ഒരു നാഴി അരിയുടെ മുകളിൽ ഒരു പിടി അരി കൂടി വച്ച് പ്രാർത്ഥിച്ച് സോപാനത്തിൽ തളികയിൽ ഭഗവാൻ മഹാവിഷ്ണുവിന് സമർപ്പിച്ചാൽ നടക്കാത്ത കാര്യമില്ലെന്നാണ് വിശ്വാസം. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനും ഈ വഴിപാട് ചെയ്താൽ മതി. എറണാകുളം ജില്ലയിൽ ആലുവയിൽ മംഗലപ്പുഴപാലത്തിനടുത്ത് നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് മാറി പെരിയാറിൻ തീരത്താണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്റെ വാളുകൊണ്ട് വെട്ടേറ്റ് ജഡായുവിന്റെ ഒരു ചിറക് ഇവിടെ വീണു. അതിന്റെ ദഹനവും ഇവിടെയാണ് നടന്നത് എന്നാണ് ഐതീഹ്യം. തല കൊള്ളി എന്ന സ്ഥലത്തിന് പേരു വന്നത് അങ്ങനെയാണ്. ചിറകറ്റ് വീണത് ലോപിച്ച് ചിറയത്ത് എന്നായി തീർന്നു എന്നും പഴമക്കാർ പറയുന്നു.
വില്ല്വമംഗലം സ്വാമിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. രാവിലെ 5.30 ന് നട തുറക്കും 9.30 ന് നടയടക്കും. വൈകീട്ട് 5.30 മുതൽ 7.30 വരെ നട തുറന്നിരിക്കും. ആയിരത്തി അഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടകാലത്ത് തകർക്കപ്പെട്ടതാണ്. രണ്ടടിയോളം ഉയരമുള്ള കൃഷ്ണശിലാ വിഗ്രഹത്തിന്റെ ഒരു കൈയും കാലും വെട്ടിമാറ്റിയത് പിന്നീട് പഞ്ചലോഹം വിളക്കി ചേര്‍ക്കുകയാണ് ഉണ്ടായത്. രണ്ട് തട്ടായുള്ള ശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ.
എല്ലാ മാസവും തിരുവോണ നാളിൽ അന്നദാനം നടത്തുന്നു. വിശേഷ വിധിയായി ബ്രഹ്മണന് കാൽകഴുകിച്ചൂട്ടും ഉണ്ട്. കർക്കടകം തുലാം മാസങ്ങളിൽ പിതൃതർപ്പണം നടത്തുന്നു. മേടമാസത്തിലെ വിഷുകണിക്ക് ശേഷം ഭക്തർക്ക് കൈനീട്ടം നൽകുന്ന പതിവും ഉണ്ട്.
മുപ്പെട്ട് വ്യാഴം (മലയാളമാസം ആദ്യത്തെ വ്യാഴാഴ്ച) വിശേഷമാണ്. എല്ലാ ആയില്യത്തിനും സർപ്പത്തിന് പൂജയുണ്ട്. മകരമാസത്തിലെ പൂയം സർപ്പത്തിന്റെയും ദുര്‍ഗയുടെയും ഭദ്രകാളിയുടെയും പ്രതിഷ്ഠാ ദിനം. ഗണപതിയും ധർമ്മ ശാസ്താവും ദുര്‍ഗയും ഭദ്രകാളിയും നാഗരാജാവും നാഗയക്ഷിയും നാഗമാതാവും ഇവിടെ ഉപദേവതമാരാണ്.
പുരുഷസൂക്തസഹിതം പാൽപായസം, തൃക്കയ് വെണ്ണ, കഥളിപ്പഴ നിവേദ്യം എന്നിവ ഭഗവാൻ സർപ്പിച്ചാൽ സന്താന ഭാഗ്യം ഉണ്ടാകുമെന്നാണ് അനുഭവം. ആടിയ എണ്ണ വാത രോഗങ്ങൾക്ക് ശമനമാണ്. കുട്ടികള്‍ രാത്രികാലങ്ങളിൽ ഞെട്ടിയുണർന്ന് കരയുന്നതിന് ശമനമുണ്ടാകും. ബാലാരിഷ്ടതകൾക്കും നന്ന്. ദേശം തലകൊള്ളി ചെറിയത്ത് ശ്രീമഹാവിഷ്ണു ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, കൊടുങ്ങല്ലൂർ നരസിംഹസ്വാമിക്ഷേത്രം, തിരുവാല്ലൂർ ശിവക്ഷേത്രം, അക്കര ചെറിയത്ത് നരസിംഹസ്വാമിക്ഷേത്രം എന്നിവ ഒക്കെ ജഡായുവിന്റെ ഐതീഹ്യവുമായ ബന്ധപ്പെട്ട കിടക്കുന്ന ക്ഷേത്രങ്ങളാണ്. രണ്ട് തട്ടുള്ള വട്ട ശ്രീകോവിലിന് മുകളിൽ ബ്രഹ്മാവ്, ശിവൻ, ഗരുഡൻ, വ്യാളീമുഖങ്ങളും താഴെ ചുറ്റി നും ദശാവതാരവും സ്ഥാപിച്ചിരിക്കുന്നത് കാണാം. നിത്യവും ക്ഷേത്രക്കടവിൽ മീനൂട്ട് നടത്തുന്നു. എല്ലാ വർഷവും ഇപ്പോൾ ഇവിടെ ഏപ്രിൽ മാസത്തിൽ സപ്താഹം നടത്തുന്നു. വേഴാ പ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. മുൻപ് പട്ടാമ്പിയിലുള്ള നല്ലേടത്ത് മന വകയായിരുന്നു ക്ഷേത്രം ഇപ്പോൾ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്.
NH 47 ൽ മംഗലപ്പുഴപാലത്തോട് ചേർന്ന് ചെങ്ങമനാടേക്ക് പോകുന്ന മംഗലപ്പുഴ പനയക്കടവ് റോഡിൽ രണ്ട് കിലോമീറ്റർ ഉള്ളിലാണ് ദേശം തലക്കൊള്ളി ചെറിയത്ത് ക്ഷേത്രം.
Mob: 9497447126
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O,
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2603643
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions