ആവശ്യത്തിന് സമ്പത്തുണ്ടെങ്കിലും അത് അനുഭവിക്കാൻ കഴിയാതെ വരിക, വളരെയധികം കഷ്ടപ്പെട്ടിട്ടും സാമ്പത്തിക സ്ഥിതി മെച്ചമാവാതിരിക്കുക, അടിക്കടി സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കടബാധ്യതയിൽ മുങ്ങുക എന്നീ പ്രശ്നങ്ങൾ മിക്കവരെയും അലട്ടാറുണ്ട്. കടബാധ്യത മൂലം സമൂഹത്തിലും ബന്ധുമിത്രാദികൾക്കിടയിലും അർഹമായ ബഹുമാനവും അംഗീകാരവും സത്‌പേരും ലഭിക്കാതെവരും. തന്മൂലം കുടുംബസമാധാനം തകരുകയും ആത്മഹത്യാവക്കിലെത്തുകയും ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും ഉത്തമ മാർഗ്ഗമാണ് മഹാലക്ഷ്മ്യഷ്ടകജപം.
ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, രണ്ടുനേരം വിളക്ക് തെളിയിച്ചു നാമം ജപിക്കുക, കഴിവതും വീട്ടിൽത്തന്നെ ആഹാരം പാകം ചെയ്തു ഭക്ഷിക്കുക, മംഗളദായകങ്ങളായ തുളസി, നെല്ലി,ആര്യവേപ്പ് എന്നിവ വളർത്തുക,സാധുക്കൾക്ക് ദാനം ചെയ്യുക, തന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യുക എന്നിവയെല്ലാം മഹാലക്ഷ്മീ പ്രീതികരമാണ്.
ലളിത സഹസ്രനാമം പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ചൊല്ലുന്നതും ഉത്തമം. മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. നേരായരീതിയിൽ സമ്പാദിക്കുന്ന പണം മാത്രമേ ഒരുവന് ഉതകുകയുള്ളു. ലാളിത്യ ജീവിതം നയിക്കുകയും നിത്യേന മഹാലക്ഷ്മിഅഷ്ടകം ഭക്തിയോടെ ജപിക്കുകയും ചെയ്യുന്നവർക്ക് ഫലം സുനിശ്ചിതമാണ്. കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാര്‍ത്ഥിക്കുന്നതും നന്ന്.
മഹാലക്ഷ്മിഅഷ്ടകം
ധനലക്ഷ്മി
നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!
ധാന്യലക്ഷ്മി
നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
ധൈര്യലക്ഷ്മി
സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
ശൗര്യലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
വിദ്യാലക്ഷ്മി
ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!
കീർത്തിലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
വിജയലക്ഷ്മി
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!
രാജലക്ഷ്മി
ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!