ഏപ്രിൽ ഒന്നുമുതൽ ബിഎസ് 3 വാഹനങ്ങളുടെ വിൽപ്പന നിരോധിച്ച സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന ഇരുചക്രവാഹനങ്ങൾ വിറ്റു തീർക്കാൻ വൻ ഓഫറുകളുമായി ഇരുചക്രവാഹന വിതരണക്കാർ. മാർച്ച് 31 വരെ വിൽക്കുന്ന വാഹനങ്ങൾ റജിസ്റ്റർ ചെയ്തു നൽകാം എന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വൻ ഓഫറുകളുമായി ഇരുചക്രവാഹന വിതരണക്കാർ എത്തിയിരിക്കുന്നത്. സ്കൂട്ടറുകൾ അടക്കമുള്ള ചെറു വാഹനങ്ങൾക്ക് 20000 രൂപ വരെ വിലക്കിഴിവ് നൽകുമ്പോൾ പ്രീമിയം ബൈക്കുകളുടെ കൂടെ സ്കൂട്ടറുകളും ചില വിതരണക്കാർ ഫ്രീയായി നൽകുന്നുണ്ട
ആക്ടീവ 3ജി, ഡ്രീം യുഗ, സിബി ഷൈൻ തുടങ്ങിയ മോഡലുകൾക്ക് 22000 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. ഹീറോ തങ്ങളുടെ വിവിധ മോഡലുകൾക്ക് 12500 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഡ്യുവെറ്റ്, ഗ്ലാമർ, സ്പ്ലെൻഡർ 125 മോഡലുകൾക്ക് വിലക്കിഴുവു കിട്ടും. സുസുക്കി ജിക്സറിന് 5000 രൂപ കിഴിവും ഒരു ഹെൽമെറ്റും കിട്ടും. സുസുക്കിയുടെ സ്കൂട്ടർ മോഡലുകൾക്ക് 4000 രൂപയാണു കഴിവു ലഭിക്കുക. പ്ലാറ്റിന മുതൽ പൾസർ ആർഎസ്200 വരെ റേഞ്ചിൽ വരുന്ന മോഡലുകൾക്ക് ബജാജ് 3000 രൂപ മുതൽ 12000 രൂപ വരെ വിലക്കിഴിവു പ്രഖ്യാപിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് മനം മയക്കുന്ന ഓഫറുകൾ നൽകുന്നത്.
വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം സൂപ്രീംകോടതിക്കു നൽകിയ കണക്കുകൾ പ്രകാരം 2010 മുതൽ രാജ്യത്തെ 41 കമ്പനികൾ 13 കോടി ബിഎസ് 3 വാഹനങ്ങളാണു നിർമിച്ചത്. ഇതിൽ 8.24 ലക്ഷം വാഹനങ്ങൾ ഇനിയും വിറ്റഴിക്കപ്പെടാതെ ബാക്കിയാണ്. അതിൽ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണുള്ളത്.
കോടതി ഉത്തരവു പ്രകാരം വിൽക്കാനാകാത്ത ബിഎസ്-3 വാഹനങ്ങൾ ബിഎസ്-4 നിലവാരത്തിലേക്ക് ഉയർത്താൻ കഴിയില്ലെന്ന് കമ്പനികൾ വ്യക്തമാക്കുന്നുണ്ട്. നഷ്ടമൊഴിവാക്കാൻ ആകെ ചെയ്യാവുന്നത് ആഭ്യന്തര വിപണിയിൽ ഇവ വിൽക്കുകയും ബാക്കിയുള്ളവ കയറ്റി അയയ്ക്കാൻ ശ്രമിക്കുകയെന്നതുമാണ്. ബിഎസ്-3ക്ക് തുല്യമായ യൂറോ ചട്ടങ്ങൾ ബാധകമായ രാജ്യങ്ങളിലേക്കു മാത്രമേ ഇവ കയറ്റിയയ്ക്കാൻ കഴിയൂ. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ ഇത് എളുപ്പമാകാത്തതിനാലാണു വലിയ ഓഫറുകൾ നൽകി ഇവിടെത്തന്നെ വിൽക്കാനുള്ള ശ്രമം നടക്കുന്നത്.