സർക്കാർ മെറിറ്റിൽ എംബിബിഎസിന് 612 റാങ്ക് വരെയും ബിഡിഎസിന് 2163 വരെയും ആദ്യ അലോട്മെന്റിൽ പ്രവേശനം. ആകെയുള്ള 2343 എംബിബിഎസ് സീറ്റുകളിലും അലോട്മെന്റ് നടത്തി. അതേസമയം 1573 ബിഡിഎസ് സീറ്റുകളിൽ 1483 സീറ്റിലേ പ്രവേശനം നടത്തിയുള്ളൂ. 90 എൻആർഐ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കൊച്ചി ഉൾപ്പെടെ എല്ലാ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കും അലോട്മെന്റ് നടത്തി.
ആരോഗ്യ സർവകലാശാല അഫിലിയേഷൻ നിഷേധിച്ച കൊല്ലം അസീസിയ, കണ്ണൂർ മെഡിക്കൽ കോളജ്, കാരക്കോണം സോമർവെൽ, തിരുവനന്തപുരം എസ്‌യുടി എന്നീ മെഡിക്കൽ കോളജുകളെയും കോതമംഗലം ഇന്ദിരാഗാന്ധി, അഞ്ചരക്കണ്ടി കണ്ണൂർ എന്നീ ഡെന്റൽ കോളജുകളെയും ഒഴിവാക്കി. സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ കാർഷിക സർവകലാശാലയുടെ അമ്പലവയൽ കാർഷിക കോളജിലേക്ക് അലോട്മെന്റ് നടത്തിയില്ല. രേഖകൾ ലഭിക്കുന്ന മുറയ്ക്ക് ഇവയെ ഉൾപ്പെടുത്തും.
മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത കോളജുകളിലേക്ക് ഓപ്ഷൻ വാങ്ങിയിരുന്നില്ല. ഭിന്നശേഷി വിഭാഗത്തിൽ 44,479 റാങ്ക് ലഭിച്ച വിദ്യാർഥിക്കു വരെ എംബിബിഎസ് പ്രവേശനം ലഭിച്ചിട്ടുണ്ട്.
ഫീസ് അടച്ച് പ്രവേശനം നേടേണ്ടത് 12ന് അകം
മെഡിക്കൽ, ഡെന്റൽ അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾക്കു വെബ്സൈറ്റിലെ ഹോം പേജിൽ നാളെ രാവിലെ ഒൻപതു മുതൽ അലോട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് ലഭിക്കും. നിർബന്ധമായും പ്രിന്റ് ഔട്ട് എടുക്കണം. നാളെ മുതൽ 12നു വൈകിട്ട് അഞ്ചു വരെ ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫിസിലോ ഫീസ് അടയ്ക്കാം. അതിനകം പ്രവേശനം നേടുകയും വേണം. ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്ക് ഈ ഘട്ടത്തിൽ അലോട്മെന്റ് നടത്തിയിട്ടില്ല. ഈ കോളജുകൾക്ക് കേന്ദ്ര കൗൺസിലിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ പി.കെ.സുധീർ ബാബു അറിയിച്ചു.
പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടച്ചതിന്റെ ബാക്കി തുക നൽകേണ്ടതുണ്ടെങ്കിൽ കോളജുകളിൽ അടയ്ക്കണം. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എൻആർഐ പ്രവേശനം ലഭിച്ചവർ അഞ്ചു ലക്ഷം രൂപ പ്രവേശനപരീക്ഷാ കമ്മിഷണർക്കും ബാക്കി കോളജിലും അടയ്ക്കണം. ഫീസ് അടയ്ക്കാതിരിക്കുകയോ കോളജിൽ ചേരാതിരിക്കുകയോ ചെയ്യുന്നവരുടെ അലോട്മെന്റ് റദ്ദാകും. പിന്നീട് പരിഗണിക്കുകയുമില്ല. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ സീറ്റിലേക്കുള്ള പുതുക്കിയ കാറ്റഗറി ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
കോളജ് മാനേജ്മെന്റ് പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്കു മെറിറ്റിന്റെയും ന്യൂനപക്ഷ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് അലോട്മെന്റ് നടത്തിയത്. എൻആർഐ ക്വോട്ടയിലേക്കും അലോട്മെന്റ് നടത്തിയിരുന്നു. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സർക്കാർ, ന്യൂനപക്ഷ ക്വോട്ടയിലും സ്വാശ്രയ ഡെന്റൽ കോളജുകളിലെ സർക്കാർ, ന്യൂനപക്ഷ, എൻആർഐ ക്വോട്ടയിലും അലോട്മെന്റ് ലഭിച്ചവർ ഒരു ലക്ഷം രൂപ പ്രവേശനപരീക്ഷാ കമ്മിഷണർക്കും ബാക്കി തുക കോളജിലും അടയ്ക്കണം. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കു സർക്കാർ, എയ്ഡഡ് കോളജുകളിലും അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിലേക്കും അലോട്മെന്റ് ലഭിച്ചവർ മുഴുൻ ഫീസും പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കണം. പട്ടികവിഭാഗ, ഒഇസി വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായവരും ടോക്കൺ ഡിപ്പോസിറ്റായി 1000 രൂപ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ അടച്ചു പ്രവേശനം നേടണം.