ADVERTISEMENT

ഒന്നിനുമൊരു നിശ്ചയമില്ലാതിരുന്ന കൊറോണക്കാലത്താണ് ഒറ്റയ്ക്കുള്ള യാത്രകളില്‍ ജ്ഞാനപ്പാന കേള്‍ക്കാന്‍ തുടങ്ങിയത്. പിന്നെ അതു ശീലമായി. പി.ലീലയുടെ ആലാപനം ‘സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ വീണു വണങ്ങണം’ എന്ന ഭാഗമെത്തുമ്പോള്‍ ഒരു കാഴ്ച ഓര്‍മയില്‍ തെളിയും. 

കർഷകശ്രീ മാസികയില്‍ 1996ല്‍ ‘ഗ്രാമങ്ങളിലൂടെ’ എന്ന പരമ്പര. അതിനായി ആദ്യം തിരഞ്ഞെടുത്തത് തൃശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ ഗ്രാമം. അരവിന്ദന്റെ ‘ഒരിടത്ത്’ എന്ന സിനിമയില്‍ വൈദ്യുതി എത്താത്ത ഗ്രാമമായി ‘അഭിനയിച്ച’ പാഞ്ഞാള്‍ അന്നും ഏകദേശം അതേയിടത്തുതന്നെ നില്‍ക്കുകയായിരുന്നു. പരമ്പര അവിടെനിന്നു തുടങ്ങാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. പാഞ്ഞാളിലേക്കുള്ള യാത്രയില്‍ എന്റെയൊപ്പം അന്നു കര്‍ഷകശ്രീ പത്രാധിപരായിരുന്ന രവിവര്‍മ സാറുമുണ്ട്. അന്ന് അല്‍പം ആരോഗ്യപ്രശ്നമുണ്ടായിരുന്നെങ്കിലും പാഞ്ഞാള്‍, കുണ്ടൂര്‍ അതിരാത്രങ്ങളില്‍ ആചാര്യനായിരുന്ന നെല്ലിക്കാട്ടുമന നീലകണ്ഠന്‍ അക്കിത്തിരിപ്പാടിനെ കാണുകയെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം വരികയായിരുന്നു. മനയിലെത്തി കാറില്‍നിന്ന് ഇറങ്ങുമ്പോള്‍ വന്ദ്യവയോധികനായ അക്കിത്തിരിപ്പാട് പൂമുഖത്തുതന്നെയുണ്ട്. ഒപ്പമുണ്ടായിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിനു മുന്നില്‍ നിലത്തേക്ക് ഒറ്റ വീഴ്ചയായിരുന്നു വര്‍മ സാര്‍. സാക്ഷാല്‍ സാഷ്ടാംഗ പ്രണാമം. 

varma-sir-2
2010ലെ കർഷകശ്രീ അവാർഡ് വിധിനിർണയ വേള. മുൻ കാ‍‍ർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. എ.എം.മൈക്കിൾ, ഡോ. എം.എസ്.സ്വാമിനാഥൻ, അന്നത്തെ കാർഷിക സർവകലാശാല വൈസ് ചാൻസലർ കെ.ആർ.വിശ്വംഭരൻ എന്നിവർക്കൊപ്പം ആർ.ടി.രവിവർമ.

സ്വന്തം അധ്യാപകരെ മാത്രമല്ല, പണ്ഡിതന്മാരെയെല്ലാം ഗുരുക്കന്മാരെപ്പോലെ കണ്ടിരുന്ന വര്‍മ സാര്‍ ഗരുഭക്തിയുടെയും ഒപ്പം ശിഷ്യവാത്സല്യത്തിന്റെയും ആള്‍രൂപമായിരുന്നു. കര്‍ഷകശ്രീ പത്രാധിപസമിതിയിലുള്ള ഞങ്ങളെയെല്ലാം മക്കളെപ്പോലെയാണ് സ്നേഹിച്ചത്. ഒരിക്കലും മുഖം കറുത്തൊരു വാക്ക് ആരോടും പറഞ്ഞിട്ടുമില്ല. എഴുന്നേറ്റുനിന്നു രണ്ടു കൈകളും നീട്ടിയേ ജോലിസംബന്ധമായ പുരസ്കാരങ്ങളോ രേഖകളോ തരുമായിരുന്നുള്ളൂ. ഞങ്ങള്‍ അതു വാങ്ങുന്നതും അങ്ങനെതന്നെ  വേണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതിനു ശേഷം നമ്മുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്യും. ഒരിക്കല്‍ ജോലിയില്‍ എന്തോ വീഴ്ച കാട്ടിയതിനു ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനെ അദ്ദേഹം വിളിപ്പിച്ചു. മുറിയിലേക്കു പോകാന്‍ നേരം രസികനായ സുഹൃത്ത് എന്റെ കാതില്‍ മന്ത്രിച്ചു.‘‘മെമ്മോ തന്നിട്ട് തലയില്‍ കൈവച്ച് അനുഗ്രഹിക്കുമോന്നാ പേടി’’. മെമ്മോയൊന്നുമുണ്ടായില്ല, ഗുണദോഷിച്ചു വിട്ടു. 

വര്‍മസാറിന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ എനിക്കു പല അവസരങ്ങളുണ്ടായിട്ടുണ്ട്. അവയിലൊന്ന് ഒരിക്കലും മറക്കാനാവില്ല. ഒരിക്കല്‍ ഞാന്‍ വിഷം തീണ്ടി ആശുപത്രിയിലായി. അല്‍പം മോശമായിരുന്നു അവസ്ഥ. തൃശൂരിലെ വീട്ടിലായിരുന്ന വര്‍മ സാര്‍ വിവരമറിഞ്ഞ് പിറ്റേന്നുതന്നെ ആശുപത്രിയിലെത്തി. വന്നയുടന്‍ കയ്യിലുണ്ടായിരുന്ന ഇലപ്പൊതിയഴിച്ച് അല്‍പം ഭസ്മം എന്റെ നെറ്റിയിലും പിന്നെ മുറിപ്പാടിലും പുരട്ടി. ‘‘ഇതു തൃശ്ശിവപേരൂര്‍ മഹാദേവന്റെ, സാക്ഷാല്‍ നാഗഭൂഷണന്റെ പ്രസാദമാണ്. കാര്‍ക്കോടകനായാലും ഒഴിഞ്ഞുപോകും.’’ഇത്രയും പറഞ്ഞ് അദ്ദേഹമെന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിച്ചപ്പോള്‍ എനിക്കു മാത്രമല്ല, കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല. 

varma-sir-3
2012ലെ കർഷകശ്രീ അവാർഡ് വിധിനിർണയ വേള. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, അന്നത്തെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.അബ്ദുൾ സലാം, പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ, അന്നത്തെ സംസ്ഥാന ഹോർട്ടികൾചർ മിഷൻ മേധാവി ഡോ. കെ.പ്രതാപൻ എന്നിവർക്കൊപ്പം ആർ.ടി.രവിവർമ. (ചിത്രം∙ മനോരമ)

സീരിയെന്ന തൂലികാനാമത്തിലെഴുതിയിരുന്ന കാര്‍ഷിക ലേഖനങ്ങള്‍ വായിച്ചിരുന്നെങ്കിലും വര്‍മസാറിനെ അടുത്തറിയുന്നത് കര്‍ഷകശ്രീയില്‍ ചേര്‍ന്നതോടെയാണ്. മറ്റൊരു കാര്‍ഷിക പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം ചെത്തി മിനുക്കാനായിരുന്നു അദ്ദേഹം തന്ന ആദ്യ അസൈൻമെന്റ്. തിരുത്തിയെഴുതിയ സാധനം ഓടിച്ചു വായിച്ച ശേഷം ഒരു ചോദ്യം. കുട്ടിക്കാലത്ത് വാഴയ്ക്കും കായ്കറിക്കുമൊക്കെ വെള്ളമൊഴിച്ചിട്ടുണ്ടോ? ഉണ്ടെന്നു മറുപടി. വാഴയ്ക്കു ‘ജലസേചനം’ ചെയ്തിട്ടു വരാനെന്നാണോ അമ്മ പറഞ്ഞിരുന്നത്. ‘‘അല്ല’’. പിന്നെ? ‘‘നനയ്ക്കാൻ’’. മറുപടി കേട്ടപ്പോള്‍ ചെറുചിരിയോടെ വീണ്ടും ചോദ്യം. ‘‘എഴുത്തിലും അങ്ങനെ പോരേ?’’. ഒപ്പം  കൂട്ടിച്ചേര്‍ത്തു,‘‘നന കഴിഞ്ഞ് കര്‍ഷകര്‍ അല്‍പം ജലസേചനം നടത്തിക്കോട്ടെ, നമ്മുടെ വലിയ കര്‍ഷകനെപ്പോലെ’’. പുരാണത്തിലെ കര്‍ഷക പ്രമുഖനായ ബലരാമന്‍ കേരരസപ്രിയനുമാണല്ലോ. കൂട്ടത്തില്‍ പറയട്ടെ, ബലരാമന്റെ മറുപേരാണ് അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചത്.  

‌കാര്‍ഷിക പ്രസിദ്ധീകരണത്തില്‍ കര്‍ഷകര്‍ക്കു മനസ്സിലാകുന്ന ലളിതമായ ഭാഷതന്നെ വേണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു വര്‍മസാറിന്. അങ്ങനെയാണ് ജലസേചനത്തിനു പകരം നനയും ഡ്രിപ് ഇറിഗേഷന്റെ വിവര്‍ത്തനമായ കണിക ജലസേചനത്തിനു പകരം തുള്ളിനനയും കര്‍ഷകശ്രീയില്‍ ഉപയോഗിച്ചു തുടങ്ങിയത്. സ്പ്രിങ്ക്ളര്‍ ഇറിഗേഷന്‍ തളിനനയായതും ഷെയ്ഡ് നെറ്റ് തണല്‍വലയായതും റെയിന്‍ ഷെല്‍റ്റര്‍ മഴമറയായതുമൊക്കെ അതിന്റെ തുടര്‍ച്ച. 

varma-sir-4
2008ലെ കർഷകശ്രീ അവാർഡ് സമർപ്പണ ചടങ്ങ്. അവാർഡ് ജേതാക്കളായ സി.എം.മുഹമ്മദ്–ഷക്കീല ദമ്പതികൾ, ഡോ. എം.എസ്.സ്വാമിനാഥൻ, അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവരോടൊപ്പം ആർ.ടി.രവിവർമ.

എഴുത്തിനൊപ്പം പ്രിയങ്കരമായിരുന്നു അദ്ദേഹത്തിനു വായനയും. ആരോഗ്യം തീരെ മോശമാവും മുന്‍പ് കാണുമ്പോഴെല്ലാം അദ്ദേഹം പറയുമായിരുന്നു, ‘‘കണ്ണിന് ആയാസം, വായിക്കാന്‍ വയ്യ, അതേയുള്ളൊരു വിഷമം’’. മലയാളത്തില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കവി സ്വന്തം അധ്യാപകന്‍ കൂടിയായ വൈലോപ്പിള്ളി ശ്രീധരമേനോനും കഥാകാരന്‍ ടി.പത്മനാഭനും. സാഹിത്യം കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രണയങ്ങള്‍ ശാസ്ത്രീയ സംഗീതവും കഥകളിയും ക്രിക്കറ്റും. തൃപ്പൂണിത്തുറയില്‍ ഇവയെയെല്ലാം ഊട്ടിവളര്‍ത്തിയ കോവിലകത്തായിരുന്നല്ലോ അദ്ദേഹത്തിന്റെ ജനനവും ബാല്യകൗമാരങ്ങളും. 

സാറിന്റെ ശക്തിയും ദൗര്‍ബല്യവുമായിരുന്നു ഭാര്യ ലീലത്തമ്പുരാട്ടി. സ്നേഹത്തിനും പ്രേമത്തിനുമപ്പുറം ആരാധന തന്നെയാണ് അദ്ദേഹത്തിനു തമ്പുരാട്ടിയോടുണ്ടായിരുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ‘ഉമയ്ക്കു ഹരന്‍’ എന്ന പോലെയാണ് ‘ലീല രവിക്ക്’ എന്നു ഒരിക്കല്‍ വൈലോപ്പിള്ളി പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. റഷ്യയിലേക്കുള്ള യാത്രയില്‍ കവി രണ്ടു നാള്‍ ഡല്‍ഹിയില്‍ പ്രിയ ശിഷ്യന്റെ വീട്ടില്‍ തങ്ങി. മടങ്ങാന്‍ നേരം തമ്പുരാട്ടിയോടു ചോദിച്ചു, ‘‘നിങ്ങളെങ്ങനെയാണ് ഗൗരിശങ്കരമായി ഇങ്ങനെ’’. ഞങ്ങളും പിണങ്ങാറുണ്ട്, പക്ഷേ രാത്രിയിലേക്ക് അതു നീളില്ല’’ എന്ന മറുപടി കേട്ട് കവി വിഷാദിച്ചു, ‘‘എന്തോ എനിക്കതിനു കഴിയുന്നില്ല’’. പേരക്കുട്ടികള്‍ക്കു മുത്തശ്ശിയെ അടുത്തറിയാന്‍ വര്‍മ സാര്‍ എഴുതിയ ‘ലൈഫ് വിത്ത് ലീല’ എന്ന ചെറു പുസ്കത്തിലേതാണ് ഈ ഓര്‍മക്കുറിപ്പ്. അതില്‍ സാര്‍ തുടരുന്നു, ‘‘എന്റെ എത്ര വലിയ പിണക്കവും അവരുടെ ഒരു ചിരിയിലും ബൂസ്റ്റ് കോഫിയുടെ രുചിയിലും അലിഞ്ഞുപോകും’’.

സ്വഭാവത്തിലും പെരുമാറ്റത്തിലും സാധാരണക്കാരനായിരുന്ന വര്‍മ സാര്‍ പക്ഷേ, നര്‍മത്തിന്റെ തമ്പുരാനായിരുന്നു. മേല്‍പറഞ്ഞ പുസ്തകത്തില്‍ പാലക്കാട്ടെ താമസക്കാലത്തു തന്റെ അയല്‍ക്കാരനായിരുന്ന ഒരു രാജഗോപാലന്‍ തമ്പാനെ ഓര്‍മിക്കുന്നുണ്ട്. കടുത്ത കമ്യൂണിസ്റ്റായിരുന്ന തമ്പാന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലതുപക്ഷത്തായി, ഇഎംഎസിന്റെ തീവ്ര വിമര്‍ശകനുമായി. അതെക്കുറിച്ചു സാറിന്റെ കമന്റ് ഇങ്ങനെ. ‘‘നമ്പൂരിപ്പാടിന്റെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ തമ്പാനെ പറ്റുകയുള്ളൂ എന്നെനിക്കു തോന്നിയിട്ടുണ്ട്. തമ്പാനുമുണ്ടായിരുന്നു സാമാന്യം നല്ല വിക്ക്’’.

തമാശകള്‍ പൊട്ടിക്കുന്നതുപോലെ തന്നെക്കുറിച്ചുള്ള തമാശകള്‍ ആസ്വദിക്കുകയും ചെയ്യുമായിരുന്നു വര്‍മ സാര്‍. ഒരിക്കല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ക്യാംപ് കഴിഞ്ഞു മടങ്ങുകയാണ് ഞങ്ങള്‍. കാര്‍ഷിക പത്രപ്രവര്‍ത്തനത്തില്‍ സാറിന്റെ സമശീര്‍ഷനായിരുന്ന ആര്‍.ഹേലി സാറുമുണ്ട് ഒപ്പം. ‘‘പയറ്റില്‍ ഞാനോ കണ്ണപ്പനോ കേമന്‍ എന്ന ചോദ്യത്തിന് ഇനിയും തീരുമാനമായിട്ടില്ല’’ എന്നു വടക്കന്‍ വീരഗാഥ സിനിമയില്‍ അരിങ്ങോടര്‍ പറയുന്നതുപോലെ

‘‘ഫാം ജേര്‍ണലിസത്തില്‍ സീരിയോ ഹേലിയോ കേമന്‍’’ എന്നൊരു ചോദ്യം എക്കാലവും അന്തരീക്ഷത്തിലുണ്ടായിരുന്നല്ലോ. അപ്പോഴും എപ്പോഴും ഇരുവരും സ്നേഹത്തിലും ബഹുമാനത്തിലുമൂന്നിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു താനും. സംസാരത്തിനിടെ വര്‍മ സാര്‍ ഹേലിസാറിനോടു പറയുന്നു, ‘‘എടോ, മനോരമയിലെ പിള്ളേരു സെറ്റ് ഒരു പഴഞ്ചൊല്ല് പരിഷ്കരിച്ച് ഇറക്കിയിട്ടുണ്ട്, നമ്മളെക്കുറിച്ച്’’. അതെന്താണു സുനിലേ എന്നു ഹേലിസാര്‍. ചോദ്യം കേട്ടു ഞാന്‍ പരുങ്ങി. പറയാന്‍ മടിച്ചപ്പോള്‍ വര്‍മ സാര്‍ പ്രോത്സാഹിപ്പിച്ചു. ‘‘ഉം പറഞ്ഞോളൂ’’. കര്‍ഷകശ്രീ ആദ്യ പതിപ്പിന്റെ ശില്‍പികളായ ബി.മുരളിയും വി.ജയദേവും മറ്റും ഇറക്കിയ പാരഡി ഞാന്‍ ഏറ്റുപറഞ്ഞു, ‘‘ഹേലിയോ സീരിയോ മൂത്തത്’’. അപ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍നിന്നു രണ്ടു ശുദ്ധാത്മാക്കളുടെ പൊട്ടിച്ചിരി മുഴങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com