ADVERTISEMENT

കഴിഞ്ഞ രണ്ടര മാസത്തോളമായി ഓഹരി സൂചികയായ നിഫ്‌റ്റി ഒരു പരിധിക്കുള്ളില്‍ വ്യാപാരം ചെയ്യുന്നതാണ്‌ കാണുന്നത്‌. ഈ പരിധി ഭേദിക്കുന്നതിനായുള്ള സന്നാഹങ്ങള്‍ നടത്താന്‍ ഈ മാസം ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കാലാവധി കഴിയുമ്പോള്‍ നിഫ്‌റ്റിക്ക്‌ സാധിച്ചില്ലെങ്കില്‍ നിലവിലുള്ള ചാഞ്ചാട്ടം ഇനിയും തുടരുമെന്ന്‌ കരുതേണ്ടി വരും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന്‌ മുമ്പുള്ള ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ പ്രതിമാസ കരാറുകള്‍ അവസാനിക്കുന്ന മാര്‍ച്ച്‌ 28ലെ ക്ലോസിങ് വിപണിയ്ക്ക് നിര്‍ണായകമാകും.

ജനുവരി 15നാണ്‌ നിഫ്‌റ്റി ആദ്യമായി 22,000 പോയിന്റ്‌ മറികടന്നത്‌. ജനുവരി 15ന്‌ രേഖപ്പെടുത്തിയ 22,115.55 പോയിന്റ്‌ എന്ന അതുവരെയുള്ള ഉയര്‍ന്ന നിലവാരത്തില്‍ നിന്നും രണ്ട്‌ മാസത്തിനുള്ളില്‍ കേവലം രണ്ട്‌ ശതമാനം മുന്നേറ്റം മാത്രമാണ്‌ നടത്താനായത്‌. മാര്‍ച്ച്‌ 11ന്‌ 22,526 പോയിന്റ്‌ എന്ന റെക്കോഡ്‌ നിലവാരം രേഖപ്പെടുത്തിയ നിഫ്‌റ്റി അതിനു ശേഷം ഏകദേശം മൂന്നര ശതമാനം തിരുത്തല്‍ നേരിടുകയും ഒരു പരിധിക്കുള്ളില്‍ നീങ്ങുകയും ചെയ്യുന്നതാണ്‌ കാണുന്നത്‌. ഇതിനൊപ്പം പല ഓഹരികളും മുന്നേറ്റത്തിന്റെ പാതയില്‍ നിന്നും ചാഞ്ചാട്ടത്തിന്റെ വഴിയേ തിരിയുകയും ചെയ്‌തു.

മുന്നേറ്റം സാധ്യമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പായി ഒരു മുന്നേറ്റം വിപണിയിലുണ്ടാകുമെന്ന പൊതുവെയുള്ള പ്രതീക്ഷ സഫലീകരിക്കപ്പെടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും മാര്‍ച്ച്‌ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ നിഫ്‌റ്റി ഏത്‌ നിലവാരത്തിലാകും ക്ലോസ്‌ ചെയ്യുക എന്നതിനെ ആശ്രയിച്ചിരിക്കും. നിഫ്‌റ്റിക്ക്‌ മാര്‍ച്ച്‌ 28ന്‌ 22,200 പോയിന്റിന്‌ മുകളിലായി ക്ലോസ്‌ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ്‌ ഫലത്തിന്‌ മുമ്പ്‌ ഒരു മുന്നേറ്റം വിപണിക്ക്‌ തീര്‍ത്തും ശ്രമകരമാകും.

ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകള്‍ അവസാനിക്കുന്ന ദിവസമാണ്‌ പ്രധാനമായും പുതിയ കരാറുകളിലേക്ക്‌ ട്രേഡര്‍മാര്‍ കടക്കുന്നത്‌. ഈ ദിവസത്തെ നിഫ്‌റ്റിയുടെ ഗതി ഏത്‌ തരത്തിലുള്ള സമീപനമാകണം സ്വീകരിക്കേണ്ടത്‌ എന്ന കാര്യത്തില്‍ ട്രേഡര്‍മാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മാസമായതിനാല്‍ മാര്‍ച്ച്‌ കരാര്‍ അവസാനിക്കുന്ന നിലവാരത്തിന്‌ പ്രാധാന്യമേറുന്നു. അതിനൊപ്പം ഏപ്രില്‍ 19ന്‌ തിരഞ്ഞെടുപ്പ്‌ ആരംഭിക്കുന്നതിന്‌ മുമ്പായി കാലാവധി അവസാനിക്കുന്ന കരാര്‍ കൂടിയാണ്‌ മാര്‍ച്ചിലേത്‌ എന്നത്‌ ഈയാഴ്‌ചയെ സംഭവബഹുലമാക്കുന്നു.

മാര്‍ച്ച്‌ 20ന്‌ 21,710.2 പോയിന്റ്‌ വരെ ഇടിഞ്ഞ നിഫ്‌റ്റി കഴിഞ്ഞ മൂന്ന്‌ ദിവസവും നേട്ടത്തോടെയാണ്‌ ക്ലോസ്‌ ചെയ്‌തത്‌. മാര്‍ച്ച്‌ 20ലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ഏകദേശം 500 പോയിന്റ്‌ വരെ മുന്നേറാന്‍ നിഫ്‌റ്റിക്ക്‌ സാധിച്ചു. പ്രധാനമായും അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക്‌ ആയ യുഎസ്‌ ഫെഡ്‌ ഈ വര്‍ഷം മൂന്ന്‌ തവണ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയത്‌ ആഗോള വിപണിക്ക്‌ പകര്‍ന്ന ഊര്‍ജമാണ്‌ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്‌.

പുതിയ റെക്കോർഡ്

നിഫ്‌റ്റി മാര്‍ച്ച്‌ 28ന്‌ 22,200 പോയിന്റിന്‌ മുകളിലായി ക്ലോസ്‌ ചെയ്‌താല്‍ വിപണിയിലെ മുന്നേറ്റ പ്രവണത തുടരുമെന്നും പുതിയ റെക്കോഡ്‌ നിലവാരത്തിലേക്ക്‌ കടക്കുമെന്നും പ്രതീക്ഷിക്കാം. മറിച്ച്‌ ഈ നിലവാരത്തിന്‌ താഴെയായാണ്‌ ക്ലോസ്‌ ചെയ്യുന്നതെങ്കില്‍ കഴിഞ്ഞ രണ്ട്‌ മാസമായി കാണുന്ന ഒരു പരിധിക്കുള്ളിലെ ചാഞ്ചാട്ടം തുടരാനാണ്‌ സാധ്യത. ഈ സാധ്യതയാണ്‌ യാഥാര്‍ത്ഥ്യമാകുന്നതെങ്കില്‍ നിഫ്‌റ്റിയുടെ അടുത്ത മുന്നേറ്റം സംഭവിക്കണമെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലം വരെ കാത്തിരിക്കേണ്ടിയും വരാം.

(ഹെഡ്‌ജ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

Share Market Closing this Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com