ഐഐടികളിലും എൻഐടികളിലുമെന്ന പോലെ കേരളത്തിലെ എൻജിനീയറിങ് കോളജുകളിലും കൂടുതൽ പേർക്കും പ്രിയപ്പെട്ട ശാഖ കംപ്യൂട്ടർ സയൻസ്. ഉയർന്ന റാങ്കുകാർ പ്രവേശനം തേടുന്ന തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സിഇടി) കംപ്യൂട്ടർ സയൻസിൽ മെറിറ്റിലെ അവസാനറാങ്ക് 103. ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, സിവിൽ എന്ന ക്രമത്തിലാണു മറ്റു ശാഖകളോടുള്ള പ്രിയം.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലും ട്രെൻഡ് ഇതുതന്നെ. കംപ്യൂട്ടര്‍ സയന്‍സ്: എട്ടില്‍നിന്ന് ഒന്നിലേക്ക് കംപ്യൂട്ടർ സയൻസില്‍ സർക്കാർ മെറിറ്റിലെ അവസാന റാങ്ക് 3915. ഏറെ വർഷങ്ങൾ ഒന്നാം സ്ഥാനത്തു നിന്ന ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍ ഇതിനേക്കാള്‍ വളരെ പിന്നില്‍ (5884). കംപൂട്ടറിന്റെ സഹോദരശാഖയായ ഐടി ഇതിലും വളരെത്താഴെ (9387). കോർ–എൻജിനീയറിങ് അല്ലെന്ന കാഴ്ചപ്പാടാകാം ഐടിക്കു ദോഷം ചെയ്യുന്നത്. മുൻനിര കോളജുകളിൽ ഇല്ലാത്തതും കാരണമാകാം.
സർക്കാർ / എയ്ഡഡ് കോളജുകളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ റാങ്കില്‍ പ്രവേശനം പൂര്‍ത്തിയായ ശാഖകളില്‍ എട്ടാം സ്ഥാനമായിരുന്നു കംപ്യൂട്ടർ സയൻസിന്. ആ നിലയിൽ നിന്നാണ് ഒന്നാംസ്ഥാനത്തേക്കുള്ള കുതിച്ചുകയറ്റം. ഇത്തവണത്തെ ഐഐടി പ്രവേശനലിസ്റ്റിൽ കംപ്യൂട്ടർ സയൻസ് പുലർത്തിയ ആധിപത്യം കേരളത്തിലും പ്രതിഫലിച്ചതാകാം. ഉപരിപഠനം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ് തുടങ്ങിയ കരിയറുകളിലേക്ക് എത്താമെന്ന റിപ്പോർട്ടുകളും കുട്ടികളെ സ്വാധീനിച്ചു.
മെക്കാനിക്കല്‍ നാലാമത്; സിവില്‍ അഞ്ചാമത് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ റാങ്കില്‍ പ്രവേശനം പൂര്‍ത്തിയായ ശാഖ ഇൻഡസ്ട്രിയൽ (അവസാന റാങ്ക് 6076) ആണെങ്കിലും ഇതു സിഇടിയില്‍ മാത്രമേയുള്ളൂ. മറ്റു ശാഖകളില്‍ സിവില്‍ ആയിരുന്നു സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് (6585). ഇപ്പോഴത് അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു (4480). ഏറെ വർഷങ്ങള്‍ പ്രിയ ശാഖകളിലൊന്നായി നിലനിന്ന മെക്കാനിക്കലിന് കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനം നിലനിർത്താനേ കഴിഞ്ഞുള്ളൂ.
പല പ്രാവശ്യം ഒന്നാം സ്ഥാനത്തുനിന്ന ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന് മുൻനിര കോളജുകളിൽ പ്രാധാന്യം കിട്ടിയെങ്കിലും സംസ്ഥാനതലത്തിൽ ദുർബലമാണ്. കഴിഞ്ഞ വർഷത്തെ 15–ാം സ്ഥാനത്തു നിന്ന് (16,629) ഇപ്പോൾ പത്താം സ്ഥാനത്തേക്കു മാത്രമേ (5884) ഉയർന്നിട്ടുള്ളൂ. മുഖ്യ പരമ്പരാഗത കോഴ്സായ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിന്റെ സ്ഥാനം കഴിഞ്ഞ വർഷത്തെ ഒന്‍പതിൽനിന്ന് (11714) ഇത്തവണ എട്ടായി (5490) മാത്രമേ ഉയർന്നിട്ടുള്ളൂ. ഈ ശാഖയുടെ പ്രാധാന്യം കുട്ടികൾ വേണ്ടത്ര ഗ്രഹിച്ചിട്ടില്ലെന്നു വേണം കരുതാൻ. പ്രഫഷനൽ സാധ്യതകൾ കുതിച്ചുയരുന്ന ഫുഡ് എൻജി / ടെക് മേഖലയെക്കുറിച്ച് അറിവ് പൊതുവേ കുറവായതുകൊണ്ടാവാം ഈ മേഖലയിലെ രണ്ടു കോഴ്സുകൾക്ക് ഈ വർഷം 12, 13 സ്ഥാനങ്ങളിൽ ഒതുങ്ങേണ്ടിവന്നത് (യഥാക്രമം 6639 / 6857).
ആര്‍ക്കിടെക്ചര്‍, ഫാര്‍മസി സർക്കാർ മെറിറ്റ് സീറ്റിൽ കഴിഞ്ഞ വർഷം 266 വരെ ആർക്കിടെക്ചറിനു പ്രവേശനം കിട്ടിയെങ്കില്‍ ഇത്തവണ ആദ്യറൗണ്ട് 169ാം റാങ്കില്‍ നിന്നു. ഇനിയും ഏറെപ്പേർക്ക് അവസരങ്ങൾ ലഭിക്കും. ബിഫാമിൽ കഴിഞ്ഞവർഷത്തെ 2199 ഇത്തവണ 970 ആയി. inset- ട്രെന്‍ഡ് മനസ്സിലാക്കി അടുത്ത റൗണ്ടിലേക്ക് പരീക്ഷയെഴുതി യോഗ്യത നേടിയ ആകെ കുട്ടികളുടെ എണ്ണത്തിലടക്കം പല വ്യത്യാസങ്ങളുമുള്ളതിനാൽ സർക്കാർ / എയ്ഡഡ് മെറിറ്റിലെ അവസാന റാങ്കുകൾ താരതമ്യപ്പെടുത്തി നിഗമനങ്ങളിലെത്തുന്നതിനു പരിമിതിയുണ്ട്. പക്ഷേ, പൊതുപ്രവണതകളിലേക്ക് ഇവ നിശ്ചയമായും വിരൽ ചൂണ്ടുന്നുമുണ്ട്.
അടുത്ത റൗണ്ടുകളിൽ ഓപ്ഷനുകൾ പരിഷ്കരിച്ചു നൽകുന്നവർക്കും അടുത്ത വർഷത്തെ പ്രവേശനത്തിനു തയാറെടുക്കുന്നവർക്കും പഠിക്കാൻ പല പാഠങ്ങളുമുണ്ട്. ഈ കുട്ടികൾ കാട്ടിയ മൂൻഗണനാക്രമത്തിലും സമീപനത്തിലും. എൻജിനീയറിങ്ങിലെ മാറുന്ന താൽപര്യങ്ങൾ വീക്ഷിക്കുന്നതോടൊപ്പം, വിവിധ പഠനശാഖകളുടെ ആപേക്ഷിക ഗുണദോഷങ്ങളും പരിഗണിച്ചാവണം രണ്ടാം അലോട്മെന്റിനുള്ള ഓപ്ഷൻ സമർപ്പണം.
Education News>>