സാംസങ് ഫോണിൽ പച്ചവര വീണോ?, ഡിസ്‌പ്ലേ സൗജന്യമായി മാറി നല്കും; ഈ മോഡലുകളിൽ മാത്രം!
Mail This Article
ഗ്രീൻ ലൈൻ പ്രശ്‌നമുള്ള പരിമിത മോഡലുകളിൽ ഒറ്റത്തവണ സൗജന്യ ഡിസ്‌പ്ലേ റീപ്ലേസ്‌മെന്റുമായി സാംസങ്. സാംസങ് ഫോണുകളുടെ പച്ചവര പ്രശ്നം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതിനുശേഷമാണ് പരിമിതമായ മോഡലുകളിലെ പ്രശ്നമെങ്കിലും പരിഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള ഫോണുകളുടെ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റുകൾക്കുശേഷമാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്.
എക്സിലെ ഒരു സ്‌ക്രീൻ ഗ്രാബ് അനുസരിച്ച്, വാങ്ങിയ മൂന്ന് വർഷത്തിനുള്ളിൽ ഈ മോഡലുകളിൽ മാത്രമേ ഒറ്റത്തവണ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ലഭിക്കൂ. galaxy S22 അൾട്രാ, Galaxy S21, Galaxy S21 Plus, Galaxy S21 Ultra , Galaxy S20, Galaxy S20 Plus, Galaxy S20 Ultra, Galaxy Note 20, Galaxy Note 20 Ultra എന്നീ ഫോണുകളാണ് നിലവിൽ ലിസ്റ്റിൽ ഉൾപ്പെടുന്നത്.
എസ് 21 എഫ്ഇ, എം സീരീസിലെ ചില ഫോണുകളും പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ സാംസങ് അതിനെക്കുറിച്ചു മൗനത്തിലാണ്.
സാംസങ് സ്മാർട്ട്ഫോണുകൾ മാത്രമല്ല വൺപ്ലസ് ഫോണുകളിൽ ചിലതും ഗ്രീൻ സ്ക്രീൻ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വൺ പ്ലസും സൗജന്യ റിപ്ലേസ്മെന്റ് നൽകുകയും ചെയ്തിരുന്നു. അതേപോലെ ഇതേ പ്രശ്‌നം നേരിടുന്ന മറ്റ് സാംസങ് ഫോണുകളിലേക്കും കമ്പനി ഈ ഓഫർ വ്യാപിപ്പിക്കുമോ എന്ന് കണ്ടറിയണം.
എല്ലാ സ്‌ക്രീൻ റിപ്പയറിനുമൊപ്പം പുതിയ ബാറ്ററിയും സാംസങ് വാഗ്ദാനം ചെയ്യുന്നു പക്ഷേ യോഗ്യതയുള്ള സ്മാർട്ട്‌ഫോണുകൾക്ക് കേടുപാടുകൾ ഉണ്ടാകരുതെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയതായിരിക്കണമെന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞ ഗാലക്‌സി എസ് അല്ലെങ്കിൽ നോട്ട് സീരീസ് ഉപകരണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഗ്രീൻ ലൈൻ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, സ്‌മാർട്ട്‌ഫോണിന്റെ സ്‌ക്രീൻ ശരിയാക്കാൻ നിങ്ങൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. നിങ്ങളുടെ പ്രദേശത്തെ ഏറ്റവും അടുത്തുള്ള സാംസങ് സേവന കേന്ദ്രവുമായി ബന്ധപ്പെട്ട് ഏപ്രിൽ 30-ന് മുമ്പ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.
ഫോണുകളിലെ ഗ്രീൻ ലൈൻ പ്രശ്നം എന്താണ്?
ഫോണുകളിലെ ഗ്രീൻ ലൈൻ പ്രശ്‌നം ഒരു ഹാർഡ്‌വെയർ പ്രശ്‌നമാണ്, ഗ്രീൻ ലൈൻ പ്രശ്‌നത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഭൂരിഭാഗത്തിലും അമോലെഡ് ഡിസ്പ്ലേയാണ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പരിഹരിക്കാൻ കഴിയില്ല. ബാധിച്ച ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, ഫോൺ മോഡലിനെ ആശ്രയിച്ച് അത്തരം റിപ്പയർ ഡിസ്‌പ്ലേ അസംബ്ലിയും മദർബോർഡും ഉൾപ്പെട്ടേക്കാം. ഒരു അറ്റകുറ്റപ്പണി ആരംഭിക്കാൻ ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെടുക.