ADVERTISEMENT

ദുബായ് ∙  പാലക്കാട് സ്വദേശി സജിമോന്‍ സഹദേവന് ഫൊട്ടോഗ്രഫി തൊഴിലല്ല, മറിച്ച് ഹൃദയത്തോടുചേർത്തുവച്ച ഇഷ്ടമാണ്. ദുബായില്‍ ഗ്രാഫിക് ഡിസൈനറായാണ് സജിമോന്‍ ജോലി ചെയ്യുന്നത്. ദുബായ് ഫെസ്റ്റിവല്‍ ആന്‍‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെയും ദുബായ് ഇക്കണോമിക് ആന്‍‍ഡ് ടൂറിസം വിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫൂഡ് ഫോക്കസ് ഫൊട്ടോഗ്രഫി മത്സരത്തില്‍ ഒരുക്ലിക്ക് ചെയ്തു നോക്കാമെന്നു വിചാരിച്ചത് നല്ല ഫോട്ടോകളെടുക്കാന്‍ കഴിയുമെന്നുളള ആത്മവിശ്വാസമൊന്നുകൊണ്ടുമാത്രമാണ്. ആദ്യ ശ്രമമാണെങ്കിലും ആദ്യ 50 ഫോട്ടോകളില്‍ ഒന്നായി തന്‍റെ ഫോട്ടോ ഇടം പിടിക്കുമെന്നുളള ആത്മവിശ്വാസത്തിന് അടിവരയിട്ട്, 10,000 ദിർഹത്തിന്‍റെ (ഏകദേശം രണ്ടേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം സജിമോനിങ്ങെടുത്തു.

first-prize-of-two-and-a-quarter-lakh-rupees-of-dubai-food-focus-to-a-malayali3
സജിമോന്‍ ഡിഎഫ്ആർഇ സിഇഒ അഹമ്മദ് അല്‍ ഖാജയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

ദുബായിലെ അല്‍ ഖൂസില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഭക്ഷ്യമാർക്കറ്റില്‍ നിന്നാണ് ഒന്നാം സമ്മാനർഹമായ ഫോട്ടോ സജിമോനെടുത്തത്. അവിടെ തട്ടുകടയില്‍ ഭക്ഷണമുണ്ടാക്കുന്ന ചിത്രമാണ് അത്. സമ്മാനം കിട്ടിയതില്‍ അതീവ സന്തോഷം. കരാമ സ്ട്രീറ്റ് ഫൂഡ് ഫെസ്റ്റിവലിലും ഒന്നു രണ്ട് റസ്റ്ററന്‍റുകളിലും പോയി ഫോട്ടോയെടുത്തിരുന്നു. 10 ഫോട്ടോകള്‍ മത്സരത്തിനായി നല്‍കിയിരുന്നുവെന്നും സജിമോന്‍ പറഞ്ഞു. പ്രഫഷനലായി ഫൊട്ടോഗ്രഫി പഠിച്ചിട്ടില്ല. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കണമെന്നുണ്ട്. ഈ സമ്മാനം അതിനൊരു പ്രചോദനമായെന്നും സജിമോന്‍ പറഞ്ഞു. ഭാര്യ അനിതയ്ക്കും മക്കളായ സജ്ഞുവിനും അനശ്വരയ്ക്കുമൊപ്പമെത്തിയാണ് സജിമോന്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ്  റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങിയത്.

ലോകത്ത് എവിടെ നിന്നുവരുന്നവർക്കും ഇഷ്ടഭക്ഷണം എപ്പോള്‍ വേണമെങ്കിലും ദുബായില്‍ കിട്ടും . ആ ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫൂഡ് ഫോക്കസ് ദുബായ് സംഘടിപ്പിക്കുന്നത്. ഫൂഡ് ഫോക്കസിന്‍റെ ഭാഗമായാണ് സിറ്റിവൈഡ് ഫൊട്ടോഗ്രഫി കോമ്പറ്റീഷനും നടക്കുന്നത്. ഭക്ഷണ മേഖലയില്‍ നിന്ന് ജീവന്‍ തുടിക്കുന്നൊരു ഫോട്ടോ എടുത്ത് മത്സരത്തിന്‍റെ ഭാഗമാകാം.

first-prize-of-two-and-a-quarter-lakh-rupees-of-dubai-food-focus-to-a-malayali2
ദുബായ് ഫൂഡ് ഫോക്കസില്‍ ഒന്നാം സമ്മാനർഹമായ ഫോട്ടോ, സജിമോന്‍ സഹദേവന്‍റേതാണ് ക്ലിക്ക്

1100 ഫോട്ടോകളാണ് ഇത്തവണ മത്സരത്തിന് എത്തിയത്. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ ഉള്‍പ്പടെയുളളവർ അംഗങ്ങളായ സമിതിയാണ് ഇതില്‍ നിന്നും ഏറ്റവും മികച്ച 10 ഫോട്ടോകള്‍ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനമായി 10,000 ദിർഹവും രണ്ടാം സമ്മാനമായി 5000 ദിർഹവും മൂന്നാം സമ്മാനമായി 3000 ദിർഹവുമാണ് നല്കിയത്. നാലുമുതല്‍ 10 വരെ സ്ഥാനങ്ങളിലെത്തിയ ഫോട്ടോകള്‍ക്ക് 1000 ദിർഹം പ്രോത്സാഹനസമ്മാനമായും നല്‍കി. മാത്രമല്ല, ആദ്യ 50 സ്ഥാനങ്ങളിലെത്തിയ ഫോട്ടോകള്‍ ദുബായ് ഫൂഡ് ഫെസ്റ്റിവലിന്‍റെ ഭാഗമായുളള ജുമൈറ ഇത്തിസലാത്ത് ബീച്ച് കന്‍റീനില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.

English Summary:

First Prize of Two and a Quarter Lakh Rupees of Dubai Food Focus to a Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com