‘വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ പ്രശ്നമുണ്ടായി, ഒരുപാട് കരഞ്ഞു’; നയന ജോസൻ വിവാഹിതയാകുന്നു
Mail This Article
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നയന ജോസന്‍. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായ നയന ബാലതാരമായി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ നയന. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി. എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന, കരുതല്‍ നൽകുന്ന, എന്റെ വ്യക്തിത്വത്തിന് സ്പേസ് നൽകുന്ന, എന്റെ പാഷനെയും ടാലന്റിനെയും സപ്പോർട്ട് ചെയ്യുന്ന ഈ മനുഷ്യനെ സ്വന്തമാക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. അവസാനമായി, ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം’. എന്ന കുറിപ്പോടു കൂടിയാണ് നയന വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്.
നർത്തകനായ ഗോകുലിനെയാണ് നയന വിവാഹം ചെയ്യുന്നത്. ലഹങ്കയണിഞ്ഞ് അതിസുന്ദരിയായാണ് നയന വിവാഹ നിശ്ചയത്തിന് ഒരുങ്ങിയത്. പച്ച ബ്ലൗസിനൊപ്പം പർപ്പിൾ നിറത്തിലുള്ള ലഹങ്കയാണ് സ്റ്റൈൽ ചെയ്തത്. പച്ച നിറത്തിലുള്ള കുർത്തയാണ് ഗോകുൽ തിരഞ്ഞെടുത്തത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്.
മമ്മൂട്ടി നായകനായ പട്ടണത്തിൽ ഭൂതമെന്ന സിനിമയിൽ നയന അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.