Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവ്വൈശ്വര്യങ്ങൾ തരും ഏഴരപ്പൊന്നാന ദർശനം!

 Ettumanoor Mahadeva Temple

കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108  ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന  പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ് .   കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഏഴരപ്പൊന്നാനപ്പുറത്ത് ഭഗവാൻ എഴുന്നള്ളുന്ന ക്ഷേത്രവും ഇതുതന്നെയാണ് . 

ഭക്തരുടെ മനസ്സിൽ കുളിർമയും സമാധാനവും സന്തോഷവും നൽകുന്ന ഒരനുഭവമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം.കുംഭമാസത്തിലെ ചതയദിനത്തിൽ കൊടിയേറി തിരുവാതിര ദിനത്തിൽ  ആറാട്ടോടുകൂടി  പത്തുദിവസമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത് . ഭഗവാന്റെ എട്ടാം ഉത്സവദിനത്തിൽ  അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ഈ വർഷത്തെ ഏഴരപ്പൊന്നാന ദർശനം ഫെബ്രുവരി 23 വെള്ളിയാഴ്ച രാത്രി 12 മണി മുതലാണ്  .ഐശ്വര്യത്തിന്റെ പ്രതീകമാണ് ഏഴരപ്പൊന്നാന. വർഷത്തിൽ കുംഭമാസത്തിൽ  മാത്രമാണ് ഏഴരപ്പൊന്നാന ദർശനവും  വലിയകാണിക്ക സമർപ്പണവും സാധ്യമാവുക.ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും ഭക്തന് സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ശ്രീകോവിലിൽ നിന്നു ഏറ്റുമാനൂരപ്പനെ  ക്ഷേത്രമതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിലേക്ക്  എഴുന്നെള്ളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. മഹാദേവന്‍റെ തിടമ്പിന് ഇരുവശത്തുമായി സ്വര്‍ണത്തില്‍ തീര്‍ത്ത പൊന്നാനകളെ അണിനിരത്തുന്നു. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് വയ്ക്കുക. തിടമ്പിന് താഴെ മുൻഭാഗത്തായി അരപ്പൊന്നാനയെ വയ്ക്കുന്നു.വരിക്കപ്ലാവിന്റെ തടിയില്‍ ആനയുടെ രൂപം കൊത്തിയെടുത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് പൊന്നാനയെ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം .ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. ഇതിൽ വാമനൻ ചെറുതാകയാൽ അരപൊന്നാനയായി . ഈ അരപ്പൊന്നാനയുടെ പുറത്തേറിയാണ്  ഭഗവാൻ ആസ്ഥാന മണ്ഡപത്തിലിരിക്കുന്നത്.

ezharaponnana

കുംഭമാസത്തിലെ രോഹിണി നാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രദേവന്റെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ഈ സമയത്തു ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഇരിക്കുന്ന ഭഗവാനെ വണങ്ങി കാണിക്ക അർപ്പിക്കുന്നത് ഭാഗ്യദായകമാണ്. ഭക്തജനലക്ഷങ്ങളാണ് അഭീഷ്ടവരദായകന്റെ ഏഴരപ്പൊന്നാന ദർശനത്തിനു ക്ഷേത്രത്തിൽ എത്താറുള്ളത്. ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും  തിരുവതാംകൂർ മാർത്താണ്ഡവർമ മഹാരാജാവ് നടയ്ക്കു സമർപ്പിച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് വിശ്വാസം. 

ബലിക്കല്‍പുരയിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്‌. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച്‌  നൊന്തു പ്രാർത്ഥിച്ചാൽ  ഏറ്റുമാനൂരപ്പന്‍  വിളികേൾക്കും എന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട്‌ കണ്ണെഴുതിയാൽ  നേത്രരോഗങ്ങൾ  ശമിക്കും  . പന്ത്രണ്ടു  ദിവസം  മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത്‌ അഭീഷ്ടകാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ചെമ്പകശ്ശേരി രാജാവിനു  സഹിക്കാന്‍ പറ്റാത്ത വയറുവേദന വന്നപ്പോള്‍  ഏറ്റുമാനൂരമ്പലത്തിൽ  ഭജനമിരിക്കുകയും  രോഗം ശമിച്ചപ്പോൾ വെള്ളോടുകൊണ്ട്‌ കാളയെ വാര്‍ത്ത്‌ അതിനുള്ളില്‍ ചെന്നെല്ല്‌ നിറച്ച്‌ നടയ്ക്കു വയ്ക്കുകയും ചെയ്തു. ഇതിനുള്ളില്‍ നിന്നു നെല്ലെടുത്തു കഴിച്ചാല്‍ ഉദരവ്യാധികള്‍ക്കു ശമനമുണ്ടാകുമെന്നാണു വിശ്വാസം.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions