ഉഷ്ണതരംഗത്തിന്റെ മാപ്പിൽ കേരളവും; മേയ് മാസത്തിലും പ്രതീക്ഷ വേണ്ട
Mail This Article
രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടു. അഞ്ചുദിവസമാണ് കേരളത്തിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 18 ദിവസവും പശ്ചിമബംഗാളിൽ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്.
മേയ് മാസത്തില്‍ പൊതുവെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴ ലഭിക്കാനും ഉയർന്ന താപനില സാധാരണയേക്കാൾ കൂടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. വേനൽ മഴ രണ്ടു മാസം പിന്നിടുമ്പോൾ സമീപകാലത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024 നാണ്. ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽ സംസ്ഥാനത്ത് മാർച്ച്-ഏപ്രിൽ മാസത്തിൽ 55.8 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് 52.6 മില്ലിമീറ്റർ മാത്രമാണ്.
2008 ൽ ആദ്യ രണ്ടു മാസം 328 മില്ലിമീറ്റർ ലഭിച്ചപ്പോൾ 2015 (264 മില്ലിമീറ്റർ), 2022 (243മില്ലിമീറ്റർ) മഴ ലഭിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലകളിലും സമാന സ്ഥിതിവിശേഷമാണ്. വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ല. ശരാശരി 6 മില്ലിമീറ്റർ താഴെ മാത്രമാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ 61 ദിവസത്തിനിടയിൽ ലഭിച്ച മഴ.