കസ്റ്റംസിന്റെ പേരിൽ തട്ടിപ്പ്: 1000 സ്കൈപ് ഐഡികൾ ബ്ലോക്ക് ചെയ്തു
Mail This Article
ന്യൂഡൽഹി ∙ ഇല്ലാത്ത പാഴ്സൽ വന്നതായി അറിയിച്ച് കസ്റ്റംസിന്റെയും പൊലീസിന്റെയും പേരിൽ നടത്തുന്ന വിഡിയോ കോൾ തട്ടിപ്പിൽ ഉൾപ്പെട്ട ആയിരത്തിലേറെ സ്കൈപ് ഐഡികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബ്ലോക്ക് ചെയ്തു. ആപ്പിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെയാണ് ബ്ലോക്ക് ചെയ്തത്.
ലഹരിമരുന്ന് അടക്കമുള്ള അനധികൃത വസ്തുക്കൾ ഇരയുടെ പേരിൽ കുറിയർ ആയി എത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പുകാർ സമീപിക്കുക. പൊലീസ് കേസ് വരുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സംഘം ഇരയിൽ നിന്ന് പണം ആവശ്യപ്പെടും. വിഡിയോ കോൾ ആപ് വഴി വിളിക്കുന്ന സംഘം ഇരയെ ‘ഡിജിറ്റൽ അറസ്റ്റി’ന് വിധേയമാക്കിയെന്നും അവകാശപ്പെടും. പൊലീസ് സ്റ്റേഷന്റെ വ്യാജ പശ്ചാത്തലവും വിഡിയോയിൽ ഒരുക്കും. വിളിക്കുന്നവർ പൊലീസ് അല്ലെങ്കിൽ കസ്റ്റംസ് വേഷത്തിലായിരിക്കും. ഇത്തരം തട്ടിപ്പ് കോളുകളോടു പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.