മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കു നിർത്തിവച്ച ഓപ്ഷൻ വീണ്ടും നൽകാൻ അവസരം. ഇന്ന് ഉച്ചയ്ക്കു 12 വരെ ഓപ്ഷൻ സ്വീകരിക്കും. ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഒരു അവസരം കൂടി നൽകുന്നതെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ഇന്നു പുതിയ ഓപ്ഷൻ നൽകുകയോ നിലവിലുള്ളവ പുനഃക്രമീകരിക്കുകയോ ആവശ്യമില്ലാത്തവ റദ്ദാക്കുകയോ ചെയ്യാം. ഈ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ നാളെ അലോട്മെന്റ് നടത്തും. ആരോഗ്യ സർവകലാശാല നേരത്തേ അനുമതി തടഞ്ഞ കൊച്ചി ഉൾപ്പെടെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലേക്കും അലോട്മെന്റ് നടത്തും. അതേസമയം, ആരോഗ്യ സർവകലാശാല അനുമതി നിഷേധിച്ച സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളുടെ കാര്യം ഏഴിനു തിരുവനന്തപുരത്ത് ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ ചേർന്നു തീരുമാനിക്കും. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനു കൂടി പങ്കെടുക്കാനുള്ള സൗകര്യത്തിനാണു യോഗം തലസ്ഥാനത്താക്കിയത്.
എൻജി.: ഫീസ് അടയ്ക്കാം, ഇപ്പോൾ ചേരേണ്ട
എൻജിനീയറിങ്, ആർക്കിടെക‌്ചർ, ഫാർമസി കോഴ്സുകളിൽ ആദ്യ അലോട്മെന്റ‌് ലഭിച്ചവർക്ക‌് അഞ്ചിനു വൈകിട്ട‌് അഞ്ചുവരെ ഫീസ് അടയ്ക്കാം. ഇവർ പ്രവേശനം നേടേണ്ടതില്ല. അലോട്മെന്റ‌് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. രണ്ടാംഘട്ട അലോട്മെന്റ‌് നടപടിക്രമങ്ങൾ ആറിന‌് ആരംഭിക്കും. 10നു ഫലം പ്രസിദ്ധീകരിക്കും. അതേസമയം, ആദ്യ അലോട്മെന്റിനുശേഷം ഏകദേശം 11,000 ബിടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ കോളജുകളിൽ ഇരുപതിലേറെ ബ്രാഞ്ചുകളിൽ ഒരു വിദ്യാർഥി പോലുമില്ല. മാനേജ്മെന്റ് സീറ്റിലെ ഒഴിവുകൾ ഇതിനു പുറമേയാണ്.
Education News>>