ADVERTISEMENT

കൊച്ചി∙ പുറത്ത് യൂണിഫോമിൽ പൊലീസ്, അകത്ത് മഫ്തിയിൽ. ശാന്തമായി സ്വപ്ന പദ്ധതികൾ വിശദീകരിക്കുന്ന മുഖ്യമന്ത്രി. എല്ലാം ശരിയെന്ന മട്ടിൽ വീർപ്പടക്കി സദസ്യർ.  പിണറായി വിജയൻ സിൽവർ ലൈൻ റെയിൽവേയെക്കുറിച്ചു ‘പൗരപ്രമുഖർക്കു’ മുന്നിൽ നടത്തിയ പദ്ധതി വിശദീകരണം തിരുവായ്ക്ക് എതിർവാ വരില്ലെന്ന് ഉറപ്പാക്കിത്തന്നെയായിരുന്നു. 

സദസ്സിന്റെ മുൻനിരയിൽ മൂന്നു വരികളിലായി പാർട്ടിക്കൂറുള്ള നേതാക്കളും മന്ത്രിമാരും സാംസ്ക്കാരിക നായകരും വ്യവസായികളും മറ്റും അടങ്ങിയ  വിഭാഗം. അതിനു പിന്നിൽ പലനിരകളിലായി ഉദ്യോഗസ്ഥർ. ചാനൽ ക്യാമറകളുടെ നീണ്ട നിരയ്ക്കും പിന്നിൽ ക്ഷണിക്കപ്പെട്ടവരുടെ നിരവധി നിരകൾ.  മുഖ്യമന്ത്രിയും കെ–റെയിൽ മേധാവിയും പ്രസംഗിക്കുമ്പോൾ എല്ലാവരും പൂർണ നിശബ്ദം. ഒച്ച പൊങ്ങിയാൽ പ്രശ്നമാകുമോ എന്നു കരുതിയ പോലെ.

സദസ്യരിൽ ചെറുതല്ലാത്ത വിഭാഗം പല വേഷങ്ങളിലെത്തിയ മഫ്തി പൊലീസായിരുന്നു. വേദിയിലേക്കുള്ള വഴിയടച്ച് കാക്കിക്കാരും നിലയുറപ്പിച്ചു. പുറത്ത് പ്രതിഷേധവും ലാത്തിയടിയും കരിങ്കൊടിയും ഉണ്ടായതുകൊണ്ടാവാം കടുത്ത ജാഗ്രതയിലായിരുന്നു യോഗം നടന്ന ടിഡിഎം ഹാൾ. 

പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മുൻ കാലങ്ങളിൽ ദേശീയ പാതയ്ക്കും പവർഗ്രിഡ് വൈദ്യുതിലൈനിനും ഗെയ്ൽ പൈപ്പ് ലൈനിനും സ്ഥലമെടുക്കാൻ ശ്രമിച്ചപ്പോൾ വലിയ എതിർപ്പ് വന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരാ എതിർത്തതെന്നോ അന്നു പ്രതിപക്ഷത്ത് ആരായിരുന്നു എന്നോ പറഞ്ഞില്ല. പക്ഷേ തങ്ങൾ അധികാരത്തിൽ വന്നപ്പോൾ എല്ലാവരും സഹകരിച്ചു. സ്ഥലം ഏറ്റെടുത്തെന്നു മാത്രമല്ല ‘ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കൂ’ എന്ന ആവശ്യവുമായി ഭൂവുടമകൾ വരികയാണെന്നും പിണറായി പറഞ്ഞു. 

ഒരു മണിക്കൂറെടുത്ത പ്രസംഗത്തിന്റെ 35–ാം മിനിറ്റിലാണ് റെയിൽ പദ്ധതിയെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. സ്ഥലം ഉടമകൾക്ക് ‘ചില്ലറ’ ബുദ്ധിമുട്ടുകൾ ഉണ്ടാവും. എന്നുവച്ചു ‘പിടിവാശി’ കാണിച്ചാൽ അതിനു വഴങ്ങില്ല. എതിർപ്പിനു വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമ്മം എന്നു പിണറായി പ്രഖ്യാപിച്ചു. 

തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി വന്നിട്ടു പൊലീസ് കയറ്റിവിടുന്നില്ല എന്നു പതിയെ പറഞ്ഞിട്ടു സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പുറത്തേക്കു പോയി. തിരികെ വന്നത് സാനുമാഷിനെയും കൈപിടിച്ചു നടത്തിക്കൊണ്ടാണ്. മാഷിനു മുനിരയിലിരിക്കാൻ വൈപ്പിനിലെ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എഴുന്നേറ്റു സീറ്റു കൊടുത്തു. എസ്.എൻ.സ്വാമിക്കും പിറകിൽ സീറ്റ് ഉറപ്പാക്കിയിരുന്നു. 

ചോദ്യോത്തരവേളയിലെ ചോദ്യങ്ങളിൽ പ്രശംസയും വിനയവും നിറഞ്ഞു. ചോദ്യകർത്താവ് ആദ്യം പദ്ധതിയെ അഭിനന്ദിക്കും, പിന്നെയാണു ചോദ്യം. കെ റെയിൽ സിഇഒ ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറഞ്ഞത് പലപ്പോഴും ലഘുലേഖയിൽ നിന്നു വായിച്ചുകൊണ്ടാണ്. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികൾ മുൻകൂട്ടി തന്നെ ലഘുലേഖയിൽ ഉൾപ്പെടുത്തിയിരുന്നു

എല്ലാം ആസൂത്രണം ചെയ്തു പേലെ തന്നെ ശാന്തമായും കൃത്യമായും പൂർത്തിയായി. തങ്ങളുടെ റോൾ ഭംഗിയായി െകെകാര്യം ചെയ്തു തീർത്ത നടീനടൻമാരെന്നവണ്ണം  സംതൃപ്തരായി സദസ്യർ പുറത്തേക്കൊഴുകിയതും നിശബ്ദമായിത്തന്നെ

English Summary : CM Pinarayi Vijayan's meeting explaining silverline

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com