ADVERTISEMENT

അമേരിക്കയിലെ വിര്‍ജീനിയയെ ട്രെയിന്‍ മാര്‍ഗം ആസ്വദിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അമേരിക്കന്‍ റെയില്‍ റോഡ് സംവിധാനമായ ആംട്രാക്ക് ഇതിനുവേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഒരു വാഹനം പോലും വാടകക്കെടുക്കുക പോലും ചെയ്യാതെ ഈ ട്രെയിനുകളിലൂടെ നിങ്ങള്‍ക്ക് വിര്‍ജീനിയയെ അടുത്തറിയാനാവും. ചരിത്രപ്രസിദ്ധമായ നഗരങ്ങള്‍ മുതല്‍ ബ്ലൂറിഡ്ജ് മലനിരകള്‍ അതിരിടുന്ന പ്രദേശങ്ങള്‍ വരെ നിങ്ങള്‍ക്ക് ആംട്രാക്കില്‍ യാത്ര ചെയ്ത് അറിയാനാവും. ആംട്രാക്കിലേറി വിര്‍ജീനിയയെ ഒമ്പതു ദിവസം കൊണ്ട് കണ്ടറിയുന്നതെങ്ങനെയെന്ന് നോക്കാം. 

IMG_4211.tif
ഓള്‍ഡ് ടൗണ്‍ അലക്‌സാൻഡ്രിയയിലെത്തിയാല്‍ കിങ് സ്ട്രീറ്റ് ട്രോളിയില്‍ കയറി നഗരകാഴ്ചകള്‍ കാണാം. Image Credit : Virginia Tourism Corporation/ Virginia.org

അലക്‌സാൻഡ്രിയ (ആദ്യ രണ്ടു ദിവസങ്ങള്‍)

വിര്‍ജീനിയയിലെ വടക്കേ അറ്റത്തുള്ള ആംട്രാക്ക് സ്‌റ്റേഷനായ അലക്‌സാൻഡ്രിയയില്‍ നിന്നാണ് നമ്മള്‍ യാത്ര തുടങ്ങുന്നത്. ഡാലസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും റീഗണ്‍ നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും ഇവിടേക്ക് മെട്രോ ട്രെയിന്‍ ലഭിക്കും. അലക്‌സാണ്ട്രിയയിലെത്തിയാല്‍ മാസണ്‍ സോഷ്യല്‍ പോലെ പ്രാദേശിക ഭക്ഷണം കിട്ടുന്ന റസ്റ്ററന്റുകളിലൊന്ന് പരീക്ഷിക്കാം. കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന തെരുവുകളിലൂടെ നടക്കുകയോ പോട്ടോമാക് നദി ആസ്വദിക്കുകയോ ടോര്‍പെഡോ ഫാക്ടറി ആര്‍ട്ട് സെന്റര്‍ സന്ദര്‍ശിക്കുകയോ ചെയ്യാം. 

3N5A7886.tif
ജോര്‍ജ് വാഷിങ്ടണ്‍ താമസിച്ചിരുന്ന വസതി. Image Credit : Virginia Tourism Corporation/ Virginia.org

പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനുശേഷം ജോര്‍ജ് വാഷിങ്ടണ്‍സ് മൗണ്ട് വെര്‍നന്‍ കാണാന്‍ പോവാം. അമേരിക്കയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായിരുന്ന ജോര്‍ജ് വാഷിങ്ടണ്‍ താമസിച്ചിരുന്ന വസതിയാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെങ്കിലും മനോഹരമായി പരിപാലിക്കുന്ന ഈ കെട്ടിടവും പരിസരങ്ങളും ചരിത്രരേഖകളും കാണേണ്ടതു തന്നെ. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാന്‍ പറ്റിയത് സൈക്കിള്‍ യാത്രകളാണ്. ഇനി ഓള്‍ഡ് ടൗണ്‍ അലക്‌സാണ്ട്രിയയിലെത്തിയാല്‍ കിങ് സ്ട്രീറ്ര് ട്രോളിയില്‍ കയറി നഗരകാഴ്ചകള്‍ കാണാം. 

Old-Rag--a-popular-trail-at-Shenandoah-National-Park
ചാര്‍ലോടെസ്‌വില്ലയിലെ ഷെനന്‍ഡോ ദേശീയ പാർക്ക്. Image Credit : Virginia Tourism Corporation/ Virginia.org

അലക്‌സാൻഡ്രിയ - ചാര്‍ലോട്സ് വിൽ (മൂന്ന്, നാല് ദിവസങ്ങള്‍)

ബ്ലൂറിഡ്ജ് മലനിരകളുടെ കവാടമാണ് ചാര്‍ലോട്സ് വിൽ. ഇവിടേക്ക് ഏകദേശം രണ്ടു മണിക്കൂര്‍ ട്രെയിന്‍ യാത്രയുണ്ട്. തോമസ് ജെഫേഴ്‌സന്റേയും വിര്‍ജിനിയ സര്‍വകലാശാലയുടേയും ആസ്ഥാനം. അമേരിക്കയുടെ മൂന്നാം പ്രസിഡന്റായിരുന്ന ജെഫേഴ്‌സന്റെ മോണ്ടിസെല്ലോയിലെ ബംഗ്ലാവ് ആസ്വദിക്കാം. തോമസ് ജെഫേഴ്‌സന്‍ തന്നെ സ്ഥാപിച്ച വിര്‍ജിനിയ സര്‍വകലാശാലയും അക്കാദമിക് വില്ലേജും യുനെസ്‌കോ പൈതൃകപട്ടികയില്‍ കൂടി ഇടംപിടിച്ചിട്ടുള്ളതാണ്. 

King Street, Alexandria
ഓള്‍ഡ് ടൗണ്‍ അലക്‌സാൻഡ്രിയ. Image Credit : Virginia Tourism Corporation/ Virginia.org

ചാര്‍ലോടെസ്‌വില്ലയിലെ നൂറ്റാണ്ടു പഴക്കമുള്ള ദ വെര്‍ജിനിയന്‍ റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാം. ചരിത്രപ്രസിദ്ധമാണ് നടന്നു കാണാന്‍ പറ്റിയ ഡൗണ്‍ടൗണ്‍ മാള്‍. ഏതാണ്ട് 30 മൈല്‍ ചുറ്റളവില്‍ 40 വൈന്‍ നിര്‍മാണ കേന്ദ്രങ്ങളും മുന്തിരി തോട്ടങ്ങളുമുണ്ട്. മോണ്ടിസെല്ലോ വൈന്‍ ട്രയല്‍ എന്നറിയപ്പെടുന്ന വൈനറികളിലൂടെയുള്ള യാത്രകള്‍ നടത്താം ഉച്ചഭക്ഷണത്തിനും ലഘുഭക്ഷണത്തിനുമെല്ലാം പറ്റിയ ഇടമാണ് ഇത്തരം വൈന്‍ നിര്‍മാണ കേന്ദ്രങ്ങള്‍. ഷെനന്‍ഡോ ദേശീയ പാര്‍ക്കും ചാര്‍ലോടെസ്‌വില്ലയില്‍ തന്നെയാണുള്ളത്. മലകയറ്റവും ജെയിംസ് നദിയിലെ കയാക്കിങും ചങ്ങാടത്തിലൂടെയുള്ള യാത്രയും സൈക്കിളിലുള്ള ചുറ്റലുമെല്ലാം യാത്രയുടെ ഭാഗമാക്കാം. 

Lynchburg-along-the-James-River
ജെയിംസ് നദി. Image Credit : Virginia Tourism Corporation/ Virginia.org

ചാര്‍ലോടെസ്‌ വിൽ- ലിച്ബര്‍ഗ് (അഞ്ച്, ആറ് ദിവസങ്ങള്‍)

ഏകദേശം 1.15 മണിക്കൂര്‍ സമയമെടുക്കും ഈ ട്രെയിന്‍ യാത്രയ്ക്ക്. ഏഴു മലകളുടെ നാടാണ് ലിച്ബര്‍ഗ്. ബ്ലൂ റിഡ്ജ് മലനിരകളുടെ താഴ്‌വാരത്തുള്ള പ്രദേശം. ജെയിംസ് നദിയുടെ തീരങ്ങളില്‍ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ലിച്ബര്‍ഗ് കമ്മ്യൂണിറ്റി മാര്‍ക്കറ്റും ലിച്ച്ബര്‍ഗ് ഹിസ്‌റ്റോറിക് കോര്‍ട്ട്ഹൗസും സന്ദര്‍ശിക്കാന്‍ മറക്കരുത്. പ്രാദേശിക ഷോപ്പുകളും ഗാലറികളും റെസ്റ്ററന്റുകളും കണ്ട ശേഷം സൈക്കിളുകള്‍ വാടകക്കെടുക്കാം. നേരെ ജെയിംസ് നദിയുടെ തീരത്തുകൂടെ സൈക്കിളുമായി പോവാം. 

ചരിത്രപ്രസിദ്ധമായ ദ വെര്‍ജിനിയന്‍ ഹോട്ടലും ദ ക്രാഡോക് ടെറി ഹോട്ടലും ഭക്ഷണത്തിനായി തിരഞ്ഞെടുക്കാം. കടല്‍വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഷൂമേക്കേഴ്‌സ് റസ്റ്ററന്റ് മികച്ച തിരഞ്ഞെടുപ്പായിരിക്കും. ലിച്ബര്‍ഗിന്റെ ചരിത്രം അറിയണമെങ്കില്‍ ഗൈഡിന്റെ കൂടി സഹായത്തില്‍ ഒരു നടത്തമാവാം. അന്നെ സ്‌പെന്‍സര്‍ ഹൗസും ഗാര്‍ഡന്‍ മ്യൂസിയവും സന്ദര്‍ശിക്കാന്‍ മറക്കരുത്. 600 ഏക്കറില്‍ പരന്നു കിടക്കുന്ന തോമസ് ജെഫേഴ്‌സന്‍സ് പോപ്‌ലാര്‍ ഫോറസ്റ്റും വ്യത്യസ്ത അനുഭവമായിരിക്കും. 

ലിച്ബര്‍ഗ്- റോനോകെ(ഏഴ്, എട്ട് ദിവസങ്ങള്‍)

ഏഴാം ദിനം ലിച്ബര്‍ഗില്‍ നിന്നും 1.15 മണിക്കൂര്‍ ആംട്രക്കില്‍ യാത്ര ചെയ്ത് റോനോകെയിലെത്താം. വിര്‍ജിനിയ മലനിരകളിലുള്ള റോനോകെ തനതായ ചരിത്രവും പാരമ്പര്യവും രുചികരമായ ഭക്ഷണവുമൊക്കെയായാണ് നിങ്ങളെ കാത്തിരിക്കുന്നത്. മാര്‍ക്കറ്റ് സ്‌ക്വയറാണ് പ്രധാന കേന്ദ്രങ്ങളിലൊന്ന്. കര്‍ഷകരുടെ ആഴ്ച്ചചന്തയും ഇവിടെയുണ്ട്. 

vtc_2018_fall-5.jpg
മില്‍ മൗണ്ടനിലെ റോനോകെ സ്റ്റാർ. Image Credit : Virginia Tourism Corporation/ Virginia.org

നാട്ടുകാരുടെ തനതു ക്രാഫ്റ്റ് ഉത്പന്നങ്ങള്‍ വാങ്ങണമെങ്കില്‍ ക്രാഫെറ്റീരിയയിലേക്കു പോവാം. 60 ലേറെ കരകൗശലവിദഗ്ധര്‍ ഇവിടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. അമേരിക്കയുടെ കിഴക്കന്‍ തീരത്തെ മൗണ്ടന്‍ ബൈക്കിങ് ആസ്ഥാനമാണ് റോനോകെ. ഇന്റര്‍നാഷണല്‍ മൗണ്ടന്‍ ബൈസൈക്ലിങ് അസോസിയേഷന്റെ സില്‍വര്‍ ലെവല്‍ റൈഡ് സെന്റര്‍ ഇവിടെയുണ്ട്. മലകയറ്റത്തിനും മൗണ്ടന്‍ ബൈക്കിങിനും കുതിരയോട്ടത്തിനുമൊക്കെ പറ്റിയ ഇടമാണിത്. ഇറ്റാലിയന്‍ ഭക്ഷണം ആസ്വദിക്കാന്‍ ഫോര്‍ട്ടുനാറ്റോയിലേക്കു പോവാം. മില്‍ മൗണ്ടനിലെ റോനോകെ സ്റ്റാറാണ് മറ്റൊരു കാഴ്ച. 

Driving-the-Blue-Ridge-Parkway-in-Virginia-MR20111003V_005
ബ്ലൂ റിഡ്ജ് മലകളുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്ര. Image Credit : Virginia Tourism Corporation/ Virginia.org

റോനോക്കെ- അലക്‌സാൻഡ്രിയ (ഒമ്പതാം ദിനം)

റോനോക്കെയില്‍ നിന്നും തിരികെ അലക്‌സാൻഡ്രിയയിലേക്ക് നാലു മണിക്കൂറും 45 മിനിറ്റും ട്രെയിന്‍ യാത്രയ്ക്കെടുക്കും. എങ്കിലും ബ്ലൂ റിഡ്ജ് മലകളുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഈ യാത്ര എളുപ്പം മറക്കാനാവില്ല. തിരികെ അലക്‌സാണ്ട്രിയയിലെത്തിയ ശേഷം മെട്രോ ട്രെയിനില്‍ വിമാനത്താവളങ്ങളിലേക്കെത്താം. ഇനി റോനോക്കെയില്‍ നിന്നു തന്നെ വിമാനത്തില്‍ യാത്ര തിരിക്കാനും അവസരമുണ്ട്. ബ്ലാക്ക്‌സ്ബര്‍ഗ് പ്രാദേശിക വിമാനത്താവളം റോനോകെ സിറ്റി സെന്ററില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ്.

The-Blue-Ridge-Parkway-is-easily-accessible-by-bicycle-from-Roanoke
ബ്ലൂ റിഡ്ജ് മലകളുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്ര .Image Credit : Virginia Tourism Corporation/ Virginia.org
English Summary:

More people than ever are choosing to take the train to travel around Virginia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com