ADVERTISEMENT

കൊച്ചി ∙ വാട്ടർ മെട്രോയുടെ വിജയമാതൃക പകർത്തി കൂടുതൽ നഗരങ്ങൾ. വാരാണസിയിലും അയോധ്യയിലുമാണ് കൊച്ചി വാട്ടർമെട്രോയുടെ ആശയം സാക്ഷാത്കരിച്ചത്. ജലഗതാഗതത്തിൽ പുതിയ മാതൃക സമ്മാനിച്ച കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാളാണ്. കഴിഞ്ഞവർഷം ഇതേ ദിവസമായിരുന്നു 2 റൂട്ടിൽ വാട്ടർമെട്രോ സർവീസ് തുടങ്ങിയത്. ഒരു വർഷം പിന്നിടുമ്പോൾ കാക്കനാട്– വൈറ്റില റൂട്ടിലും ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, ഫോർട്ടുകൊച്ചി ടെർമിനലുകളിലേക്കും വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു. ഒരു വർഷം കൊണ്ട് 19.72 ലക്ഷം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. കരാർ നൽകിയ ബോട്ടുകൾ മുഴുവൻ നിർമിച്ചു കിട്ടിയില്ലെന്നതാണു പിറന്നാൾ ദിനത്തിൽ വാട്ടർ മെട്രോ നേരിടുന്ന പ്രതിസന്ധി. 

9 ബോട്ടുകളും രണ്ട് റൂട്ടുകളുമായാണു വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, മിയ ജോർജ്, പ്രഫ. എം.കെ.സാനു, മുജീബ് റഹ്മാൻ, ദീപക് അസ്വാനി തുടങ്ങിയവർ യാത്രയിൽ പങ്കാളിയായി. യാത്രക്കാർക്കായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പിറന്നാളിനു പ്രത്യേക പരിപാടികളില്ല. ദ്വീപുകളിലെ യാത്രാ പ്രശ്നം പരിഹരിക്കാനാണു പദ്ധതി ആരംഭിച്ചതെങ്കിലും ടൂറിസ്റ്റുകളാണു വാട്ടർമെട്രോ യാത്രക്കാരിൽ കൂടുതൽ. 

പതിവു യാത്രക്കാരെ ആകർഷിക്കാൻ വിവിധ യാത്രാ പാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. വിവിധ യാത്രാ പാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രക്കാർക്കു സഞ്ചരിക്കാം. കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ഡൻ ദ്വീപ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടുതൽ ബോട്ടുകൾ ലഭിച്ചാൽ ഒക്ടോബറിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. സെപ്റ്റംബറിൽ 5 ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാഡ് അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com