ഇഷ്ടപ്പെടുമെങ്കിൽ മോദിക്ക് ഭക്ഷണം പാചകം ചെയ്ത് കൊടുക്കാം: മമത ബാനർജി
Mail This Article
കൊൽക്കത്ത ∙ നല്ലൊരു പാചകക്കാരിയാണ് താനെന്നും പ്രധാനമന്ത്രിക്ക് വേണമെങ്കിൽ അദ്ദേഹം ഇഷ്ടപ്പെടുന്ന ഭക്ഷണം പാചകം ചെയ്തു കൊടുക്കാമെന്നും മമത ബാനർജി. എന്നാൽ തന്റെ ഭക്ഷണം അദ്ദേഹം സ്വീകരിക്കുമോ എന്നും തന്നെ വിശ്വസിക്കുമോ എന്നും മമത സംശയം പ്രകടിപ്പിച്ചു.
ആർജെഡി നേതാവ് തേജസ്വി യാദവ് രാമനവമി ദിനത്തിൽ മീൻ കഴിച്ചു എന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയായാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പരിഹാസം. ഭക്ഷണ കാര്യങ്ങളിൽ പോലും ഇടപെടുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുകയാണ് മമത ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
‘ഞാൻ കുട്ടിക്കാലം മുതലേ പാചകം ചെയ്യും. എന്റെ കൈപ്പുണ്യത്തെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായവുമാണ്. മോദിക്ക് ഇഷ്ടപ്പെടുമെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാം. എനിക്ക് സസ്യഭക്ഷണം പോലെ മീൻകറിയും ഇഷ്ടമാണ്. ഹിന്ദുക്കളുടെ ഇടയിലെ വിവിധ വിഭാഗങ്ങളിൽ ഭക്ഷണ വൈവിധ്യമുണ്ട്. എന്ത് ആഹാരം കഴിക്കണമെന്ന് പറയാൻ ബിജെപിക്ക് എന്ത് അവകാശം?’– തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ മമത ചോദിച്ചു.
അതേസമയം, മമത രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപിയും ബിജെപിയുമായുള്ള രഹസ്യധാരണയുടെ സൂചനയാണ് പ്രസംഗമെന്ന് സിപിഎമ്മും പ്രതികരിച്ചതോടെ സംഭവം വിവാദമായി. സസ്യഭുക്കായി തുടരാനുള്ള മോദിയുടെ അവകാശം അംഗീകരിക്കാൻ മമതയ്ക്ക് എന്തുകൊണ്ടാണ് മടിയെന്ന് ബിജെപി നേതാവ് ശങ്കുദേവ് പാണ്ഡ ചോദിച്ചു. ഇരുവരും ‘സഹോദരീ സഹോദരൻമാരാ’ണെന്നതിനാൽ ഭക്ഷണം പാചകം ചെയ്തുകൊടുക്കുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് ബികാഷ് ഭട്ടാചാര്യ പറഞ്ഞു.