ADVERTISEMENT

ആലപ്പുഴ∙ പൂങ്കാവിൽ സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ പ്രതി അവരുടെ സ്വർണാഭരണം കവർന്നു. മൃതദേഹം മണ്ണിട്ടു മൂടിയ സ്ഥലത്തു നിന്ന് അൽപം മാറി ഏഴു പവനോളം സ്വർണം ഇയാൾ കുഴിച്ചിട്ടതു പൊലീസ് കണ്ടെടുത്തു. സഹോദരിയുടെ മോതിരം പണയം വച്ചെന്നും പൊലീസിനോടു സമ്മതിച്ചു.  പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ വി.വി.റോസമ്മയെ(61) കൊലപ്പെടുത്തിയ കേസിൽ മൂത്ത സഹോദരൻ ബെന്നിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റോസമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ താൻ എടുത്തതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇന്നലെ തെളിവെടുപ്പിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്. മേയ് ഒന്നിന് പുനർവിവാഹം നിശ്ചയിച്ചിരുന്ന റോസമ്മ ഇതിനായി വാങ്ങിയ താലിമാല ഉൾപ്പെടെ ഇതിലുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, മൃതദേഹം കുഴിച്ചു മൂടാൻ ഉപയോഗിച്ച തൂമ്പ എന്നിവയും പൊലീസ് ബെന്നിയുടെ വീട്ടിൽ നിന്നു കണ്ടെത്തി.  റോസമ്മയുടെ പുനർവിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കൊലപാതകമെന്നാണു ബെന്നിയുടെ മൊഴി.

തന്റെ മരിച്ചു പോയ ഭാര്യയെപ്പറ്റി അപവാദം പറഞ്ഞതും പ്രകോപിപ്പിച്ചെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ സ്വർണം കൈക്കലാക്കണമെന്ന ഉദ്ദേശ്യവും കൊലയ്ക്കു പിന്നിലുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. ആഭരണങ്ങൾ കവർന്നതും സംഭവം നടന്ന്  2 ദിവസത്തിനകം മോതിരം പണയം വച്ചതുമാണു സംശയത്തിനിടയാക്കിയത്. സ്വർണം പണയം വയ്ക്കാൻ നൽകാത്തതിന്റെ പേരിൽ സഹോദരിയുമായി ഇടയ്ക്കു തർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇന്നലെ കോടതി റിമാൻഡ് ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും വിശദമായി ചോദ്യം ചെയ്യും.

മരണകാരണം തലയ്ക്കേറ്റ അടി
ചുറ്റിക  കൊണ്ട് തലയ്ക്കേറ്റ അടിയാണ് റോസമ്മയുടെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. വിശദമായ റിപ്പോർട്ട് പൊലീസിനു ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്നെടുക്കും. ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്ഐ സെബാസ്റ്റ്യൻ പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

റോസമ്മയുടെ സംസ്കാരം നടത്തി;  പന്തലിലൂടെ പൊട്ടിക്കരഞ്ഞ് പ്രതി 
കൊല്ലപ്പെട്ട റോസമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പൂങ്കാവ് പള്ളിയിൽ സംസ്കരിച്ചു. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ബെന്നിയുടെ വീടിനു മുന്നിലൊരുക്കിയ പന്തലിലെ പൊതുദർശനത്തിന് ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. ഇതിന് അൽപം മുൻപാണ് പ്രതിയെ തെളിവെടുപ്പിന് ഇവിടെ കൊണ്ടുവന്നത്. മൃതദേഹം വയ്ക്കാൻ തയാറാക്കിയിരുന്ന പന്തലിലൂടെ പോയപ്പോൾ പ്രതി പൊട്ടിക്കരഞ്ഞു. 

English Summary:

Shocking Family Tragedy Unfolds in Alappuzha as Brother Murders Sister Over Gold Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com