Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻട്രൻസ് : മികവിന് എൻടിഎ

പ്രഫഷണൽ കോഴ്സ് പ്രവേശനത്തിന് രാജ്യത്തെ പല എജൻസികൾ പല തരത്തിൽ പ്രവേശനപരീക്ഷകൾ നടത്തുന്നതു മൂലമുള്ള പോരായ്മകൾ ഒഴിവാക്കി, ദേശീയതലത്തിൽ പരീക്ഷകൾ നടത്താൻ ഒരു ഏജൻസിക്കു രൂപം നൽകുമെന്ന് 2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിപ്പോൾ യാഥാർഥ്യമായി, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)

മെച്ചങ്ങൾ

(മെഡിക്കൽ), ജെഇഇ മെയിൻ (എൻജിനീയറിങ്), സിമാറ്റ് (മാനേജ്മെന്റ്), ജിപാറ്റ് (ഫാർമസി), യുജിസി നെറ്റ് (അധ്യാപന / ഗവേഷണ യോഗ്യത) എന്നീ പരീക്ഷകൾ ഒരേ കുടക്കീഴിലാകുന്നതോടെ അഖിലേന്ത്യാതലത്തിൽ പരീക്ഷകൾ നടത്താൻ ഒറ്റ സംവിധാനം മതിയാകും. ചെലവു കുറയും. നടത്തിപ്പിന്റെ പ്രഫഷനൽമികവു മെച്ചപ്പെടും. പൊതുമാനദണ്ഡങ്ങൾ നടപ്പാക്കാം.

 സിബിഎസ്ഇ, എഐസിടിഇ എന്നിവയുടെ പരീക്ഷാഭാരം കുറയുന്നതോടെ അവയ്ക്ക് അക്കാദമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാം.

ഏകദേശ ടൈംടേബിൾ പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്കു തയാറെടുക്കാൻ കൂടുതൽ സൗകര്യം.

 ചില കുട്ടികളുടെ നീറ്റ് / ജെഇഇ പ്രകടനം നിസ്സാര തെറ്റുകൾ കാരണം മോശമായിപ്പോകാറുണ്ട്. അവർക്ക് നില മെച്ചപ്പെടുത്തണമെങ്കിൽ അടുത്ത പരീക്ഷയ്ക്ക് ഒരു വർഷം നഷ്ടപ്പെടുത്തി കാത്തിരിക്കേണ്ടിയിരുന്നു. ആണ്ടിൽ രണ്ടു പരീക്ഷയാകുമ്പോൾ ഈ പ്രശ്നമില്ല. രോഗം മൂലം പരീക്ഷയെഴുതാൻ കഴിയാത്തവർക്കും വർഷം നഷ്ടപ്പെടാതെ പ്രവേശനം തേടാം.

ജെഇഇ മെയിൻ ജനുവരി, ഏപ്രിൽ മാസങ്ങളിലും നീറ്റ് ഫെബ്രുവരി, മേയ് മാസങ്ങളിലുമായതിനാൽ എൻജിനീയറിങ്ങിനും മെഡിസിനും ഒരുമിച്ചു ശ്രമിക്കുന്നവർക്കു തയാറെടുപ്പിനു സൗകര്യം. ഇപ്പോഴത്തെ ടൈംടേബിൾ പ്രകാരം ആദ്യപരീക്ഷ ജനുവരി ആറിനേ തുടങ്ങൂ. അതിനു മുൻപ് സ്കൂളുകളിൽ 12–ാം ക്ലാസിലെ സിലബസ് പൂർത്തിയാക്കിയിരിക്കും. സിബിഎസ്ഇയുടെ ഈ വർഷത്തെ കലണ്ടർപ്രകാരം നവംബർ 23നു സിലബസ് തീരും.

കംപ്യൂട്ടർ ഉപയോഗമുണ്ടെ‌ങ്കിലും ഓൺലൈൻ രീതിയല്ലെന്നതിനാൽ ഇന്റർനെറ്റ്‌‌വേഗം സംബന്ധിച്ച പരാതികൾ ഒഴിവാകും.

രാജ്യമെങ്ങുമുള്ള സ്കൂളുകളെയും കോളജുകളെയും ആശ്രയിച്ച്, സൗജന്യമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാപരിശീലനം ഏർപ്പെടുത്തുന്നത് ആവശ്യക്കാർക്കു പ്രയോജനപ്പെടുത്താം.

സംശയങ്ങൾ

നീറ്റിനും ജെഇഇക്കും രണ്ടു തവണയായി 16 സിറ്റിങ് ആയി പരീക്ഷ നടത്തുമ്പോൾ, ചിലതിലെ ചോദ്യങ്ങൾക്കു കടുപ്പമേറുമോയെന്ന ആശങ്ക കുട്ടികൾക്കുണ്ടാകും. ഫലപ്രദമായ സ്റ്റാൻ‍ഡേഡൈസേഷൻ വഴി ആർക്കും വിശേഷിച്ച് ഗുണമോ ദോഷമോ വരാത്ത മൂല്യനിർണയമാണെന്ന് ഉറപ്പുവരുത്തണം. ഇംഗ്ലിഷിലും തമിഴിലും വ്യത്യസ്ത ചോദ്യങ്ങൾ നൽകിയതു പരാതികൾക്കു വഴിവച്ച‌ത് ‌ഓർക്കാം.

ഗ്രാമീണവിദ്യാർഥികൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. അവരെയും മറ്റുള്ളവരോടൊപ്പം മുഖ്യധാരയിലെ‌ നിലവാരത്തിലേക്ക് ഉയർത്താൻ ഇപ്പോഴത്തെ മാറ്റം നിമിത്തമാകട്ടെ.

പല സുപ്രധാനപരീക്ഷകളുടെയും ചുമതലയുള്ള ഏജൻസിയിൽ അധികാരകേന്ദ്രീകരണം വരുന്നത് അഴിമതിക്കു വഴിവയ്ക്കുമോ എന്ന സംശയം ന്യായമാണ്. ശക്തമായ ജാഗ്രതയും ഫലപ്രദമായ മുൻകരുതലുകളും വേണം.

വേണം പരിഷ്കാരങ്ങൾ

ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് നീറ്റ് എന്ന ഒറ്റപ്പരീക്ഷയെന്നു പ്രഖ്യാപനമുണ്ടെങ്കിലും എയിംസും ജിപ്മെറും സ്വന്തം പ്രവേശനപരീക്ഷകൾ നടത്തുന്നു. അവയെയും എൻടിഎയുടെ കീഴിലാക്കണം.

നിയമപഠനത്തിനുള്ള ക്ലാറ്റ്, ഹോട്ടൽ മാനേജ്മെന്റ് ജെഇഇ  തുടങ്ങി മറ്റു പ്രവേശനപരീക്ഷകളും എൻടിഎയുടെ നിയന്ത്രണത്തിലാക്കണം.വിപുലമായ ചോദ്യബാങ്കുകൾ തയാറാക്കി പ്രസിദ്ധീകരിക്കണം

ഈ വർഷത്തെ ക്ലാറ്റ് സംബന്ധിച്ച് സുപ്രീം കോടതി ജൂൺ 13നു നൽകിയ വിധിയനുസരിച്ച്, കംപ്യൂട്ടർ തകരാർ കൊണ്ടു കുട്ടികൾക്കു പരീക്ഷയിൽ സമയം നഷ്ടമായാൽ ആനുപാതികമായി മാർക്ക് കൂട്ടിക്കൊടുക്കണം. നാഗ്പുരിൽ നീറ്റ് എഴുതിയ കുട്ടികൾക്ക് ഈ തത്വമനുസരിച്ച് മാർക്ക് കൂട്ടിക്കൊടുക്കാനും ഉത്തരവായിരുന്നു. 

ക്ലാറ്റ്‌–വിധി കീഴ്‌വഴക്കമാകാത്ത തരത്തിൽ പുനഃപരിശോധന ചെയ്ത പുതിയ വിധി തേടേണ്ടതുണ്ട്. നേരം നഷ്ടമായാൽ അത്ര നേരം അപ്പോൾത്തന്നെ കൂടുതൽ കൊടുത്തു പരിഹരിക്കുന്ന രീതിയില്ലെങ്കിൽ പരീക്ഷാനടത്തിപ്പിൽ വലിയ പ്രശ്നങ്ങളുണ്ടാകും.

അലോട്മെന്റ്: ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ

 a) ഫീസടച്ചവർ 12ന് അഞ്ചിനകം കോളജിൽ ചേരണം. എൻട്രൻസ് കമ്മിഷണറുടെ പേരിലടച്ച തുക കഴിച്ച് ബാക്കി ഫീസുണ്ടെങ്കിൽ കോളജിലടയ്ക്കണം.

 സ്വാശ്രയ മെഡിക്കൽ കോളജിലേക്ക് അലോട്മെന്റ് കിട്ടിയ എൻആർഐ വിഭാഗക്കാർ അഞ്ചു ലക്ഷം രൂപ എൻട്രൻസ് കമ്മിഷണറുടെ പേരിലും ബാക്കി പ്രവേശനവേളയിൽ കോളജിലും അടയ്ക്കുക.

 സ്വാശ്രയ മെഡിക്കൽ കോളജിലെ സർക്കാർ/ ന്യൂനപക്ഷ ക്വോട്ടയിൽ അലോട്മെന്റ് കിട്ടിയവർ ഒരു ലക്ഷം രൂപ എൻട്രൻസ് കമ്മിഷണറുടെ പേരിലും ബാക്കി പ്രവേശനവേളയിൽ കോളജിലും അടയ്ക്കുക.

 സ്വാശ്രയ ഡെന്റൽ കോളജിലെ സർക്കാർ / ന്യൂനപക്ഷ / എൻആർഐ ക്വോട്ടയിൽ അലോട്മെന്റ് കിട്ടിയവർ ഒരു ലക്ഷം രൂപ എൻട്രൻസ് കമ്മിഷണറുടെ പേരിലും ബാക്കി പ്രവേശനവേളയിൽ കോളജിലും അടയ്ക്കുക.

 സർക്കാർ / എയ്ഡഡ് കോളജുകളിലോ അഗ്രി / വെറ്ററിനറി / ഫിഷറീസ് സർവകലാശാലകളിലോ മെഡിക്കൽ / അനുബന്ധ കോഴ്സിൽ പ്രവേശനം‌ കിട്ടിയവർ മുഴുവൻ ഫീസും എൻട്രൻസ് കമ്മിഷണറുടെ പേരിലടയ്ക്കുക.

 പട്ടിക/ ഒഇസി വിഭാഗക്കാർ 1000 രൂപ എൻട്രൻസ് കമ്മിഷണറുടെ പേരിലടച്ച്, 12ന് അഞ്ചിനകം കോളജിൽ ചേരുക.

  പോസറ്റ് ഓഫിസുകളുടെ പട്ടിക www.cee.kerala.gov.in എന്ന സൈറ്റ‍ിലെ ‘കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്കിലുണ്ട്.

 ഫീസടച്ച് 12ന് അഞ്ചിനകം കോളജിൽ ചേരാത്തവർക്ക് ഈ അലോട്മെന്റ് നഷ്ടപ്പെടും. ഈ വർഷ‌ം ഇനി പരിഗണിക്കുകയുമില്ല. എന്നാൽ എൻജിനീയറിങ്, ഫാർമസി സ്ട്രീമുകളിലും പ്രവേശനത്തിനു ശ്രമിക്കുന്നവരെ തുടർന്നും ആ സ്ട്രീമുകളിലേക്കു പരിഗണിക്കും

 b) ആദ്യ അലോട്‌മെന്റിൽ കോളജിൽ ചേരേണ്ടിയിരുന്നില്ല; ഫീസടച്ചാൽ മതിയായിരുന്നു. കോഴ്സും കോളജും അനുവദിച്ചതു താൽക്കാലികമായി കരുതിയാൽ മതി. അതു തന്നെ മതിയെങ്കിൽ നാളെ വൈകിട്ട് രണ്ടാം അലോട്മെന്റ് അറിയിപ്പു വരുന്ന മുറയ്ക്ക്, നിർദിഷ്ട തീയതിക്കകം, ആവശ്യമെങ്കിൽ ബാക്കി ‌ഫീസ് കൂടിയടച്ച് കോളജിൽ ചേരാം.

 ഇപ്പോൾ കിട്ടിയതിൽ പൂർണതൃപ്തിയില്ല, നിങ്ങൾ കൊടുത്തിരുന്ന ഉയർന്ന ഓപ്ഷനുകളിൽ താൽപര്യമുണ്ട് എന്നാണെങ്കിൽ, ഹോം പേജിലെത്തി, Confirm ബട്ടൺ ക്ലിക് ചെയ്യണം. ഇങ്ങനെ കൺഫേം ചെയ്‌ത ശേഷമേ നിലനിൽക്കുന്ന ഉയർന്ന ഓപ്‌ഷനുകളിൽ വേണ്ടാത്തവ റദ്ദാക്കാനോ അവയുടെ ക്രമം മാറ്റിക്കൊടുക്കാനോ കഴിയൂ.

 സാധാരണ ഗതിയിൽ, പുതിയ ഓപ്ഷൻ ഇപ്പോൾ ചേർക്കാൻ കഴിയില്ല. പക്ഷേ, പുതുതായി ഉൾപ്പെടുത്തിയ ഏഴ് എൻജിനീയറിങ് കോളജുകളിലേക്കു മാത്രം പുതിയ ഓപ്ഷൻ നൽകാം. 

ഈ കോളജുകളുടെയും അവിടത്തെ കോഴ്സുകളുടെയും പട്ടിക നോട്ടിഫിക്കേഷനിലുണ്ട്.

 ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടിയിട്ട്, സമയത്തിനു ഫീസ് അടച്ചവർ കൺഫേം ചെയ്തില്ലെങ്കിലും അവർക്കു കിട്ടിയ സീറ്റ് നിലനിൽക്കും.

 ഇന്നു രാവിലെ 10 വരെ ഓപ്ഷനുകളിൽ മാറ്റം വരുത്താം. കൺഫേം ചെയ്യാത്തവരുടെ ഉയർന്ന ഓപ്‌ഷനുകൾ നഷ്‌ടപ്പെടും. അടുത്ത അലോട്‌മെന്റിൽ അവ പരിഗണിക്കില്ല.

  ആദ്യ അലോട്മെന്റിൽ പലരും ഫീസ് അടയ്ക്കാത്തതിനാൽ ധാരാളം ഒഴിവുകളുണ്ട്. അതിനാൽ ആദ്യം അലോട്മെന്റ് കിട്ടാതിരുന്ന സീറ്റ് പലർക്കും രണ്ടാം അലോട്മെന്റിൽ കിട്ടും. അതിനായി ഇപ്പോൾ ഹോംപേജിലെത്തി ‘കൺഫേം’ ബട്ടൺ അമർത്തി, ആവശ്യമെങ്കിൽ ഓപ്ഷനുകൾ പരിഷ്കരിച്ചു നൽകാം.

 പട്ടിക/ ഒഇസി വിഭാഗക്കാർ 1000 രൂപ എൻട്രൻസ് കമ്മിഷണറുടെ പേരിലടച്ച് യഥാസമയം കോളജിൽ ചേരുക.

 റാങ്ക് ലിസ്റ്റിൽ തടഞ്ഞുവച്ചിട്ടുള്ള നമ്പരുകാർക്കും ഇപ്പോൾ ഓപ്ഷൻ സമർപ്പിക്കാം. തീരുമാനം പിന്നീട് എടുത്തുകൊള്ളും.

ഹെൽപ്​ലൈൻ

സംശയമുള്ളവർക്ക് സംസ്ഥാനത്തു പലയിടത്തും ഏർപ്പെടുത്തിയിട്ടുള്ള ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ സഹായം തേടാം. 

24 മണിക്കൂർ ഹെൽപ‌‌‌്‌ലൈൻ:

0471 2115054 / 2115098 / 2335523