2027 നിർണായകം; ആർട്ടിക് സമുദ്രത്തിലെ മഞ്ഞ് ഇല്ലാതാകും; ചരിത്രത്തിലാദ്യമായി വേനൽക്കാലം നേരിടാനൊരുങ്ങുന്നു
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഭൂമിയിലെ പല ധ്രുവപ്രദേശങ്ങളിലെയും മഞ്ഞ് ഇല്ലാതാവുകയാണ്. 2027ഓടെ ആർട്ടിക്കിലെ മഞ്ഞ് പൂർണമായും ഇല്ലാതാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഭൂമിയിലെ പല ധ്രുവപ്രദേശങ്ങളിലെയും മഞ്ഞ് ഇല്ലാതാവുകയാണ്. 2027ഓടെ ആർട്ടിക്കിലെ മഞ്ഞ് പൂർണമായും ഇല്ലാതാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഭൂമിയിലെ പല ധ്രുവപ്രദേശങ്ങളിലെയും മഞ്ഞ് ഇല്ലാതാവുകയാണ്. 2027ഓടെ ആർട്ടിക്കിലെ മഞ്ഞ് പൂർണമായും ഇല്ലാതാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു
ഉടനടി നടപടികളെടുത്തില്ലെങ്കിൽ ആർട്ടിക് സമുദ്രത്തിൽ ആദ്യ ഐസില്ലാദിനം 3 വർഷത്തിനുശേഷം സംഭവിക്കുമെന്നു ഗവേഷകരുടെ മുന്നറിയിപ്പ്. മേഖലയിലെ ഹിമസാന്നിധ്യവും പ്രശ്‌നങ്ങളും സംബന്ധിച്ച് പുതുതായി പുറത്തിറങ്ങിയ പഠനമാണ് 2027ൽ ആദ്യ ഐസില്ലാദിനം സംഭവിക്കുമെന്നു മുന്നറിയിപ്പു നൽകിയത്. എല്ലാ പതിറ്റാണ്ടിലും 12 ശതമാനത്തിൽ കൂടുതൽ ഐസ് ഉരുക്കം ആർട്ടിക്കിൽ സംഭവിക്കുന്നുണ്ടെന്നാണു ഗവേഷകർ പറയുന്നത്. ആർട്ടിക്കിലെ എല്ലാ ഐസ് സാന്നിധ്യവും നഷ്ടമാകുന്ന ഒരു ദിവസത്തിലേക്കാകും നമ്മൾ പോകുന്നതെന്ന് ഈ കണക്ക് മുന്നറിയിപ്പു നൽകുന്നു.
ആർട്ടിക്കിലെ ഐസ് അപ്രത്യക്ഷമാകുന്ന ദിവസം സംബന്ധിച്ച് പല കണക്കുകൂട്ടലുകളും വന്നിട്ടുണ്ട്. 9 മുതൽ 20 വർഷങ്ങൾക്കു ശേഷമാകും ഇതു സംഭവിക്കുക എന്നായിരുന്നു ഒരു കണക്കുകൂട്ടൽ. എന്നാൽ ഇപ്പോഴത്തെ പഠനത്തിൽ ഇതുസംബന്ധിച്ച കാലയളവ് 3 വർഷമായാണു കണക്കാക്കുന്നത്. ആർട്ടിക്കിൽ ആദ്യ ഐസില്ലാദിനം പരിസ്ഥിതിപരമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ഗവേഷണത്തിൽ ഉൾപ്പെട്ട അലക്‌സാൻഡ്ര ജാൻ എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞ പറഞ്ഞു. എന്നാൽ ആർട്ടിക് സമുദ്രത്തിന്റെ മുഖമുദ്രയായ ഒരു സവിശേഷതയാകും അതിനാൽ മാറുന്നത്. വർഷം മുഴുവൻ ഐസ് മൂടിക്കിടക്കുന്ന രീതിയിലുള്ളതാണ് ആർട്ടിക് സമുദ്രത്തെക്കുറിച്ച് എല്ലാവരുടെയും മനസ്സിലുള്ള ചിത്രം.
ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയായ ഇവിടെ വലിയൊരു ജൈവവൈവിധ്യമുണ്ട്. വരുംകാലത്ത് വേനൽക്കാലങ്ങളിൽ ഇന്നു കാണുന്നതു പോലെ വെള്ളനിറത്തിലുള്ള ഭൂമിയായിരിക്കില്ല ആർട്ടിക്കിലെന്നും മറിച്ച് നീലനിറത്തിലുള്ള സമുദ്രത്താൽ ചുറ്റപ്പെട്ടാകും വൻകര കിടക്കാൻ പോകുന്നതെന്നും മുൻപ് മറ്റൊരു ഗവേഷണസംഘം പറഞ്ഞിരുന്നു.
ഗ്രീൻലൻഡിലും മറ്റുമുള്ള ഐസ് സഹസ്രാബ്ദങ്ങളെടുത്ത് രൂപപ്പെട്ടതാണ്. എന്നാൽ ആർട്ടിക്കിൽ ഇതല്ല സ്ഥിതി. പൂർണമായി ഐസ് ഉരുകിയാലും വികിരണത്തോത് ഗണ്യമായി കുറയുന്ന പക്ഷം ഉത്തരധ്രുവത്തിലെ ഐസ് പഴയരൂപത്തിലേക്ക് മടങ്ങിവരുമെന്ന് മറ്റൊരു ഗവേഷണവും മുന്നോട്ടുവച്ചിരുന്നു. സമുദ്രത്തിലല്ലാതെ ആർട്ടിക് മേഖലയിൽ ഐസ് ഉരുകിമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധർ പറയുന്നു. ജീവികളെ മാത്രമായിരിക്കില്ല ഇതു ബാധിക്കുക. തീരത്തു താമസിക്കുന്ന മനുഷ്യരെയും ഇതു ബാധിക്കാം. ആർട്ടിക്കിലെ കട്ടിയേറിയ ഹിമം അഥവാ പെർമഫ്രോസ്റ്റിനുള്ളിൽ ചരിത്രാതീത കാലത്തുനിന്നൊക്കെയുള്ള മൃഗങ്ങളുടെ ശരീരങ്ങളും മറ്റും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. സൂക്ഷ്മജീവികളും ഇത്തരത്തിലുണ്ട്. ഹിമം പരിധിയിൽ കൂടുതൽ ഉരുകിയാൽ ഇവ പുറത്തെത്താം.
ഏറ്റവും ചെറിയ സമുദ്രം
ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ആർട്ടിക്. ഉത്തരാർധഗോളത്തിൽ പ്രധാനമായും ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷനൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഉത്തരഭാഗമായും ഇതിനെ കണക്കാക്കാം.
ആർട്ടിക് സമുദ്രത്തിന് ചുറ്റുമായി യൂറേഷ്യ, വടക്കേ അമേരിക്ക, ഗ്രീൻലന്‍ഡ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ് ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട് കടൽ, അമുൺസൺ കടൽ, നോർഡെൻസ് ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ് ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ് ഉൾക്കടൽ, വൈറ്റ് സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. റഷ്യ, നോർവെ, ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.