ADVERTISEMENT

തിരുവനന്തപുരം ∙ പോളിങ് ശതമാനം 2019 നെക്കാളും 7% കുറഞ്ഞതിന്റെ നിരാശയ്ക്കിടയിലും ഇക്കുറി ചരിത്രവിജയമുണ്ടാകുമെന്നായിരുന്നു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആദ്യ പ്രതികരണം. വീട്ടിലെത്തിയുള്ള വോട്ടിന്റെയും തപാൽ വോട്ടിന്റെയും കണക്കു കൂടി വരുമ്പോൾ പോളിങ് ശതമാനം 2014ന് അടുത്തെത്തുമെന്നു പാർട്ടികൾ കരുതുന്നു. 73.94% ആയിരുന്നു അന്നു പോളിങ്. 

ശബരിമല വിഷയം സൃഷ്ടിച്ച വൈകാരികതയും രാഹുൽ ഗാന്ധി കേരളത്തിൽനിന്നു പ്രധാനമന്ത്രിയാകാൻ പോകുന്നുവെന്ന പ്രതീക്ഷയും 2019 ലെ പോളിങ് കുതിപ്പിനു കാരണമായിരുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. 19–1 എന്ന യുഡിഎഫ് തരംഗ വിധിയിലും അതു പ്രതിഫലിച്ചു. ഇത്തവണ 72–75% ആയിരുന്നു യുഡിഎഫ് പ്രതീക്ഷ. ഇടതുമുന്നണി 73% വരെ കണക്കുകൂട്ടി.

ഉദ്യോഗസ്ഥതല മെല്ലെപ്പോക്ക് മൂലമാണ് പോളിങ് കുറഞ്ഞതെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫിന്റെ പ്രതീക്ഷകൾ മങ്ങിയതിന്റെ ആദ്യ തെളിവാണിതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. തങ്ങളുടെ വോട്ടെല്ലാം പോൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ ബൂത്തുകളിലെ അനാസ്ഥ കാരണം പോളിങ് കുറഞ്ഞെങ്കിൽ അതിൽ എല്ലാവരുടെയും ഓഹരിയുണ്ടാകുമെന്നാണ് യുഡിഎഫ് നിഗമനം.

ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം പോളിങ് ദിനം എൽഡിഎഫിന്റെ ആത്മവീര്യത്തെത്തന്നെ ബാധിച്ചതായി യുഡിഎഫ് കരുതുന്നു. എന്നാൽ ഊർജിത പ്രചാരണത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനമാണ് പോളിങ് ദിനം പ്രവർത്തകരിൽനിന്നുണ്ടായതെന്ന മറുപടിയാണ് എൽഡിഎഫിന്റേത്.

ന്യൂനപക്ഷ കേന്ദ്രങ്ങളി‍ൽ കനത്ത പോളിങ് നടന്നെന്ന അനുമാനമാണ് പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനും പങ്കുവയ്ക്കുന്നത്. ബിജെപി വിരുദ്ധ വികാരം ഇതിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും യുഡിഎഫ് അനുകൂല തരംഗത്തിന്റെ സൂചനയാണിതെന്നും കോൺഗ്രസ് കരുതുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യം മുഖ്യമന്ത്രി ക്ഷോഭിച്ചു തള്ളിയത് പരാജയ ഭീതിയുടെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി. പൊതുതിരഞ്ഞെടുപ്പിൽ കേന്ദ്രഭരണമാണ് സ്വാഭാവികമായും വിലയിരുത്തപ്പെടുകയെന്നു സിപിഎമ്മും വാദിക്കുന്നു. 

യുഡിഎഫിനു 15 സീറ്റിൽ ഉറച്ച വിജയപ്രതീക്ഷയാണ്. തൃശൂർ, കണ്ണൂർ, ആറ്റിങ്ങൽ, പാലക്കാട്, മാവേലിക്കര എന്നിവിടങ്ങളിൽ കടുത്ത മത്സരം നടന്നെങ്കിലും പ്രതീക്ഷിക്കുന്ന തരംഗമുണ്ടായാൽ അഞ്ചും കൂടെപ്പോരുമെന്നാണ് കണക്കുകൂട്ടൽ. കണ്ണൂർ, ആറ്റിങ്ങൽ, പാലക്കാട്, മാവേലിക്കര, കാസർകോട്, ആലത്തൂർ എന്നീ 6 മണ്ഡലങ്ങളിൽ ജയപ്രതീക്ഷയിലാണ് എൽഡിഎഫ്. വടകര, തൃശൂർ, ചാലക്കുടി  മണ്ഡലങ്ങളെക്കുറിച്ചും പ്രതീക്ഷയുണ്ട്. 

തൃശൂരിലും തിരുവനന്തപുരത്തും ഉറച്ച സാധ്യത എന്ന നിഗമനത്തിലാണ് എൻഡിഎ. മുന്നണിയുടെ വോട്ടു വിഹിതം 15 ശതമാനത്തിൽനിന്ന് 18– 20 വരെ എത്തുമെന്നും അവർ പ്രതീക്ഷിക്കുന്നു.

വർഷം പോളിങ് ഫലം

1980 62.16% എൽഡിഎഫ് 12, യുഡിഎഫ് 8

1984 77.13% യുഡിഎഫ് 17, എൽഡിഎഫ് 3

1989 79.30% യുഡിഎഫ് 17, എൽഡിഎഫ് 3

1991 73.32% യുഡിഎഫ് 16, എൽഡിഎഫ് 4

1996 71.11% യുഡിഎഫ് 10, എൽഡിഎഫ് 10

1998 70.66% യുഡിഎഫ് 11, എൽഡിഎഫ് 9

1999 70.19% യുഡിഎഫ് 11, എൽഡിഎഫ് 9

2004 71.45% എൽഡിഎഫ് 18, യുഡിഎഫ് 1, എൻഡിഎ 1

2009 73.38% യുഡിഎഫ് 16, എൽഡിഎഫ് 4

2014 73.94% യുഡിഎഫ് 12, എൽഡിഎഫ് 8

2019 77.84% യുഡിഎഫ് 19, എൽഡിഎഫ് 1

2024   70.80%

English Summary:

Loksabha election 2024 polling analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com