പുതിയ മോഡലുകളുമായി ഡ്യുകാറ്റി

Ducati Scrambler Cafe Racer

ഇക്കൊല്ലം ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി ഏഴു ബൈക്കുകൾ അവതരിപ്പിക്കാൻ ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി ഒരുങ്ങുന്നു. നേക്കഡ് സ്പോർട് വിഭാഗത്തിൽ ‘മോൺസ്റ്റർ 797’, ‘2017 മോൺസ്റ്റർ 1200’, സ്പോർട് ടൂറിങ് വിഭാഗത്തിൽ ‘മൾട്ടിസ്ട്രാഡ 950’ എന്നിവയാണ് കമ്പനി ഇക്കൊല്ലം ഇന്ത്യയിലെത്തിക്കുക.

ഇക്കൊല്ലം രണ്ടാം പകുതിയിൽ ‘സ്ക്രാംബ്ലർ കഫെ റേസർ’, ‘സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ്’ മോഡലുകളും ഡ്യുകാറ്റി ഇന്ത്യയിലെത്തിക്കുമെന്നാണു പ്രതീക്ഷ. വർഷാവസാനത്തിനകം ‘സൂപ്പർ സ്പോർട്ടും’ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും. ഇക്കൊല്ലം ആദ്യം ഡൽഹി  ഷോറൂമിൽ 1.12 കോടി രൂപ വിലമതിക്കുന്ന ‘1299 സൂപ്പർ ലെഗ്ഗെറ’ കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. ഇതോടെ രാജ്യത്തു വിൽപ്പനയ്ക്കുള്ള ഏറ്റവും വിലയേറിയ മോട്ടോർ സൈക്കിൾ എന്ന പെരുമ ഡ്യുകാറ്റിയുടെ ഈ മോഡൽ സ്വന്തമാക്കി.

രണ്ടു വർഷം മുമ്പ് 2015ൽ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയതു മുതൽ വിൽപ്പനയിൽ ക്രമമായ വളർച്ച കൈവരിക്കാൻ ഡ്യുകാറ്റിക്കു സാധിച്ചിട്ടുണ്ട്. 2016ൽ 580 ബൈക്കുകളാണു കമ്പനി ഇന്ത്യയിൽ വിറ്റത്; 2015ലെ വിൽപ്പനയെ അപേക്ഷിച്ച് 18% അധികമാണിത്. മാത്രമല്ല, ഡ്യുകാറ്റി ശ്രേണിയിലെ മൊത്തം വിൽപ്പന ആയിരത്തിനു മുകളിലെത്തിക്കാനും കമ്പനിക്കു കഴിഞ്ഞു. ഒപ്പം സൂപ്പർ ബൈക്ക് വിപണിയിലെ വിപണി വിഹിതം 2015ൽ 6.4% ആയിരുന്നത് 2016ൽ 7.7% ആയി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 55,000 ബൈക്കുകളാണു കമ്പനി വിറ്റത്. 

ഇന്ത്യയിലെ പ്രകടനക്ഷമതയേറിയ മോട്ടോർ സൈക്കിളുകളുടെ വിപണിയിൽ കൂടുതൽ സ്വാധീനം ലക്ഷ്യമിട്ടാണ്  ഡ്യുകാറ്റിയുടെ പുതിയ നീക്കങ്ങൾ.  രാജ്യത്തു കൂടുതൽ ഡീലർഷിപ്പുകൾ തുറന്നു വാർഷിക വിൽപ്പന 1,200 യൂണിറ്റിലെത്തിക്കാനാണു ഡ്യുകാറ്റി ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ഡൽഹി, മുംബൈ, പുണെ, അഹമ്മദബാദ്, ബെംഗളൂരു നഗരങ്ങളിലാണു ഡ്യുകാറ്റിക്കു വിൽപ്പന കേന്ദ്രങ്ങളുള്ളത്.