ADVERTISEMENT

കാലാവസ്ഥാ മാറ്റം ഭൂലോകത്തെ തകിടം മറിയ്ക്കുകയാണ്. ഓരോ ദിവസവും ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തി അതിന്റെ ഭീകരത വെളിവാക്കികൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് ഇത്തരത്തിലൊരു സ്ഥിതിയിലേക്ക് നയിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് രാജ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ഇന്നും കൃത്യമായ പരിഹാരമാർഗമില്ല. എങ്കിലും ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ മുന്നോട്ടിറങ്ങുന്നുണ്ട്. 

അത്തരത്തിൽ ഒരു മലയാളി പർവതാരോഹകനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതം കീഴടക്കിയാണ് പത്തനംതിട്ട പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ (36), കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്ന സന്ദേശം ലോകത്തോട് വിളിച്ചുപറഞ്ഞത്. അർജന്റീന–ചിലി അതിർത്തിയിലെ ഓഗോസ് ദെൽ സലാദോ എന്ന അഗ്നിപർവതത്തിന് 22,600 അടി ഉയരമുണ്ട്. ഹസൻ വിജയപതാക പാറിക്കുന്ന ഏഴാമത്തെ വൻകൊടുമുടിയാണ്. ചിലെയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമാണിത്.

ഷെയ്ഖ് ഹസൻ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസനിൽ (Photo: PTI)
ഷെയ്ഖ് ഹസൻ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസനിൽ (Photo: PTI)

പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസറാണ്. അഗ്നിപർവതത്തിനു മുകളിൽ ഇന്ത്യൻ ദേശീയ പതാകയുമായി നിൽക്കുന്ന ഷെയ്ഖ് ഹസന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം ലോകത്തെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് ഹസൻ പറഞ്ഞു. ശരീരത്തിൽ Climate change is real (കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണ്) എന്ന് നീലനിറത്തിൽ എഴുതിയ ചിത്രം ഷെയ്ഖ് ഹസന്റെ ചിത്രം പിടിഐ പുറത്തുവിട്ടു.

2022ൽ കോവിഡ് കാലത്ത് അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നു. ഉയരംകൂടിയ മറ്റ് പർവതങ്ങളായ കിളിമാഞ്ചാരോ, ഡെനാലി, മൗണ്ട് വിൻസൻ എന്നീ പർവതങ്ങളും ഷെയ്ഖ് കീഴടക്കിയിട്ടുണ്ട്. ഡിസംബറിൽ അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കിയ ശേഷമാണ് ഓഗോസ് ലക്ഷ്യമിട്ട് യാത്ര തുടർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com