ഇനി എന്‍ജിനീയറിങ് ബിരുദം ലഭിക്കാന്‍ യോഗാഭ്യാസത്തില്‍ പങ്കെടുക്കണം

സപ്ലിയൊന്നുമില്ലാതെ എന്‍ജിനീയറിങ് പാസ്സാവുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു കുന്നോളം വിഷയങ്ങളും അതിന്റെ ലാബും ഇന്റേണലും അസൈന്‍മെന്റും വര്‍ക്ക്‌ഷോപ്പും ഒക്കെയായി എന്‍ജിനീയറിങ് കടന്നു കിട്ടുക അല്‍പം കടുപ്പം തന്നെ. എന്നാല്‍ ഇനി ഇതെല്ലാം കൃത്യമായി ചെയ്താലും എന്‍ജിനീയറാകണമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി നിര്‍ബന്ധമായും ചെയ്യണം. ഒന്നുകില്‍ യോഗയില്‍ പങ്കെടുക്കണം, അല്ലെങ്കില്‍ ഏതെങ്കിലും കായികയിനത്തിലോ സാമൂഹിക പ്രസക്തിയുള്ള പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടണം. ഇതില്ലാതെ ഇനി എത്ര പഠിപ്പിസ്റ്റ് ആണെന്നു പറഞ്ഞാലും എന്‍ജിനീയറിങ് ബിരുദം ലഭിക്കില്ല. 

എന്‍ജിനീയറിങ് കോളജുകളിലെയും ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലെയും വിദ്യാർഥികള്‍ നിര്‍ബന്ധമായും യോഗയിലോ കായികയിനങ്ങളിലോ സാമൂഹിക പ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചു കൊണ്ട് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍(എഐസിടിഇ) ആണ് ഉത്തരവിറക്കിയിരിക്കുന്നത്. വിദ്യാർഥികള്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 25 ശതമാനം ഹാജര്‍ നേടിയിരിക്കണമെന്നാണ് എഐസിടിഇ നിര്‍ദ്ദേശം. പക്ഷേ, ഇതിനു പ്രത്യേകിച്ചു മാര്‍ക്കൊന്നും ഉണ്ടാവില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിൽ നാഷനല്‍ സര്‍വീസ് സ്‌കീം, നാഷനല്‍ കെഡറ്റ് കോര്‍, ഉന്നത് ഭാരത് അഭിയാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുണ്ടെങ്കിലും അവ ബിരുദം നേടുന്നതിനു നിര്‍ബന്ധമായിരുന്നില്ല. യോഗയും മൂല്യവർധിത വിദ്യാഭ്യാസവും എന്‍ജിനീയറിങ് കോഴ്‌സുകളുടെ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും മാനവവിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ മാസം രാജ്യാന്തര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത പ്രവര്‍ത്തനങ്ങളുടെ വിഡിയോ റെക്കോര്‍ഡിങ് നല്‍കാന്‍ യുജിസി സര്‍വകലാശാലകളോടും കോളജുകളോടും ആവശ്യപ്പെട്ടിരുന്നു.