ADVERTISEMENT

കോട്ടയം ∙ 20 ലോക്സഭാ മണ്ഡലങ്ങൾ.. അഞ്ഞൂറിനു മുകളിൽ പൊതുയോഗങ്ങൾ.. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറ്റവും അധികം യാത്ര ചെയ്തത് ചാണ്ടി ഉമ്മൻ എംഎൽഎയായിരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിവിധ സ്ഥലങ്ങളിലെ യോഗങ്ങൾക്കായി ആളുകൾ വിളിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ ഫ്രാൻസിസ് ജോർജിനു വേണ്ടി പദയാത്ര നടത്തി. തമിഴ്നാട്ടിലെ നാഗർകോവിലിലും പ്രചാരണത്തിനു പോയി.

പിതാവ് ഉമ്മൻ ചാണ്ടിയെപ്പോലെ ആൾക്കൂട്ടങ്ങൾക്കൊപ്പമാണു ചാണ്ടി ഉമ്മന്റെയും സഞ്ചാരം. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും സമയനിഷ്ഠ പാലിക്കാനായില്ല. കണ്ണൂരിൽ പര്യടനത്തിന് എത്തിയപ്പോൾ 3 മണിക്കൂറൊക്കെ വൈകി. പക്ഷേ ആളുകൾ പിരിഞ്ഞുപോകാതെ കാത്തുനിന്നു. ‘അപ്പയോടുള്ള സ്നേഹമാണ് നാടു തരുന്നത്. നമ്മുടെ കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാലും നമ്മുടെ ഓർമകളിൽ എന്നും ഉണ്ടാകുമല്ലോ. ഉമ്മൻ ചാണ്ടി കേരളത്തിലെ എല്ലാവരുടെയും കുടുംബാംഗമായിരുന്നു. അതിനാൽ അദ്ദേഹത്തെ എല്ലാവരും ഓർത്തുകൊണ്ടേയിരിക്കുന്നു’– ചാണ്ടി ഉമ്മൻ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പരുമലയിൽ നിന്ന് ഇടിഞ്ഞില്ലത്തേക്ക് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ.
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പരുമലയിൽ നിന്ന് ഇടിഞ്ഞില്ലത്തേക്ക് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ.

ഇടുക്കിയിൽ പ്രചാരണത്തിന് എത്തിയതു മറക്കാനാവില്ലെന്നും ചാണ്ടി. നട്ടുച്ചയ്ക്ക് പൊരിവെയിലിൽ അഞ്ഞൂറോളം പേർ കാത്തുനിന്നു. രാത്രി വൈകി അവസാനിച്ച കുടുംബയോഗങ്ങളിൽ പങ്കെടുത്തത് ആയിരക്കണക്കിനു പേർ. ഉടുമ്പൻചോല, പീരുമേട്  മണ്ഡലങ്ങൾ വഴിയായിരുന്നു പ്രചാരണം. വലിയ ആവേശമാണു സംസ്ഥാനത്ത് ആകെ കാണുന്നതെന്നു ചാണ്ടി ഉമ്മൻ പറയുന്നു.

കേരളത്തിലെ യാത്രകൾ ഒക്കെ കെഎൽ 01 സികെ 4545 കാറിൽതന്നെ. ഉമ്മൻ ചാണ്ടിയുടെ കാർ തന്നെ. എല്ലാവർക്കും പരിചിതം. യാത്രക്കാരൻ മാത്രമേ മാറിയിട്ടുള്ളൂ. യാത്രാരീതികളിൽ മാറ്റങ്ങളില്ല. എംഎൽഎ ബോർഡ് വയ്ക്കാതെയാണ് യാത്ര. ഉമ്മൻ ചാണ്ടി ചെറു ഡയറിയിൽ പരിപാടികൾ കുറിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ചാണ്ടി ഉമ്മന് അക്കാര്യത്തിൽ ചെറിയൊരു അപ്ഡേഷൻ. സ്മാർട് ഫോണിലെ ഇ–ഡയറിയിലാണ് പരിപാടികൾ കുറിച്ചുവയ്ക്കുന്നത്.

കലാശക്കൊട്ടു ദിനത്തിൽ റോഡ് ഷോയും ചാണ്ടി ഉമ്മൻ നടത്തി. പരുമലയിൽനിന്നു പുതുപ്പള്ളി വഴി തിരുനക്കരയിലേക്കായിരുന്നു റോഡ് ഷോ. പരുമലപ്പള്ളിയിൽനിന്നു തിരുനക്കരയപ്പന്റെ മുന്നിലേക്ക്. – റോഡ് ഷോയെ താൻ ഇങ്ങനെ വിശേഷിപ്പിക്കുമെന്നു ചാണ്ടി പറയുന്നു. തിരുനക്കരയിൽ പ്രവർത്തകർക്കൊപ്പം ചുവടുവച്ച് ആവേശം വിതറിയാണു മടങ്ങിയത്. ഇന്നലെ പുതുപ്പള്ളി പഞ്ചായത്തിലെ സ്വന്തം ബൂത്തിലെ വീടുകളിൽ വോട്ടു ചോദിക്കുന്ന തിരക്കിലായായിരുന്നു. ഇനി ബെല്ലാരിയിൽ പ്രചാരണത്തിനു പോകണം. തിരഞ്ഞെടുപ്പു തിരക്കുകൾ അവസാനിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com