ADVERTISEMENT

ചാത്തമംഗലം∙ മുക്കം റോഡിൽ എൻഐടി ക്യാംപസിൽ അടിപ്പാത നിർമാണത്തിന് പണി നടന്നു കൊണ്ടിരിക്കുന്ന റോഡ് വഴി ഗതാഗതം തിരിച്ചു വിടുന്നതിന് എതിരെ പരാതിയുമായി നാട്ടുകാരും യാത്രക്കാരും വ്യാപാരികളും. മുക്കം റോഡിലെ ഇരുവശത്തുമുള്ള എൻഐടി ക്യാംപസുകളും ഹോസ്റ്റലും ബന്ധിപ്പിക്കുന്നതിന് ലൈബ്രറിക്ക് സമീപം റോഡിന് കുറുകെ 20 മീറ്റർ വീതിയിൽ അടിപ്പാത നിർമാണത്തിന് വേണ്ടി ആണ് 2 മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ദിവസം അധികൃതർ അറിയിപ്പ് നൽകിയത്. 

മുക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന പന്ത്രണ്ടാം മൈൽ– പോസ്റ്റ് ഓഫിസ്– കമ്പനി മുക്ക് റോഡ് നവീകരണത്തിന് മാസങ്ങളായി പൊളിച്ചിട്ട നിലയിലാണ്. മാത്രമല്ല ദയാപുരം സ്കൂൾ പരിസരത്ത് നിർമാണ കമ്പനിയുടെ നേതൃത്വത്തിൽ റോഡിൽ വച്ച് വലിയ മെഷിനറികൾ ഉപയോഗിച്ച് റെഡിമെയ്ഡ് അഴുക്കുചാൽ നിർമാണവും പുരോഗമിക്കുകയാണ്. 

ഈ പ്രവൃത്തിക്ക് വേണ്ടി മാസങ്ങൾ മുൻപ് തന്നെ ഈ ഭാഗത്തേക്കുള്ള സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മാത്രമായി ഗതാഗതം നിയന്ത്രിക്കുകയും സ്കൂൾ പരിസരത്ത് വലിയ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമാണം വിദ്യാർഥികൾ അടക്കമുള്ളവർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി പരാതി ഉയരുകയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും കഴിഞ്ഞ സിറ്റിങ്ങുകളിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തതാണ്.

റോഡ് തുടങ്ങുന്ന 12ാം മൈൽ ജംക്‌ഷനിൽ ഇപ്പോഴും കലുങ്ക് നിർമാണം, അഴുക്കുചാൽ നിർമാണം, സംരക്ഷണ ഭിത്തി നിർമാണം എന്നിവ നടക്കുന്നുണ്ട്. റോഡിലെ വൈദ്യുതി പോസ്റ്റ്, കുടിവെള്ള വിതരണ പൈപ്പുകൾ എന്നിവ ഇതു വരെ മാറ്റാത്തതുമൂലം റോഡിന് മധ്യത്തിലാണ് ഉള്ളത്. കൂടാതെ എൻഐടി ക്യാംപസിൽ സ്പോർട്സ് സെന്റർ, പുതിയ അക്കാദമിക് ബ്ലോക്ക് എന്നിവയുമായി ബന്ധപ്പെട്ട് നിർമാണ വസ്തുക്കളും മറ്റും എത്തിക്കുന്നതും റോഡരികിൽ നിർമാണ വസ്തുക്കൾ കൂട്ടിയിട്ടതും അപകട സാധ്യത വർധിപ്പിക്കുന്നു. 

റോഡിനോട് ചേർന്ന് നഴ്സറി തലം മുതൽ അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന 2 സ്കൂൾ, കോളജ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിർമാണം നടക്കുന്ന റോഡിന് സമീപത്തെ വീടുകളിൽ പൊടി മണ്ണ് എത്തി ജീവിതം തന്നെ ദുസ്സഹമായി നിലയിലാണ് എന്നും ചെറിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകട ഭീഷണിയോടെ ആണ് വിദ്യാർഥികൾ അടക്കം യാത്രക്കാർ സഞ്ചരിക്കുന്നത് എന്നും നാട്ടുകാർ പറയുന്നു.

ബസുകൾ അടക്കം വലിയ വാഹനങ്ങൾ നിർമാണം നടക്കുന്ന റോഡിലൂടെ കടത്തി വിടുന്നത് പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ള യാത്രക്കാരുടെ സുരക്ഷയെ ബാധിക്കും.  ഗതാഗത നിയന്ത്രണം മെഡി.കോളജ് ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങളുടെ സഞ്ചാരം ദുഷ്കരമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com