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതുപ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

അവിട്ടം : സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക. കാലാവസ്ഥാജന്യരോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസികപ്രവർത്തനങ്ങൾ നടത്തും. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. തൊഴിൽപരമായ വിഷമതകൾ. വിവാഹ ആലോചകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂലകാലമാണ് അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം.

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

ചതയം : സ്വയം തൊഴിലിൽ ധനനഷ്ടം. ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. മാസമധ്യത്തിനു ശേഷം സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത ശമിക്കും. ദാമ്പത്യപരമായ പ്രശ്നങ്ങൾഒഴിവാകും. പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാധ്യത. മാസാവസാനത്തോടെ ഇന്റർവ്യൂ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. സന്താനങ്ങൾ മൂലം മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കും.

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക.

പൂരുരുട്ടാതി : സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില്‍ മികച്ചനേട്ടം. അനാവശ്യഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യ സാധ്യം. സുഹൃത്തുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും. കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. സ്വന്തം പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ അധികമായ താൽപര്യമേറും. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

ഉത്തൃട്ടാതി : കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹ മാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെകിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് കാര്യതീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാഞ്ജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക.

രേവതി : ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. അവിചാരിത ബന്ധുജന സമാഗമം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്‍മരംഗം പുഷ്ടിപ്പെടും. മംഗളകര്‍മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങുവാൻ അവസരം. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം.

ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

English Summary:

Vishu Prediction by Astrologer Sajeev Sastharam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com