പോളിങ്: നാലാംഘട്ടം സംഭവബഹുലം; ചിത്രം മാറുന്നു, ആദ്യഘട്ടങ്ങളിലെ മടുപ്പ് മാറുന്നുവെന്ന് സൂചന
Mail This Article
കോട്ടയം ∙ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് നടന്നത് നാലാം ഘട്ടത്തിൽ– 68.25%. 2019 ൽ ഇതേ മണ്ഡലങ്ങളിലെ മൊത്തം പോളിങ് 69.12% ആയിരുന്നു. ഇക്കുറി ഇടിവ് ഒരു ശതമാനത്തിൽ താഴെ മാത്രം. നാലു ഘട്ടങ്ങളിലും കൂടിയുള്ള മൊത്തം പോളിങ്ങിലും ഇതനുസരിച്ച് വർധനയുണ്ട്– 66.71%. ഇതുവരെ 379 സീറ്റുകളിലാണു വോട്ടെടുപ്പ് പൂർത്തിയായത്.
2019 ൽ ഇതേ മണ്ഡലങ്ങളിലെ ശരാശരി പോളിങ് 68.95% ആയിരുന്നു. ഇക്കുറി പോളിങ് കുറവ് എന്ന ആദ്യഘട്ടങ്ങളിലെ വിലയിരുത്തൽ മെല്ലെ മാറിവരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. നരേന്ദ്ര മോദിയുടെ അംബാനി–അദാനി പ്രസ്താവന മുതൽ അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യം വരെയായി ഏറെ സംഭവബഹുലമായ ഘട്ടമായിരുന്നു നാലാമത്തേത് എന്നതും ശ്രദ്ധേയം.
കോൺഗ്രസ് ഏറെ പ്രതീക്ഷ വയ്ക്കുന്ന തെലങ്കാനയിൽ പോളിങ് 2 ശതമാനത്തിലേറെ കൂടി. ശ്രീനഗർ മണ്ഡലത്തിലെ വോട്ടർമാരുടെ മികച്ച പങ്കാളിത്തത്തോടെ ജമ്മു കശ്മീരിലെ മൊത്തം പോളിങ്ങും 2019 നെ അപേക്ഷിച്ചു വർധിച്ചു. നാലാം ഘട്ടത്തിൽ വോട്ടെടുപ്പു നടന്ന ഒഡീഷയിലെയും ജാർഖണ്ഡിലെയും മണ്ഡലങ്ങളിൽ പോളിങ് 2019ലേതിന് അടുത്തെത്തി. ഇവയിൽ ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഒഡീഷ.
നിർണായക സംസ്ഥാനങ്ങളായ ബിഹാറിലും മഹാരാഷ്ട്രയിലും 4 ഘട്ടങ്ങളിലെയും കൂടി കണക്കെടുക്കുമ്പോൾ പോളിങ്ങിലെ ഇടിവു കാര്യമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ മറാഠാ സംവരണപ്രശ്നവും കാർഷികപ്രതിസന്ധിയും ബിജെപിയെ പ്രതിരോധത്തിലാക്കിയ മണ്ഡലങ്ങളിലാണു നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 19 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയായി. ദക്ഷിണേന്ത്യയിലെ 131 സീറ്റുകളിലും വോട്ടെടുപ്പ് കഴിഞ്ഞു.