ക്ഷേത്രത്തിൽ കാണിക്ക പാടില്ല ?

ക്ഷേത്രവിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് ‘ദൈവത്തിന് പണം നൽകരുത്’ എന്ന പ്രചരണം ഇപ്പോൾ സജീവം ആയിട്ടുള്ളത്. ക്ഷേത്രത്തിൽ കാണിക്കയും ദക്ഷിണയും ഇട്ടാൽ ദൈവം കോപിക്കുമെന്നും നമ്മെക്കാൾ ദരിദ്രർ ആയവർക്കാണ് പണം കൊടുക്കേണ്ടത് എന്നും അങ്ങിനെ കാണിക്കയിടുമ്പോൾ ദരിദ്രനാക്കി എന്ന പേരിൽ ദൈവം കോപിക്കും എന്നുമൊക്കെയാണ് പ്രചരണം. 

ഹിന്ദുമതത്തിന്റെ വളരെ സ്തുത്യര്‍ഹമായ ധാരാളം ആചാരങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ദക്ഷിണ നൽകുക എന്നത്. ചോറൂണു മുതൽ വിവാഹപന്തലിൽ കാലെടുത്തു വയ്ക്കുമ്പോഴുമൊക്കെ മാതാപിതാക്കൾക്കും മുതിർന്നവർക്കും ഗുരുസ്ഥാനീയർക്കും ഒക്കെ നാം ദക്ഷിണയായി പണവും വെറ്റിലയും അടയ്ക്കയും നൽകി അനുഗ്രഹം തേടാറുണ്ട്. മാതാപിതാക്കളും മറ്റുള്ളവരും ഒന്നും നമ്മെക്കാൾ ദരിദ്രർ ആയതുകൊണ്ടല്ല അവർക്കു നാം ദക്ഷിണ നൽകുന്നത്. മറിച്ച് അതൊരു ആചാരമാണ്. 

നമ്മിൽ തന്നെയാണ് ദൈവം എന്നതാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. അപ്പോൾ ക്ഷേത്രത്തിൽ പോകുന്നതും ജ്യോത്സ്യന്റെ അടുക്കൽ പരിഹാരത്തിനായി ‘ദൈവമായ’ നമ്മൾ പോകുന്നതും തെറ്റല്ലേ. 

ക്ഷേത്രത്തിൽ പണമിടുന്നതിന് പകരം ദൈവത്തെ പ്രീതിപ്പെടുത്താൻ ഹോമവും പൂജയും പരിഹാരമാക്കാനാണ് കുറെ ജ്യോത്സ്യന്മാർ ശ്രമിക്കുന്നത്. ക്ഷേത്രത്തിൽ പണമിട്ടാൽ ദൈവം ശപിക്കും എന്ന് പ്രചരിപ്പിക്കുമ്പോൾ ദൈവത്തെ പ്രീതിപ്പെടുത്തിത്തരാം എന്ന പേരിൽ ഹോമവും പൂജയും നടത്തിപ്പിക്കുന്നതിനെ എന്തു പറയും. 

ദൈവത്തിന് ഇടനിലക്കാർ ഉണ്ടോ എന്നതും ഒരു ചോദ്യമല്ലേ. ക്ഷേത്രത്തിൽ ആചാരങ്ങൾക്കാണ് പ്രാധാന്യം. പണം ഇടുകയോ, ഇടാതിരിക്കുകയോ എന്നത് വിശ്വാസിയുടെ സ്വാതന്ത്ര്യമാണ്. പണം ഇട്ടു എന്ന പേരിൽ ഒരു ദൈവവും നിങ്ങളെ ശപിക്കില്ല, പണം ഇട്ടില്ല എന്ന പേരിൽ ഒരു ദൈവവും നിങ്ങളെ ഉപദ്രവിക്കുകയുമില്ല. 

നമുക്ക് ഇഷ്ടവും ബഹുമാനവും ഉള്ളവരെ കാണാൻ പോകുമ്പോൾ ആദരവോടെ നൽകുന്ന എന്തിനെയും കാണിക്ക എന്ന് വിളിക്കാം. നിങ്ങള്‍ ആദരവോടെ എന്തു നൽകിയാലും ദൈവത്തിന് അത് കാണിക്കയാണ്. ഇടനിലക്കാരിൽ വഞ്ചിതരാകാതിരിക്കുക. 

Read More on Astro News