‘ഭർത്താവിന് മർദിക്കാൻ അവകാശമുണ്ടെന്ന മനോഭാവത്തിലാണ് പൊലീസ് പെരുമാറിയത്’: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ
Mail This Article
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവരന്റെ ക്രൂര മർദനത്തിനു യുവതി ഇരയായ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. കുറ്റക്കാർക്കെതിരെയും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പൊലീസ് നയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കു രേഖാമൂലം പരാതി നൽകുമെന്നും അവർ അറിയിച്ചു.
കേരളത്തിലെ ജനകീയ പൊലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാടാണു പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചത്. പുക്കുകളോടുകൂടി യുവതി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ വന്നപ്പോൾ അപമര്യാദയോടു കൂടിയ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്, ഇരയുടെ മൊഴി ശരിയായ രൂപത്തിൽ രേഖപ്പെടുത്താൻപോലും പൊലീസ് തയാറായില്ല. ശാരീരിക പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന മനോഭാവത്തിലാണു പൊലീസ് പെരുമാറിയത്. മുൻപും സമാനമായ അനുഭവങ്ങൾ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സംഭവത്തിൽ നവവരൻ രാഹുലിനെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസെടുത്തിരുന്നു. രാഹുൽ വിദേശത്തേക്കു കടന്നതായാണു വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസന്വേഷിക്കുന്നത്. അതേസമയം, രാഹുൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവർ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞാണു രാഹുൽ നാടുവിട്ടത്. പൊലീസിൽ പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.