ഒരു എയർപോഡിന്റെ ചാർജ് വേഗം തീരുന്നു! ഈ പ്രശ്നം പരിഹരിക്കാം
No Sound in One AirPod?
Mail This Article
ഇയര്‍ഫോണുകളില്‍ വലിയ മാറ്റമാണ് എയര്‍പോഡുകള്‍ സൃഷ്ടിച്ചത്. എങ്കിലും കൂട്ടത്തില്‍ ഒരു എയര്‍പോഡ് മാത്രം നിലച്ചുപോവുന്നത് കേള്‍വിയുടെ സുഖം കളയും. ആ സമയത്തെങ്കിലും വയറുള്ള ഇയര്‍ഫോണുകളാണ് നല്ലതെന്നു പോലും ചിന്തിച്ചെന്നും വരാം. വയര്‍ലെസ് ഇയര്‍ഫോണുകളില്‍ എന്തുകൊണ്ടാണ് ഒരെണ്ണത്തില്‍ പെട്ടെന്ന് ചാര്‍ജ് തീരുന്നത്? ഈ ചോദ്യത്തിനും ഉത്തരമുണ്ട്.
ജോലിസമയത്തും ഒഴിവുസമയത്തും ഒരുപോലെ നമ്മള് ഫോണും ഇയര്‍ഫോണുകളും ഉപയോഗിക്കാറുണ്ട്. എയര്‍പോഡുകളില്‍ ഒന്നിന്റെ ചാര്‍ജ് വേഗത്തില്‍ തീരുമ്പോഴുണ്ടാവുന്ന നിരാശയും ദേഷ്യവും സ്വാഭാവികമായും കാണാറുണ്ട്. എന്തുകൊണ്ടാണ് എയര്‍പോഡുകളില്‍ ഒന്നിന്റെ ചാര്‍ജ് വേഗത്തില്‍ തീരുന്നതെന്ന് ആപ്പിള്‍ തന്നെ വിഡിയോയില്‍ വിവരിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ആപ്പിള്‍ പറഞ്ഞു തരുന്നുണ്ട്.
എയര്‍പോഡുകള്‍ കെയ്സിന്റെ ഉള്ളിലേക്കു വെക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ഏതെങ്കിലും ഒന്ന് ചാര്‍ജിങ് പിന്നുമായി സമ്പര്‍ക്കത്തില്‍ ആവാതിരിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ചാര്‍ജിങ് പിന്നുമായി സമ്പര്‍ക്കത്തിലില്ലാത്ത എയര്‍പോഡിലെ ചാര്‍ജ് വേഗത്തില്‍ കുറയും. ഈ പ്രശ്നം വളരെയെളുപ്പം പരിഹരിക്കാം. ചെറിയൊരു പഞ്ഞിയെടുത്ത് കെയ്സ് വൃത്തിയാക്കുക. ഇതിലുള്ള പൊടിയോ അഴുക്കോ ഒക്കെയാവാം പ്രശ്നത്തിനു പിന്നില്‍. പുറമേ നിന്നു നോക്കുമ്പോള്‍ ചിലപ്പോള്‍ അഴുക്കൊന്നും കണ്ടില്ലെങ്കില്‍ പോലും വൃത്തിയാക്കിയാല്‍ എയര്‍പോഡിന്റെ ചാര്‍ജിങ് പ്രശ്നം പരിഹരിക്കപ്പെടാറുണ്ട്.
വ്യത്യസ്ത എയര്‍പോഡുകള്‍ക്ക് വ്യത്യസ്ത ഫങ്ഷനുകള്‍ നല്‍കുന്നതും ചാര്‍ജ് പെട്ടെന്നു കുറയാന്‍ കാരണമാവും. ഉദാഹരണത്തിന് സിരിയുടെ ഫങ്ഷനുകള്‍ക്കും കോള്‍ എടുക്കാനുമെല്ലാം ഒരു എയര്പോഡായിരിക്കും പ്രധാനമായും ഉപയോഗിക്കുക. രണ്ടാമത്തെ എയര്‍പോഡ് നോയിസ് കണ്ട്രോളിനായാണ് ഉപയോഗിക്കുക. ഐഫോണ്‍ സെറ്റിങ്സില്‍ പോയി ഇയര്‍പോഡുകളുടെ ചുമതലകള്‍ രണ്ടിനും ഒരേപോലെയാണെന്ന് ഉറപ്പുവരുത്തുക. ഇത് ഏതെങ്കിലും ഒരു എയര്‍പോഡിലെ ചാര്‍ജ് പെട്ടെന്ന് ഇറങ്ങുന്നത് തടയാന്‍ സഹായിക്കും.
ഇതൊന്നുമല്ലാതെ നമ്മുടെ ശീലങ്ങളും ചിലപ്പോഴെങ്കിലും പ്രശ്നക്കാരാവാറുണ്ട്. ഉദാഹരണത്തിന് കോള്‍ വരുമ്പോള്‍ ഏതെങ്കിലും ഒരു എയര്‍പോഡ് മാത്രം ഉപയോഗിച്ച് കേള്‍ക്കുന്ന ശീലമുണ്ടെങ്കില്‍ അതും പ്രശ്നമായേക്കാം. പലപ്പോഴും ഒരു എയര്‍പോഡ് മാത്രമാണ് സ്ഥിരമായി ഉപയോഗിക്കുക. ദീര്‍ഘസമയം ഏതെങ്കിലും ഒരു എയര്‍പോഡ് ഉപയോഗിച്ചാല്‍ അതിന്റെ ചാര്‍ജ് വേഗത്തിലിറങ്ങുന്നത് സ്വാഭാവികം മാത്രം. മാത്രമല്ല ദീര്‍ഘകാലം ഈ ശീലം തുടര്‍ന്നാല്‍ ഒരു എയര്‍പോഡിനെ അപേക്ഷിച്ച് മറ്റൊന്നിന്റെ ചാര്‍ജിങ് കപ്പാസിറ്റിയിലും മാറ്റങ്ങളുണ്ടാവും.