ADVERTISEMENT

ആര്യനാട് ∙ കനത്ത മഴയിലും ശക്തമായ കാറ്റിലും ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരം വീണും കാറ്റിൽ ഷീറ്റിട്ട മേൽക്കൂരകൾ പറന്നു പോയും ആണ് ഒട്ടേറെ വീടുകൾക്കാണ് കേടുപാട് ഉണ്ടായത്. ഉഴമലയ്ക്കൽ ആഴകം അബിൻ ഭവനിൽ കെഎസ്ആർടിസി കണ്ടക്ടർ ബീന, തോളൂർ ചിറ്റുവീട് വടക്കേക്കോണം വാറുവിളാകത്ത് വീട്ടിൽ സരസ്വതി, മാണിക്യപുരം പാറമുകൾ സ്വദേശി ഗോമതി, മൊട്ടയ്ക്കാകുഴി ഷീല മന്ദിരത്തിൽ സോമൻ, കഴുത്തിൻമൂട് സ്വദേശി ശശിധരൻ ആശാരി, കാരനാട് സ്വദേശി വസന്ത, പൊങ്ങല്ലി സ്വദേശി ചന്ദ്രിക, ലത, പൊങ്ങല്ലി വെട്ടയിൽ സ്വദേശി യാക്കൂബ്, പൊങ്ങല്ലി കുഴിവിള സ്വദേശി കൃഷ്ണൻ നാടാർ, വേങ്കോട് സ്വദേശി നജ്മ, പുതുക്കുളങ്ങര സ്വദേശി ശരത് ചന്ദ്, പരുത്തിക്കുഴി കൈയ്ത്തുംമൂട് കാരിക്കുഴി സ്വദേശി ശശി തുടങ്ങിയവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. 


പനപ്പാംകുന്ന് പരുത്തംകോട് തോയിക്കോണത്ത് വീട്ടിൽ അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയിലെ 
ഷീറ്റുകൾ  ശക്തമായ കാറ്റിൽ പറന്നു പോയ നിലയിൽ.
പനപ്പാംകുന്ന് പരുത്തംകോട് തോയിക്കോണത്ത് വീട്ടിൽ അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു പോയ നിലയിൽ.

ബീനയുടെ വീടിന് മുകളിലൂടെ സമീപത്ത് തെങ്ങ് ഒടിഞ്ഞ് വീണു. സമീപത്ത് നിന്ന പുളിവാക മരം വീണു സരസ്വതിയുടെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂരയ്ക്ക് നാശം ഉണ്ടായി. സമീപത്ത് നിന്ന പ്ലാവ് വീണ് ഗോമതിയുടെ വീടിന്റെ ഷീറ്റിട്ട മേൽക്കൂരയ്ക്ക് ഭാഗികമായി നാശം സംഭവിച്ചു. സോമൻ ആശാരി, ശശിധരൻ ആശാരി എന്നിവരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറത്തി. കാരനാട് സ്വദേശി വസന്തയുടെ വീടിന്റെ മുകളിലെ മേൽക്കൂര കാറ്റിൽപറത്തി സമീപത്തെ ലൈനിന് മുകളിലൂടെ വീണു. സമീപത്ത് നിന്ന മരം വീണു പുതുക്കുളങ്ങര ശാസ്താംപാറ എൻഎസ്എസ് കരയോഗ മന്ദിരത്തിന് നാശം സംഭവിച്ചു.

ഉഴമലയ്ക്കൽ തോളൂർ ചിറ്റുവീട് വടക്കേക്കേണം വാറുവിളാകത്ത് 
വീട്ടിൽ സരസ്വതിയുടെ വീടിനുമേൽ മരം വീണ നിലയിൽ.
ഉഴമലയ്ക്കൽ തോളൂർ ചിറ്റുവീട് വടക്കേക്കേണം വാറുവിളാകത്ത് വീട്ടിൽ സരസ്വതിയുടെ വീടിനുമേൽ മരം വീണ നിലയിൽ.

മരം വീണു പൊങ്ങല്ലി സ്വദേശി ചന്ദ്രികയുടെ വീടിന്റെ മേൽക്കൂര തകർന്നു. മരം വീണു പൊങ്ങല്ലി സ്വദേശി ലതയുടെ വീടിന്റെ മതിലും ഗേറ്റും സമീപത്തെ വൈദ്യുത പോസ്റ്റും തകർന്നു. സമീപത്ത് നിന്ന് ഒട്ടേറെ മരങ്ങൾ വീണാണ് യാക്കൂബിന്റെ വീടിന് നാശം സംഭവിച്ചത്. നജ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ നിലംപൊത്തി. പുതുക്കുളങ്ങര സ്വദേശി ശൈലജയുടെ പുരയിടത്തിൽ നിന്ന ആഞ്ഞിൽമരം വീണ് ഒട്ടേറെ റബർ മരങ്ങൾ ഒടിഞ്ഞു. മാമൂട്, പെരിഞ്ചിറ, കാരിക്കുഴി, കഴുത്തിൻമൂട് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം ഉണ്ടായി.

കാറ്റിൽ വാഴ, മഹാഗണി, പ്ലാവ്, റബർ മരങ്ങൾ വ്യാപകമായി ഒടിഞ്ഞു. വേങ്കോട് സ്വദേശി നജ്മയുടെ വീടിന് നാശം സംഭവിച്ചതിന് പുറമേ 50 ഓളം മൂട് വാഴയും പച്ചക്കറി കൃഷിയും നശിച്ചു. മരങ്ങൾ വീണതോടെ ലൈനുകളും പോസ്റ്റും ഒടിഞ്ഞ് വീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ആര്യനാട് ജംക്‌ഷനിൽ നിന്ന വാക മരത്തിന്റെ വലിയ ശിഖരം ആര്യനാട് നെടുമങ്ങാട് റോഡിൽ ഒടിഞ്ഞു വീണു. അഗ്നിരക്ഷാ സേന മരങ്ങൾ മുറിച്ച് മാറ്റി. റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വെള്ളനാട് മേലേക്കോണം നീതു ഭവനിൽ നിതീഷിന്റെ പോത്ത് മിന്നലേറ്റ് ചത്ത നിലയിൽ
വെള്ളനാട് മേലേക്കോണം നീതു ഭവനിൽ നിതീഷിന്റെ പോത്ത് മിന്നലേറ്റ് ചത്ത നിലയിൽ

മിന്നലേറ്റ് പോത്ത് ചത്തു
വെള്ളനാട് ∙ മിന്നലേറ്റ് വാളിയറ മണ്ണുവീട്ടു നടയിൽ മേഞ്ഞു കൊണ്ടിരുന്ന പോത്ത് ചത്തു. വെള്ളനാട് മേലേക്കോണം നീതു ഭവനിൽ നിതീഷിന്റെ ഒന്നര ലക്ഷം രൂപ വിലയുള്ള പോത്തിനാണ് മിന്നലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത മഴയ്ക്കിടെ ആണ് അപകടം.

പുതുക്കുളങ്ങര മാണിക്യപുരം മൊട്ടയ്ക്കാക്കുഴി ഷീലാ മന്ദിരത്തിൽ സോമന്റെ വീടിന്റെ മേൽക്കൂര കാറ്റെടുത്തപ്പോൾ.
പുതുക്കുളങ്ങര മാണിക്യപുരം മൊട്ടയ്ക്കാക്കുഴി ഷീലാ മന്ദിരത്തിൽ സോമന്റെ വീടിന്റെ മേൽക്കൂര കാറ്റെടുത്തപ്പോൾ.

വെള്ളനാട്ട് വീടിന്റെ മേൽക്കൂര തകർന്നു
വെള്ളനാട് ∙ പഞ്ചായത്തിൽ  മഴയിലും കാറ്റിലും വീടുകൾ തകർന്നു. കിടങ്ങുമ്മൽ നിരപ്പിൽ ശ്രീകണ്ഠൻ, പുതുക്കുളങ്ങര എസ്ആർ നിവാസിൽ രതീഷ് എന്നിവരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. പുതുക്കുളങ്ങര കൂവപ്പള്ളി വീട്ടിൽ രജികുമാറിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ ഭാഗികമായി തകർന്നു. മരം വീണു പുതുക്കുളങ്ങര അഖിൽ ഭവനിൽ രാജന്റെ വീടിന്റെ മതിൽ ഇടിഞ്ഞു. പുതുക്കുളങ്ങര വലിയ കട്ടയ്ക്കാലിൽ ബീനയുടെ 40 ഓളം റബർ മരങ്ങൾ ഒടിഞ്ഞു. പുതുക്കുളങ്ങര ആറ്റുംമൂഴിയിൽ രഘുവിന്റെ 30 ഓളം മൂട് വാഴകൾ കാറ്റിൽ നിലംപൊത്തി.

നെടുമങ്ങാട്ടും നാശനഷ്ടങ്ങൾ
നെടുമങ്ങാട് ∙ ഇന്നലെ ഉച്ച തിരിഞ്ഞ് ഉണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. വീശിയടിച്ച കാറ്റിൽ കച്ചേരി നട പതിനൊന്നാം കല്ല് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനു മുകളിലൂടെ മരക്കൊമ്പ് ഒടിഞ്ഞു റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പാറ ഹൗസിങ് ബോർഡ് പഴയ രാജപാത റോഡിലെ ഒരു വീടിന്റെ മുകളിലെ ഷീറ്റിട്ട മേൽക്കൂര കാറ്റിൽ പറന്ന് പി.എസ് നഗർ റോഡിനു കുറുകെ വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിയും നിലച്ചു. പല ഭാഗങ്ങളിലും മരക്കൊമ്പുകളും വാഴകളും ഒടിഞ്ഞ് വീണും നാശനഷ്ടം ഉണ്ടായി. നെടുമങ്ങാട് ജില്ലാ ആശുപത്രി വളപ്പിൽ നിന്ന ഒരു മരത്തിന്റെ ഭാഗം ഒടിഞ്ഞ് വാഹനത്തിന്റെ മുകളിലൂടെ വീണത് നെടുമങ്ങാട്ട് നിന്നും അഗ്നിരക്ഷാ സേന എത്തി മുറിച്ചുമാറ്റി.


പുതുക്കുളങ്ങര എസ്ആർ നിവാസിൽ രതീഷിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുത്തപ്പോൾ
പുതുക്കുളങ്ങര എസ്ആർ നിവാസിൽ രതീഷിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുത്തപ്പോൾ

വേനൽ മഴ; പനപ്പാംകുന്നിൽ വ്യാപക നാശനഷ്ടം
കിളിമാനൂർ∙ ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ഉണ്ടായ ശക്തമായ വേനൽ മഴയിൽ കിളിമാനൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് പനപ്പാംകുന്നിൽ വ്യാപകമായ നാശനഷ്ടം. പനപ്പാംകുന്ന് പരുത്തംകോട് തോയികോണത്ത് വീട്ടിൽ അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നു പോയി. ഈ സമയം അനിൽകുമാർ, ഭാര്യ മക്കൾ എന്നിവർ വീടിനകത്ത് ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. 

പരുത്തംകോട് തടത്തരികത്ത് വീട്ടിൽ പ്രവീണിന്റെ വീടിന്റെ ഭിത്തിയിൽ ശക്തമായ മിന്നലിൽ വിള്ളൽ ഉണ്ടായി. വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. പനപ്പാംകുന്നിനു സമീപം പരുത്തംകോട് റോഡിൽ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞ് വൈദ്യുതി ലൈനിനു മുകളിലേക്ക് വീണു രണ്ട് 11 കെവി ലൈൻ വൈദ്യുതി തൂണു തകർന്നു. അഗ്നിശമന സേന എത്തി മരം മുറിച്ചു മാറ്റി. പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT