അവസാനിക്കാതെ ആഗോള യുദ്ധപരമ്പരകൾ; സൈനികച്ചെലവ് 2,443 ബില്യൻ ഡോളർ, ഇത് ചരിത്രത്തിലാദ്യം
Mail This Article
ലോകരാഷ്ട്രങ്ങളുടെ സൈനികച്ചെലവ് ഏറ്റവുമധികം ഉയർന്ന വർഷം എന്ന നിലയിൽ 2023 ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നു! റഷ്യ–യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–പലസ്തീൻ യുദ്ധം, ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ കലാപങ്ങൾ തുടങ്ങി ആഗോള തലത്തിലുണ്ടായ സംഘർഷങ്ങളാണ് കുത്തനെയുള്ള ഈ വർധനയ്ക്കു പിന്നിൽ.
ആദ്യ പത്തിൽ ഇന്ത്യയും
2,443 ബില്യൻ ഡോളറാണ് 2023ൽ ആഗോളതലത്തിലെ ആകെ സൈനിക ചെലവഴിക്കൽ. തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 6.8% വർധന. 1949ൽ സൈനികച്ചെലവ് രേഖപ്പെടുത്തിത്തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തുകയാണിതെന്ന് റിപ്പോർട്ട് പുറത്തുവിട്ട സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) വ്യക്തമാക്കി. ആഗോള ജിഡിപിയുടെ 2.3% വരും ഈ തുക.
ലോകത്തെ ഓരോ മനുഷ്യനും സൈന്യത്തിനായി കഴിഞ്ഞ വർഷം ചെലവഴിച്ചത് 306 ഡോളറാണ് (കാൽ ലക്ഷം രൂപ). അമേരിക്ക (916 ബില്യൻ ഡോളർ), ചൈന (296), റഷ്യ (109), ഇന്ത്യ (83.6), സൗദി അറേബ്യ (75.8), യുകെ (74.9), ജർമനി (66.8), യുക്രെയ്ൻ (64.8), ഫ്രാൻസ് (61.9), ജപ്പാൻ (50.2) എന്നീ രാജ്യങ്ങളാണ് സൈനികച്ചെലവിൽ ആദ്യ പത്തു സ്ഥാനത്ത്.
അമേരിക്കയുടെ സൈനികച്ചെലവ് മാത്രം ആഗോളച്ചെലവിന്റെ 37% വരും. ആദ്യ അഞ്ചു രാജ്യങ്ങളുടെ മൊത്തം ചെലവ് ആഗോള സൈനികച്ചെലവിന്റെ 61 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള ചൈന കഴിഞ്ഞ 29 വർഷമായി മുടങ്ങാതെ സൈനികച്ചെലവിൽ വർധന വരുത്തിക്കൊണ്ടിരിക്കുകയാണ്.
സൈനികച്ചെലവു കൂട്ടി സംഘർഷത്തുടർച്ച
യുദ്ധം രാജ്യങ്ങളുടെ സൈനികച്ചെലവിൽ വരുത്തുന്ന വലിയ മാറ്റങ്ങളെ റിപ്പോർട്ട് വിശകലനം ചെയ്യുന്നു. റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രെയ്‌നിന്റെ സൈനികച്ചെലവ് ജിഡിപിയുടെ 37 ശതമാനമായാണ് ഉയർന്നത്. സർക്കാർ വരുമാനത്തിന്റെ 60 ശതമാനവും കഴിഞ്ഞ വർഷം സൈന്യത്തിനായി ചെലവഴിച്ചു.
യുക്രെയ്‌ൻ–റഷ്യ യുദ്ധം യൂറോപ്പിലാകെ സൈനികച്ചെലവിൽ ഗണ്യമായ വർധന വരുത്തി. നാറ്റോ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക ബജറ്റിൽ കഴിഞ്ഞ വർഷം 16% വർധനയാണുണ്ടായത്. ഇതിൽ വലിയ പങ്ക് യുക്രെയ്നുള്ള സൈനികസഹായമാണ്. റഷ്യയിൽ ജിഡിപിയുടെ 6.9 ശതമാനമാണു സൈനികച്ചെലവ്. സർക്കാർ വരുമാനത്തിന്റെ 16% സൈന്യത്തിനായി മാറ്റി. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ സൈനിക ബജറ്റാണിത്.
ഹമാസുമായുള്ള സംഘർഷത്തെത്തുടർന്ന് ഇസ്രയേൽ ജിഡിപിയുടെ 5.3 ശതമാനമാണു സൈന്യത്തിനായി മാറ്റിവയ്ക്കുന്നത്. ഗൾഫ് മേഖലയിൽ സൗദി അറേബ്യയും സൈനികച്ചെലവിൽ ഗണ്യമായ വർധന വരുത്തിയ രാജ്യമാണ്.