ADVERTISEMENT

1199 മേട മാസം 18- 2024 മേയ് 01ന് വ്യാഴം മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറുകയാണ് അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു ഗുണദോഷഫലങ്ങൾ വിലയിരുത്തണം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): മേടക്കൂറുകാർക്ക് വ്യാഴം ജന്മത്തിൽ നിന്നും രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീഷിത ധനലാഭം ഉണ്ടാവും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും. വിദേശ യാത്രയ്ക്കുള്ള കാര്യങ്ങൾ പുരോഗമിക്കും. വിവാഹാന്വേഷകർക്ക് ഗുണാനുഭവ കാലമാണ്. പുതിയ ഗൃഹമോ വാഹനമോ വാങ്ങാനിടയുണ്ട്. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം, കർമഗുണം, സന്താനഗുണം, പ്രണയം ഇവയൊക്കെ അനുഭവഭേദ്യമാവും.

ഇടവക്കൂറ്(കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഇടവക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടാംഭാവത്തിൽ നിന്നും ജന്മത്തിലേക്ക് മാറുകയാണ്. തടസ്സങ്ങളെ ഈശ്വരപ്രാർഥന കൊണ്ട് മാറ്റിയെടുക്കാം. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. ക്ഷമയോടെ പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുക. ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുക. വിദ്യാർഥികൾ അലസത വെടിഞ്ഞ് കഠിനാധ്വാനം ചെയ്യണം. ദിനചര്യാക്രമത്തിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. ധനം കൈകാര്യം ചെയ്യുമ്പോൾ പിഴവു വരാതെ നോക്കണം. പാഴ്ചെലവ് നിയന്ത്രിക്കണം.

മിഥുനക്കൂറ്(മകയിരം 1/2, തിരുവാതിര, പുണർതം 3/4): മിഥുനക്കൂറുകാർക്ക് വ്യാഴം പതിനൊന്നാംഭാവത്തിൽ നിന്നും പന്ത്രണ്ടാംഭാവത്തിലേക്ക് മാറുകയാണ്. മിതമായ വരുമാനം ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടും. കൂടുതൽ ആത്മവിശ്വാസവും കരുത്തും ആർജിക്കണം. പങ്കാളിയുമായുള്ള ബന്ധം ശക്തമാക്കുക. ദീർഘദൂര യാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. കേസ് വഴക്കുകൾ ഒത്തുതീർപ്പാക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എല്ലാവരോടും നല്ല രീതിയിൽ പെരുമാറി സ്നേഹാദരവ് നേടണം. സ്വയം നിയന്ത്രിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മന:സമാധാനം ഉണ്ടാവും. അപകടസാധ്യതയുള്ള പ്രവൃത്തികൾ പരമാധി ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. വാഹനം കൈകാര്യം ചെയ്യുമ്പോൾ നല്ല ജാഗ്രത വേണം. കണ്ണടച്ച് ആരെയും വിശ്വസിക്കരുത്.

കർക്കടകകൂറ് (പുണർതം 1/4, പൂയം, ആയില്യം): കർക്കടക കൂറുകാർക്ക് വ്യാഴം പത്താംഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. ദീർഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാവും. മികച്ച നിക്ഷേപങ്ങൾ നടത്തും ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. വിവാഹം നടക്കും. ഉദ്യോഗസ്ഥർക്ക് ഉദ്യോഗകയറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സമകലും. ഉദ്ദേശിച്ച വിഷയത്തിന് ഉപരി പഠനത്തിന് പ്രവേശനം ലഭിക്കും. ദീർഘവീക്ഷണത്തോടു കൂടിയ പദ്ധതികൾ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. ആഭരണ ലബ്ധി, അർഥ ലാഭം, ഭക്ഷണ ഭോഗസുഖം തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാവും.

ചിങ്ങക്കൂറ്(മകം. പൂരം, ഉത്രം 1/4): ചിങ്ങക്കൂറുകാർക്ക് വ്യാഴം ഒൻപതാം ഭാവത്തിൽ നിന്നും പത്താം ഭാവത്തിലേക്ക് മാറുകയാണ്. കഠിന്വാധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ശ്രമിക്കണം. കർമസ്ഥാനത്ത് ക്ലേശാനുഭവം വരാനുള്ള സാഹചര്യം വന്നു ചേരും. ജീവിത മുന്നേറ്റത്തിന് ഒരു പരിധി വരെ മറ്റുള്ളവരുടെ പ്രേരണയും പ്രോത്സാഹനവും ആവശ്യമാണ്. അർപണ മനോഭാവം, നിഷ്കർഷ, ലക്ഷ്യബോധം, ജിജ്ഞാസ തുടങ്ങിയവ പ്രവർത്തന ക്ഷമതയ്ക്കും പദ്ധതി പൂർത്തീകരണത്തിനും വഴിയൊരുക്കും. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിലും ധനക്രയവിക്രയങ്ങളിലും നല്ല ശ്രദ്ധ വേണം. ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം അപകീർത്തിക്ക് ഇടവരുത്തുമെന്നതിനാൽ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): കന്നിക്കൂറുകാർക്ക് വ്യാഴം എട്ടാം ഭാവത്തിൽ നിന്നും ഒൻപതാംഭാവത്തിലേക്ക് മാറുകയാണ്. ആത്മവിശ്വാസവും പുതിയ അവസരവും ഒത്തുചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. ഉപരിപഠനം പൂർത്തികരിച്ച് വിദേശത്ത് ഉദ്യോഗം ലഭിക്കും. സൽകർമങ്ങളിലൂടെ എല്ലാവരുടെയും അംഗീകാരം നേടും. പല തരത്തിൽ ധനവരവ് പ്രതീക്ഷിക്കാം. വിവാഹ സാധ്യത വർധിക്കും. സൽസന്താന ഭാഗ്യവും ഉണ്ടാവും .പൊതു പ്രവർത്തനരംഗത്ത് ശോഭിക്കും. വസ്തു തർക്കം പരിഹരിച്ച് അർഹമായ പൂർവിക സ്വത്ത് ലഭിക്കും. വീട്, വാഹനം ഇവ വാങ്ങാൻ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): തുലാക്കൂറുകാർക്ക് വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുകയാണ്. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ലോൺ, കട ബാധ്യത, ജാമ്യം ഇവയിൽ ചെന്നു ചാടരുത്. ആലോചിക്കാതെ ചെയ്തു പോയ ചില കാര്യങ്ങളുടെ ഫലമായി അനർഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകാം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും സൗമ്യമായി പെരുമാറുക. സുഗമമാകുമെന്നു കരുതുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടിവരും. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെങ്കിലും ബന്ധു - സുഹൃത് സഹായം ലഭിക്കും. വീഴ്ച, മുറിവ്, ചതവ് ഇവ വരാതെ നോക്കണം. പുതിയ സൗഹൃദങ്ങളിൽ നിരീക്ഷണം വേണം. പൊതു പ്രവർത്തകർ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാർക്ക് വ്യാഴം ആറാം ഭാവത്തിൽ നിന്നും ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. ഭാഗ്യാനുഭവങ്ങൾ വർധിക്കും. ദാമ്പത്യ സുഖം, സ്ഥാനലാഭം, ഗൃഹ സുഖം എന്നിവ അനുഭവത്തിൽ വരും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. ഭൂമി, വീട് തുങ്ങിയവ വാങ്ങാൻ ആലോചിക്കും. അകന്നു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. പ്രണയത്തിൽ ഏർപ്പെട്ടു കഴിയുന്ന യുവതീയുവാക്കൾക്ക് പ്രണയ സാഫല്യം കൈവരും. ബിസിനസ് മെച്ചപ്പെടും. മക്കളുടെ ഭാവിക്കായി നിക്ഷേപം നടത്തും. നറുക്കെടുപ്പ് സമ്മാന പദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. അകന്നിരുന്ന ബന്ധുക്കൾ അടുത്ത് വരും. യാത്രകൾ ഗുണകരം. ദൈവാധീനം വർധിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ധനുക്കൂറുകാർക്ക് വ്യാഴം അഞ്ചാം ഭാവത്തിൽ നിന്നും ആറാം ഭാവത്തിലേക്ക് മാറുകയാണ്. ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ ഗുണം ചെയ്യും. പൂർണതയില്ലാത്ത പദ്ധതികളിൽ പരാജയമുണ്ടാകും. അശ്രദ്ധ കൊണ്ട് അബദ്ധങ്ങൾ വന്നു ചേരും. വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ഗൃഹത്തിൽ ഭാര്യാഭർത്താക്കൻമാർക്കിടയിൽ അസന്തുഷ്ടി ഉണ്ടാകുമെങ്കിലും ഈശ്വര പ്രാർഥനയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും കുടുംബ ജീവിതം സമാധാനപരമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൂടുതൽ പണം ആവശ്യമായി വന്നേക്കാം. ശരീരത്തിൽ മുറിവുകൾ ഉണ്ടാവാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. നേത്ര സംബന്ധമായ അസുഖം, വാത സംബന്ധമായ അസുഖം ഇവ അവഗണിക്കരുത്. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):മകരക്കൂറുകാർക്ക് വ്യാഴം നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്. കഷ്ടതകൾ മാറി നന്മകൾ വർധിക്കും. സ്വപ്ന സാക്ഷാത്കാരത്താൽ ആത്മ നിർവൃതിയുണ്ടാകും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കും. കലാകായിക മത്സരങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കും. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. സൽസന്താനഭാഗ്യം, മക്കളുടെ വിവാഹം എന്നീ കാര്യങ്ങളും വഴിയെ നടക്കും. മക്കളോടൊപ്പം പുണ്യതീർഥയാത്രകൾക്ക് യോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കും. വിശ്വസ്ത സേവനത്തിന് ജനാംഗീകാരവും പ്രശസ്തി പത്രവും ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി 3/4): കുംഭക്കൂറുകാർക്ക് വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാണ്. അശ്രദ്ധ പാടില്ല. മറ്റുള്ളവരോട് മനസ്സിലുള്ള എല്ലാ കാര്യങ്ങളും പറയരുത്. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. തൊഴിൽപരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രമിക്കുക. യാത്രകൾ കുറയ്ക്കുക. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. അന്ധമായ വിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ദൈവിക കാര്യങ്ങൾ ഏറ്റെടുത്തു നടത്തുകയാൽ മന:സ്വസ്ഥത കണ്ടു തുടങ്ങും. മറ്റുള്ളവരോട് ചെറിയ കാര്യത്തിനു പോലും ദേഷ്യപ്പെടുന്ന മനോഭാവം മാറ്റിയെടുക്കാൻ ശ്രമിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് വ്യാഴം രണ്ടാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. അനാവശ്യ വാക്കു തർക്കങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക. കർമരംഗത്തെ സ്ഥാന ചലനവും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഇഷ്ടക്കേടും ബുദ്ധിപൂർവം തരണം ചെയ്യുക. ക്രമേണ കാര്യങ്ങൾ നല്ല രീതിയിലാവും. ത്വക് രോഗം, അലർജി, ആസ്മ ഇവകൾ ബുദ്ധിമുട്ടിച്ചേക്കാം. പല കാര്യങ്ങളും ആലോചിച്ച് മന:സംഘർഷം വരുത്താതെ മന:സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ മുഴുകുക. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദ് ബന്ധത്തിലേർപ്പെടുന്നത് പുതിയ കർമ പദ്ധതികൾക്ക് ഉപകരിക്കും.

ലേഖിക
ജ്യോതിഷി പ്രഭാസീന. സി പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി - 670741
കണ്ണൂർ ജില്ല
ഫോൺ : 9961442256
Email ID: Prabhaseenacp@gmail.com

English Summary:

Jupiter Transit Prediction 2024 by Jyothishi Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com