സര്‍വ ദുരിതങ്ങളും അകറ്റാം...തൃപ്പയാറപ്പനുണ്ടിവിടെ!

കേരളത്തിലെ ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് തൃപ്രയാര്‍ ക്ഷേത്രം. തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായുള്ള നാട്ടിക ഗ്രാമപഞ്ചായത്തിലാണ് തൃപ്രയാര്‍. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ  പ്രധാന വിഗ്രഹം എന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ഈ വിഗ്രഹം കടലില്‍ നിമഞ്ജനം ചെയ്യപെട്ടുവെന്നും കേരളത്തിലുള്ള ഒരു മുക്കുവന് മത്സ്യബന്ധനത്തിനിടെ അത് ലഭിച്ചു എന്നുമാണ് ഐതിഹ്യം.

തൃപ്രയാറപ്പന്‍ എന്നും തൃപ്രയാര്‍ തേവര്‍ എന്നും അറിയപ്പെടുന്ന ഇവിടുത്തെ പ്രധാന പ്രതിഷ്ഠയ്ക്ക് മറ്റു ശ്രീരാമ വിഗ്രഹങ്ങളില്‍ നിന്നും വ്യതാസങ്ങളുമുണ്ട്. തൃപ്രയാര്‍ തേവരുടെ രൂപം ചതുര്‍ഭുജവിഷ്ണുവിനെ അനുസ്മരിപ്പിക്കുന്നതാണ്.

നാലുകൈകളിലൊന്നില്‍ ശംഖും  മറ്റൊന്നില്‍ സുദര്‍ശനവും മൂന്നാമത്തേതില്‍ വില്ലും ഇനിയുള്ളതില്‍ ഒരു മാലയും കാണാനാവും. 

ഈ വിഗ്രഹത്തിനു ശൈവചൈതന്യവും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ, വിഗ്രഹത്തിന്റെ ഒരു കൈയ്യില്‍ കാണപ്പെടുന്ന മാല ബ്രഹ്മചൈതന്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. ആ അര്‍ത്ഥത്തില്‍  ത്രിമൂര്‍ത്തീഭാവത്തിന്റെ ഒരു പ്രതീകം കൂടിയാണ് തൃപ്രയാര്‍ തേവര്‍. 

തൃപ്രയാറപ്പന്റെ വിഗ്രഹത്തിനു കാലപ്പഴക്കം കൊണ്ട് പല കോട്ടങ്ങളും തട്ടിയിരുന്നതിനാല്‍  പുനഃപ്രതിഷ്ഠയെ കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍  തേവര്‍ക്കതിഷ്ടമല്ലെന്നു പ്രശ്‌നവശാല്‍ കാണുകയുണ്ടായി. അതിനാല്‍  പഞ്ചലോഹത്തില്‍ തീര്‍ത്തൊരവരണം പഴയ വിഗ്രഹത്തിനു ചാര്‍ത്തുകയാണു ചെയ്തത്. 

ഉപദേവതമാരായി  ഗണപതി, ദക്ഷിണമൂര്‍ത്തി, ശാസ്താവ്, ഗോശാല കൃഷ്ണന്‍ എന്നിവരും ഈ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നു. 

ധാരാളം മരപ്പണികളും കൊത്തുപണികളുമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റും രാമായണകഥയിലെ പലസന്ദര്‍ഭങ്ങളും കലാകാരന്മാരാല്‍ ജീവന്‍ തുടിക്കുന്ന  രീതിയില്‍ പുനഃസൃഷ്ടിക്കപ്പെട്ടതു ദര്‍ശിക്കാം.  ദക്ഷിണമൂര്‍ത്തിക്കു മുന്‍പിലുള്ള കെടാവിളക്കും ക്ഷേത്രത്തിനു മുന്‍പിലൂടെ സ്വച്ഛമായൊഴുകുന്ന തൃപ്രയാറും  ഇവിടുത്തെ  മറ്റു സവിശേഷതയാണ്.

പ്രധാന വഴിപാടുകള്‍

ചാത്തന്‍ ഭന്ധാരം: എല്ലാ വിധ ദുഷ്‌സ്വാധീനങ്ങളില്‍  നിന്നും മോചനം ലഭിക്കുന്നതിനായാണ് ഈ വഴിപാട്. 

കതിന വെടി: സീതാന്വേഷണത്തിനു ശേഷം ഉള്ള ഹനുമാന്റെ വരവിന്റെ ആഘോഷത്തെ അനുസ്മരിക്കാനാണ് കതിന വെടി വഴിപാട്. ഈ വഴിപാട് തടസങ്ങള്‍ മാറ്റാന്‍ സഹായകമാവും എന്നാണ് വിശ്വാസം. ഒന്നിന്  12 രൂപയും 101 എണ്ണത്തിന്  1200 രൂപയുമാണ്  വഴിപാട് നിരക്ക്. 

മീനൂട്ട്: ക്ഷേത്രത്തിനു മുന്‍പിലൂടൊഴുകുന്ന പുരയാറിലെ മത്സ്യങ്ങളെ ഊട്ടാനുള്ള ഈ വഴിപാട് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ മത്സ്യങ്ങള്‍ തേവര്‍ക്കു പ്രിയപ്പെട്ടവരാണെന്നും അവരെ ഊട്ടുന്നതു വഴി തേവരെ പ്രീതിപ്പെടുത്താമെന്നുമാണ് വിശ്വാസം. ആസ്മ രോഗികള്‍ക്ക് ഈ വഴിപാട് ചെയ്യുന്നത് ഗുണകരമാണെന്ന് പറയപ്പെടുന്നു. ഇതിനു പുറമെ പാല്‍പ്പായസവും ചന്ദനം ചാര്‍ത്തും മറ്റു അര്‍ച്ചനകളും വഴിപാടായി നടത്താറുണ്ട്.