ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു എല്ലാം ജില്ലകളിലും ചൂടിന് ചെറിയ രീതിയിൽ കുറവുണ്ടായതായി കാലാവസ്ഥാ കേന്ദ്രം. തുടർച്ചയായി 4 ദിവസത്തിന് ശേഷം പാലക്കാട്‌ ചൊവ്വാഴ്ച സാങ്കേതികമായി ഉഷ്ണ തരംഗം സ്ഥിരീകരിച്ചില്ല. ഉയർന്ന താപനില 40.4°c ആണെങ്കിലും സാധാരണയിൽ നിന്ന് 4.4°c  മാത്രം കൂടുതലായതാണ് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും ഇടയിലായി രേഖപ്പെടുത്തി. ഔദ്യോഗികമായി ഈ വർഷത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് (47.2°c) രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലെ കലൈകുണ്ഡയിലാണ്.

വറ്റിവരണ്ട ജലാശയം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
വറ്റിവരണ്ട ജലാശയം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജൻസികളുടെ കൂട്ടായ്മയായ സാസ്കോഫ് (SASCOF–South Asian Seasonal Climate Outlook Forum (SASCOF-28]  പ്രകാരം ഇത്തവണ സാധാരണയിൽ കൂടുതൽ (Above Normal) കാലവർഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. പസഫിക് സമുദ്രത്തിൽ നിലവിൽ തുടരുന്ന എൽ നിനോ സാഹചര്യം കാലവർഷ ആരംഭത്തോടെ ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ലാനിന യിലേക്കും മാറാൻ സാധ്യതയുണ്ട്. ഇത് കാലവർഷത്തിനു അനുകൂലമായേക്കാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD ) കാലവർഷത്തിന്റെ രണ്ടാം ഘട്ടത്തിൽ പോസിറ്റീവ് ഫേസിലെക്ക് മാറാൻ സാധ്യതയുണ്ട്. ഇതും മൺസൂണിന് അനുകൂലമായേക്കാം. 

വേനൽ മഴയിൽ കുറവ്

വേനൽ മഴ രണ്ടു മാസം പിന്നിടുമ്പോൾ സമീപകാലത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024 ന്. ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽ സംസ്ഥാനത്തു മാർച്ച്‌-ഏപ്രിൽ മാസത്തിൽ 55.8 മി.മീ മഴ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് 52.6 മി.മീ  മാത്രമാണ്. 2008 ൽ ആദ്യ രണ്ടു മാസം 328 mm  ലഭിച്ചപ്പോൾ 2015( 264 മി.മീ ), 2022( 243മി.മീ ) മഴ ലഭിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലകളിലും സമാന സ്ഥിതിവിശേഷമാണ്. വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ല. കഴിഞ്ഞ 61 ദിവസത്തിനിടയിൽ ശരാശരി 6 മി.മീ  താഴെ മാത്രമാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഭിച്ച മഴ.

കിണറുകളും കുഴൽക്കിണറുകളും വറ്റി

കനത്ത ചൂടിൽ സംസ്ഥാനത്തെ പലയിടങ്ങളിലെയും കിണറുകളും കുഴൽക്കിണറുകളും വറ്റിത്തുടങ്ങിയ നിലയിലാണ്. പൈപ്പ് വെള്ളം എത്താത്ത മേഖലയിൽ ദാഹജലം കിട്ടാത്ത സ്ഥിതിയാണ്. കുളങ്ങളും വറ്റിക്കിടക്കുകയാണ്. പ്രധാന പുഴകളുടെ കൈവഴികളെല്ലാം വറ്റിവരണ്ടു. പാലക്കാട് കിണറുകൾ റീ ചാർജ് ചെയ്യാൻ ഡാമുകൾ തുറക്കണമെന്ന് ആവശ്യം ഉയർന്നു കഴി‍ഞ്ഞു. ഇതിനായി മംഗലം ഡാം ഒഴികെയുള്ള അണക്കെട്ടുകളിൽ വെള്ളം ഇല്ല. രണ്ടോ മൂന്നോ ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ.

വറ്റിവരണ്ട ജലാശയം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
വറ്റിവരണ്ട ജലാശയം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

എസി  യാത്രകൾ  കൂടി

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വർധന. ഐആർസിടിസി സൈറ്റിൽ സാധാരണ സ്ലീപ്പർ കോച്ച് ടിക്കറ്റുകളാണ് ആദ്യം ബുക്കിങ് പൂർത്തിയാകാറുള്ളത്. മാർച്ചിലും ഏപ്രിലിലും എസി ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ ഏറെ. സ്ലീപ്പർ ടിക്കറ്റ് എടുത്ത് എസി കോച്ചിലേക്ക് അപ്ഗ്രേഡ് ചെയ്ത യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. എസി ബസ് യാത്രകളും കൂടിയതായി കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസ് ഏജൻസികൾ അറിയിച്ചു.

1. കടുത്ത ചൂടിൽ വെന്തുരുകുകയാണു നാട്. വീട്ടിലെ ടെറസിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിനെ സംരക്ഷിക്കാനായി ഓല കൊണ്ടുള്ള മേൽക്കൂര സ്ഥാപിച്ചിരിക്കുന്നു, ചൂട് കുറയാനായി ടാങ്കിനു ചുറ്റും ചാക്ക് കെട്ടിവച്ച് വെള്ളമൊഴിച്ചു തണുപ്പിക്കുകയാണീ വീട്ടമ്മ. പാലക്കാട് ജില്ലയിലെ വടകരപ്പതി പരിശക്കല്ല് പ്രദേശത്തു നിന്നുള്ള വേനൽക്കാഴ്‌ച, 2. പൊള്ളുന്ന ചൂടിൽ മുഖം മറച്ച് ജോലി ചെയ്യുന്ന തൊഴിലാളി. പാലക്കാട് ‍‍‍ജില്ലയി‌ൽ നിന്നുള്ള കാഴ്ച. ചിത്രങ്ങൾ : മനോരമ
1. കടുത്ത ചൂടിൽ വെന്തുരുകുകയാണു നാട്. വീട്ടിലെ ടെറസിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിനെ സംരക്ഷിക്കാനായി ഓല കൊണ്ടുള്ള മേൽക്കൂര സ്ഥാപിച്ചിരിക്കുന്നു, ചൂട് കുറയാനായി ടാങ്കിനു ചുറ്റും ചാക്ക് കെട്ടിവച്ച് വെള്ളമൊഴിച്ചു തണുപ്പിക്കുകയാണീ വീട്ടമ്മ. പാലക്കാട് ജില്ലയിലെ വടകരപ്പതി പരിശക്കല്ല് പ്രദേശത്തു നിന്നുള്ള വേനൽക്കാഴ്‌ച, 2. പൊള്ളുന്ന ചൂടിൽ മുഖം മറച്ച് ജോലി ചെയ്യുന്ന തൊഴിലാളി. പാലക്കാട് ‍‍‍ജില്ലയി‌ൽ നിന്നുള്ള കാഴ്ച. ചിത്രങ്ങൾ : മനോരമ

പാലക്കാട് ചൂടപ്പം പോലെ എസി വിൽപന

ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ജില്ലയിൽ വിറ്റു പോയത് ഒൻപതിനായിരത്തോളം എസികളെന്നു(എയർകണ്ടീഷനർ) കച്ചവടക്കാർ. കഴിഞ്ഞ വർഷം വിറ്റതിന്റെ മൂന്നിരട്ടിയാണിത്. ഓൺലൈൻ വ്യാപാര സൈറ്റുകളിലും വിൽപന കൂടി. ഒരു ടൺ ശേഷിയുള്ളതും വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന 3 മുതൽ 5 വരെ സ്റ്റാർ റേറ്റിങ് ഉള്ളതുമായ എസികളാണു 70 ശതമാനവും വിറ്റു പോയത്. പണം തവണകളായി അടയ്ക്കുന്ന ഇഎംഐ സംവിധാനം ഉപയോഗപ്പെടുത്തിയും പലരും എസി വാങ്ങിയിട്ടുണ്ട്. ഒരു ടൺ എസിക്കു 30,000 രൂപയാണു ശരാശരി വില. എസി വിൽപന ഏജൻസികളുടെ കണക്കു പ്രകാരം ജില്ലയിൽ ഫെബ്രുവരി മുതൽ ഇതുവരെ 26 കോടി രൂപയുടെ വിൽപന നടന്നിട്ടുണ്ട്. 

പാലക്കാട് വലിയങ്ങാടയിൽ നിന്നുള്ള കാഴ്‌ച. ചിത്രം : മനോരമ
പാലക്കാട് വലിയങ്ങാടയിൽ നിന്നുള്ള കാഴ്‌ച. ചിത്രം : മനോരമ

മുപ്പതിനായിരത്തിലേറെ ഫാനുകളും വിറ്റു പോയി, കൂടുതലും പെഡസ്ട്രൽ ഫാനാണു വിൽക്കുന്നത്. അതേസമയം എയർ കൂളർ, ടവർ ഫാൻ എന്നിവയുടെ വിൽപനയിൽ കാര്യമായി മുന്നേറ്റമുണ്ടായില്ല. 

വെള്ളം കുടിയിലും മുന്നിൽ

മാർച്ച് മുതൽ പാലക്കാട് ജില്ലയിൽ വിറ്റഴിക്കുന്നതു പ്രതിദിനം രണ്ടു ലക്ഷം ലീറ്റർ കുപ്പിവെള്ളം. ഒരു ലീറ്റർ‍ കുപ്പിവെള്ളമാണു കൂടുതലും ചെലവാകുന്നതെന്നു ജില്ലയിലെ കുപ്പിവെള്ള വിതരണക്കാരനായ കെ.കിദർ മുഹമ്മദ് പറഞ്ഞു. ജില്ലയിൽ ലൈസൻസുള്ള 8 കുപ്പി വെള്ള നിർമാണ യൂണിറ്റുകളുണ്ട്. റെയിൽവേയുടെ ‘റെയിൽനീർ’ കുപ്പി വെള്ളവും റെക്കോർഡ് വിൽപനയാണ്. വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള 50, 60, 100 ലീറ്റർ ജാറുകളുടെ വിൽപനയും കൂടി.

ചിത്രം: ഉണ്ണി കോട്ടയ്ക്കൽ  മനോരമ
ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെത് ഉൾപ്പെടെ കുപ്പി വെള്ള നിർമാണ യൂണിറ്റിന് 12 തരം ലൈസൻസും ലാബ് സൗകര്യവും വേണം. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് കുപ്പി ആയിരിക്കണം. അനധികൃത യൂണിറ്റുകളിൽ നിന്നുള്ള കുപ്പി വെള്ളത്തിനെതിരെ ജാഗ്രത വേണമെന്ന് ഭക്ഷ്യസുരക്ഷ അധികൃതർ അറിയിച്ചു. ജാറുകളിൽ വെള്ളം എത്തിക്കുന്ന ഏജൻസികളും അംഗീകൃതമാണെന്ന് ഉറപ്പാക്കണം. വീടുകളിലും മറ്റും വെള്ളം ഉപയോഗത്തിലും വർധനയുണ്ടായതായി ജല അതോറിറ്റി അധികൃതർ പറഞ്ഞു. അഞ്ചംഗ കുടുംബം ശരാശരി ഒരു മാസം 5,000 ലീറ്റർ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇരട്ടിയിലേറെ ഉയർന്നു. 

മരം ഒരു വരം...:
ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണു നാട്. കത്തിജ്വലിക്കുന്ന പകലുകളും അന്തരീക്ഷ ഊഷ്മാവ് കൂടിയ നിലയിൽ തന്നെ നീളുന്ന രാത്രിയും ജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണ്. കൊടുംചൂടിൽ പച്ചപ്പു വിരിച്ചു നിൽക്കുന്ന മരങ്ങൾ ചെറിയ ആശ്വാസമാണ്. കടുത്ത പകൽച്ചൂടിൽ നിന്ന് ആശ്വാസം തേടി പാലക്കാട് പട്ടഞ്ചേരി അങ്ങാടിയിലെ ആൽത്തറയിൽ എത്തിയ നാട്ടുകാരിൽ ചിലർ കുളിർകാറ്റിനും തണലിനും കീഴെ ഉച്ചമയക്കത്തിൽ. ചിത്രം: മനോരമ
മരം ഒരു വരം...: ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണു നാട്. കത്തിജ്വലിക്കുന്ന പകലുകളും അന്തരീക്ഷ ഊഷ്മാവ് കൂടിയ നിലയിൽ തന്നെ നീളുന്ന രാത്രിയും ജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണ്. കൊടുംചൂടിൽ പച്ചപ്പു വിരിച്ചു നിൽക്കുന്ന മരങ്ങൾ ചെറിയ ആശ്വാസമാണ്. കടുത്ത പകൽച്ചൂടിൽ നിന്ന് ആശ്വാസം തേടി പാലക്കാട് പട്ടഞ്ചേരി അങ്ങാടിയിലെ ആൽത്തറയിൽ എത്തിയ നാട്ടുകാരിൽ ചിലർ കുളിർകാറ്റിനും തണലിനും കീഴെ ഉച്ചമയക്കത്തിൽ. ചിത്രം: മനോരമ
English Summary:

South India Records Slight Dip in Temperatures Amidst Monsoon Predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com