ADVERTISEMENT

പോട്ട ∙ സുന്ദരിക്കവലയിൽ ദേശീയപാത സർവീസ് റോഡ് വീതി കൂട്ടാനായി ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ മുറിച്ചു നീക്കുന്നതും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതും പൂർത്തിയായി. 2 വൈദ്യുത പോസ്റ്റുകൾ പിഴുതു മാറ്റുന്നതും ഒരു ആരാധനാലയത്തിന്റെ ബോർഡ് മാറ്റി സ്ഥാപിക്കുന്നതും കൂടി ശേഷിക്കുന്നു. തടസങ്ങള്‍ നീക്കിയതോടെ റോഡിന്റെ വീതി കൂടിയെങ്കിലും അതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ടാറിങ് നടത്തണം.

ഇതിനു കനിയേണ്ടതു ദേശീയപാത അതോറിറ്റിയാണ്. വൈകാതെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു. സ്കെച്ച്, എസ്റ്റിമേറ്റ് എന്നിവ തയാറാക്കിയ ശേഷമാകും ടാറിങ് നടത്തുക. ഇതിനു ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡിനോടു നിർദേശിച്ചിട്ടുണ്ട്. ഡ്രെയ്നേജ് സംവിധാനവും നിർമിക്കണം. നവീകരണം പൂർത്തിയാകുന്നതോടെ സർവീസ് റോഡിലൂടെ ഇരുവരി ഗതാഗതം സാധ്യമാകും. സർവീസ് റോഡ് സുന്ദരിക്കവലയിൽ സംഗമിക്കുന്ന ഭാഗത്തെ അപകടാവസ്ഥയ്ക്കും പരിഹാര നടപടികളുണ്ടാകണം.

സർവീസ് റോഡിന്റെ വീതി കൂട്ടാൻ ലക്ഷ്യമിട്ടു 6 മാസം മുൻപു വ്യക്തികളുടെ മതിലുകളും മറ്റു നിർമിതികളും പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ റോഡ് വീതി കൂട്ടാനായി മരങ്ങൾ മുറിച്ചു നീക്കാനും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകൾ മാറ്റാനും വൈകിയതു പ്രതിഷേധത്തിനു വഴിയൊരുക്കി.

ദേശീയപാതയിൽ ചാലക്കുടിക്കും പോട്ടയ്ക്കും ഇടയിലുള്ള സ്ഥലമാണു സുന്ദരിക്കവല. ഇവിടം മുതൽ പോട്ട ആശ്രമം ജംക്‌ഷൻ വരെ കിഴക്കു ഭാഗത്തെ സർവീസ് റോഡിന് വീതി വളരെ കുറവായിരുന്നതിനാൽ അതുവഴി ഒരു വരി ഗതാഗതമാണു അനുവദിച്ചിരുന്നതെങ്കിലും നിയമം ലംഘിച്ച് ഇരുഭാഗത്തു നിന്നും വാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്നു പോയിരുന്നത് അപകടങ്ങൾക്ക് വഴി വച്ചിരുന്നു.

ആശ്രമം ഭാഗത്തു നിന്ന് വാഹനങ്ങൾക്ക് ‘നോ എൻട്രി’ എന്നു കാണിച്ചു പൊലീസ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും അതു ലംഘിച്ചു സ്വകാര്യ, കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ളവ ഇതിലൂടെ ഓടി. നേരത്തെ 4 മീറ്റർ വീതിയുണ്ടായിരുന്ന സർവീസ് റോഡ്, സ്ഥലം ഏറ്റെടുത്തതോടെ 9 മുതൽ 11 വരെ മീറ്റർ വീതിയുള്ളതായി. പോട്ട ആശ്രമം മുതൽ പാപ്പാളി ജംക്‌ഷൻ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കു ദേശീയപാത അതോറിറ്റി 10 കോടി രൂപ നൽകാമെന്ന് അറിയിച്ചിരുന്നു.

English Summary:

National Highway Authority to Finalize Tarring of Newly-Widened Sundarikawala Service Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com