നിമിഷങ്ങൾക്കുള്ളിൽ വിഡിയോകൾ, തെറ്റില്ലാതെ ജിമെയിൽ, 64 ഭാഷകളിൽ സംസാരിക്കാം; ഞെട്ടിക്കുന്ന എഐ ടെക്നോളജി
Mail This Article
സാധാരണ ഉപയോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടുത്താവുന്ന എഐ ടെക്നോളജിയുമായി ഗൂഗിൾ. ലാസ് വെഗാസില്‍ നടന്ന ചടങ്ങിലാണ് തങ്ങളുടെ നൂതന ആപ്പുകളും സേവനങ്ങളും അടക്കമുള്ള സവിശേഷതകള്‍ കമ്പനി പരിചയപ്പെടുത്തിയത്. സേവനങ്ങളിലേറെയും എഐ കേന്ദ്രീകൃതമാണ്.
∙ഗൂഗിള്‍ വിഡ്സ്
ആര്‍ക്കും ക്രിയേറ്റീവ് വിഡിയോ നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനമാണ് എഐ ആപ്പായ ഗൂഗിള്‍ വിഡ്സ് (Google Vids). ഫോട്ടോസും, വിഡിയോസും, ടെക്സ്റ്റും ഒക്കെ ഉള്‍ക്കൊള്ളിച്ച് പുതിയ വിഡിയോ തത്സമയം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നാണ് ഗൂഗിള്‍ വിഡ്സ്.
വിഡിയോയെക്കുറിച്ചുള്ള വിവരണം നല്‍കുകയും, മെറ്റീരിയല്‍ വിഡ്സില് ഇടുകയുമാണ് ചെയ്യേണ്ടത്. ടെംപ്ലേറ്റുകളും, വോയിസ് ഓവറും തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കും. വോയിസ് ഓവര്‍ സ്വന്തം സ്വരമോ, പ്രീ സെറ്റ് ആയിട്ടുള്ളതോ തിരഞ്ഞെടുക്കാം. ജൂണില്‍ ഗൂഗില്‍ വിഡ്സ് കമ്പനിയുടെ തന്നെ വര്‍ക്സ്പെയ്സ് ലാബ്സില് ലഭ്യമാകും.
∙ജിമെയിലില്‍
ജിമെയിലില്‍ വരുത്തിയേക്കാവുന്ന തെറ്റുകള്‍ തിരുത്താനും ഗൂഗിളിന്റെ ജെമിനൈ എഐയുടെ സാന്നിധ്യം ഉണ്ടായിരിക്കും. ഗൂഗിള്‍ മീറ്റിലും, ചാറ്റിലും എഐ സാന്നിധ്യമറിയിക്കും.
∙വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ തമ്മിലുളള ഇടപെടലുകള്‍ എളുപ്പത്തിലാക്കാന്‍ 'ട്രാന്‍സ്ലേറ്റ് ഫോര്‍ മി'. ഗൂഗിള്‍ മീറ്റില്‍ അടക്കം ഇത് പ്രയോജനപ്പെടുത്താം. ഇത് 69 ഭാഷകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു.
∙'ടെയ്ക് നോട്സ് ഫോര്‍ മി' ഉപയോഗിച്ചാല്‍ ഗൂഗിള്‍ മീറ്റില്‍ നടക്കുന്ന സംഭാഷണങ്ങളുടെ നോട്സ് എഐ തായാറാക്കി തരും. മീറ്റിങുകളുടെ സംക്ഷിപ്ത രൂപം തയാറാക്കാന്‍ വ്യക്തികളെ ചുമതലപ്പെടുത്തുകയാണല്ലോ ഇപ്പോള്‍.
∙ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തമ്മില്‍ ഇടപെടാനുളള ചാറ്റ് ആപ്പിലും എഐ സന്നിവേശിപ്പിച്ചിരിക്കുന്നു. പരസ്പരം പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കവും മറ്റും നല്‍കും. ഈ ഫീച്ചര്‍ 2024ല്‍ തന്നെ എത്തും. എന്നാല്‍, ഒരു യൂസറിന് 10 ഡോളര്‍ വച്ച് നല്കിയാല് മാത്രമെ ഈ ആധൂനിക സേവനത്തിന്റെഗുണം ആസ്വദിക്കാന്‍ ഗൂഗിള്‍ അനുവദിക്കൂ.
∙ഗൂഗിള്‍ ഡിസ്ട്രിബ്യൂട്ടഡ് ക്ലൗഡിനും പുതിയ എഐ മോഡലുകളും, പുതിയ പ്ലാറ്റ്ഫോമുകളും, പല സുരക്ഷാ സംവിധാനങ്ങളം ലഭിക്കും. ഇതിലേക്ക് ലാമാ (Llama), ഗെമാ (Gemma) 7ബി തുടങ്ങിയ എഐ മോഡലുകളാണ് എത്തുന്നത്.
സ്ഥാപനങ്ങള്‍ക്കായി ക്രോം എന്റര്‍പ്രൈസ് പ്രീമിയം
ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി സ്ഥാപനങ്ങള്‍ക്കായി ക്രോം എന്റര്‍പ്രൈസ് പ്രീമിയം പുതിയ പതിപ്പ്.
ബിഗ്ക്വെയറിക്കും ലോക്കറിനും ജെമിനൈ എഐ
ബിഗ്ക്വെയറി (BigQuery), ലോക്കര്‍, ഗൂഗിള്‍ ക്ലൗഡ് ഡേറ്റാബേസ് എന്നിവയിലേക്കും ജെമിനൈ 2024ല്‍ എത്തുന്നു. ങ്ങളുടെ എഐ ഹൈപ്പര്കംപ്യൂട്ടര് ആര്കിടെക്ചറിനും ഒട്ടനവധി നൂതന ഫീച്ചറുകള്‍ വരുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.
എന്‍വിഡിയയുമായി ഉള്ള കരാര്‍ ഗൂഗിള്‍ ക്ലൗഡിനു ശക്തി പകരും
ഗൂഗിള്‍ ക്ലൗഡിന്റെ എഐ വല്‍ക്കരണത്തെക്കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ ക്ലൗഡ് നെക്സ്റ്റ് '24 ഇവന്റില്‍ കമ്പനി പുറത്തുവിട്ടു. പ്രമുഖ ചിപ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുമായി തങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കാര്യമാണ് ഗൂഗിള്‍ അറിയിച്ചവയില്‍ പ്രധാനം. എന്‍വിഡിയയുടെ പുതിയ ഗ്രേസ് ബ്ലാക്വെല്‍ പ്ലാറ്റ്ഫോം ഗൂഗിള്‍ കസ്റ്റമേഴ്സിനും, പാര്ട്ണെഴ്സിനും ക്ലൗഡ് വഴി ഉപയോഗിക്കാന്‍ സാധിക്കും. ലോകത്തെ ഏറ്റവും വലിയ ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റ് ആണ് ബ്ലാക്വെല്‍.
ലോകത്തെ ആദ്യത്തെ എഐ സോഫ്റ്റ്വെയര് ടെസ്റ്റര്‍ വരുന്നു
പ്രമുഖ ഓട്ടമേഷന്‍ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഗ്രിഡ് ലോകത്തെ ആദ്യത്തെ നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ സോഫ്റ്റ്വെയര് ടെസ്റ്റര്‍ പരിചയപ്പെടുത്തി. ഇത് കോടെസ്റ്റര് (CoTester) എന്ന പേരിലാണ് ലഭ്യമാക്കുക. സോഫ്റ്റ്വെയര് ടെസ്റ്റിങ് നടത്തുന്ന ടീമുകളില്‍ പുതിയൊരു അംഗം എത്തിയതു പോലെ കോടെസ്റ്ററിനെ സ്വാഗതം ചെയ്യാന്‍ ടെസ്റ്റ്ഗ്രിഡ് മേധാവി ഹാരി റാവു പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് കണ്ടിട്ടില്ലെന്ന് മെറ്റാ
ഇന്ത്യയിലും അമേരിക്കയിലും അടക്കം അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടേക്കാം എന്ന് പല കേന്ദ്രങ്ങളും മുന്നറിയിപ്പു നല്‍കിയിരുന്നു. എഐ പ്രയോജനപ്പെടുത്തി മാറ്റം വരുത്തി കണ്ടെന്റ് ആയിരിക്കും പ്രചരിക്കുകഎന്നാണ് മുന്നറിയിപ്പ്. ഇതില്‍ പലതും മെറ്റായുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്ദേശക്കൈമാറ്റ സംവിധാനങ്ങള്‍ വഴിയാകും പ്രചരിക്കുക എന്നും പറഞ്ഞിരുന്നു. എന്നാല്‍, മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഇതുവരെ അത്തരം ഒരു ശക്തമായ പ്രവണത തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന്മെറ്റാ ഗ്ലോബല്‍ പ്രസിഡന്റ് നിക് ക്ലെഗ് പറഞ്ഞു.
എഐയെ പരിശീലിപ്പിക്കാന്‍ ഷട്ടര്‍സ്റ്റോക്കിന്റെ സഹകരണം തേടി ആപ്പിള്‍
തങ്ങളുടെ എഐ സംവിധാനങ്ങളെ പരിശീലിപ്പിച്ചെടുക്കാന്‍ പ്രമുഖ സ്റ്റോക് ഫോട്ടോ, വിഡിയോ ലൈബ്രറിയായ ഷട്ടര്സ്റ്റോക്കുമായി ആപ്പിള്‍ കരാറില്‍ ഒപ്പിട്ടു. ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ചുവരുന്ന ഫൗണ്ടേഷന് മോഡലിന് മികച്ച പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ് ഇത്സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
ഐഫോണ്‍ 16 സീരിസ് എഐ ഫീച്ചര്‍ സമൃദ്ധമായേക്കും. ഇതിന് ചൈനയിലൊഴികെ ഗൂഗിളിന്റെ എഐ ആയിരിക്കും പ്രയോജനപ്പെടുത്തുക എന്നും, ചൈനയില്‍ ബെയിഡുവുന്റെ ഏര്‍ണി ബോട്ട് ഉള്‍പ്പെടുത്തുമെന്നുമാണ് ഇപ്പോള്‍ കരുതുന്നത്. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ ഉപകരണങ്ങളില്സ്വന്തം എഐ പ്രവര്‍ത്തിപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്.
സ്റ്റുഡിയോ ഉടമകളെ സഹായിക്കാന്‍ ക്യാനന്
രാജ്യത്ത് സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കുന്നവരെ സഹായിക്കാന്‍ ജാപനീസ് ക്യാമറാ നിര്‍മാണ ഭീമന് ക്യാനന്. 'നോര്‍ത് സ്റ്റാര്‍' എന്ന പേരിട്ടിട്ടുള്ള സേവനം വഴി സ്റ്റുഡിയോ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികമായ പല വിഷയങ്ങളിലും ഉപദേശം ലഭിക്കും. സ്റ്റുഡിയോ ഉടമകള്‍ വാങ്ങേണ്ട ഉപകരണങ്ങള്‍, പ്രൊഡക്ഷന്‍ രീതികള്‍ തുടങ്ങിയവയ്ക്ക് ആയിരിക്കും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുക.
ബ്രോഡ്കാസ്റ്റിങ്, ഓടിടി പ്ലാറ്റ്ഫോമുകള് തുടങ്ങിയവയ്ക്കുള്ള കണ്ടെന്റ് സൃഷ്ടിക്കുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ മേഖല, യൂട്യൂബ് ചാനലുകള്‍, വിആര്‍ ഷൂട്ടുകള്‍, സിജിഐ ഷൂട്ടുകള്‍ നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രയോജനപ്രദമായരിക്കുംനോര്ത്സ്റ്റാര് എന്ന് ക്യാനന് പറയുന്നു