Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനത്തിനും ബി എസ് നാല് നിലവാരം

fuel-pump.jpg.image.784.410 Representative Image

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പാലിക്കുന്ന ഇന്ധനങ്ങൾ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിയതായി എണ്ണ കമ്പനികൾ. ബി എസ് മൂന്നിൽ നിന്നു നാലിലേക്കുള്ള പരിവർത്തനം വൈകിക്കുന്നത് ഉയർന്ന നിലവാരമുള്ള ഇന്ധനത്തിന്റെ ലഭ്യതയിലെ പരിമിതിയാണെന്നായിരുന്നു വാഹന നിർമാതാക്കളുടെ വാദം.

ബി എസ് നാല് നിലവാരത്തിനു നിശ്ചയിച്ച 2017 ഏപ്രിൽ ഒന്ന് സമയപരിധി പാലിക്കാൻ എണ്ണ ശുദ്ധീകരണശാലകൾക്കു കഴിയുമെന്ന് വാഹന നിർമാതാക്കൾക്ക് ബോധ്യമുണ്ടായിരുന്നെന്നും പെട്രോളിയം ഫെഡറേഷൻ ഓഫ് ഇന്ത്യ(പി എഫ് ഐ) വ്യക്തമാക്കുന്നു. പോരെങ്കിൽ പരീക്ഷണ ആവശ്യങ്ങൾക്കായി കുറഞ്ഞ അളവിൽ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരമുള്ള ഇന്ധനവും നിർമാതാക്കൾക്ക് പി എഫ് ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. 2020ൽ ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ വാഹനങ്ങളുടെ പുകയിലെ പർട്ടിക്കുലേറ്റ് മാറ്ററി(പി എം)ന്റെ അളവ് ബി എസ് നാലിനെ അപേക്ഷിച്ച് പകുതിയായി കുറയുമെന്നാണു പ്രതീക്ഷ.

ബി എസ് നാല് നിലവാരമുള്ള ഇന്ധനലഭ്യതയെക്കുറിച്ച് വാഹന നിർമാതാക്കൾ ഉന്നയിച്ച ആക്ഷേപം അത്ഭുതപ്പെടുത്തുന്നതാണെന്നു പി എഫ് ഐ ഡയറക്ടർ ജനറൽ ആർ കെ മൽഹോത്ര അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ എണ്ണ ശുദ്ധീകരണശാലകളെ കുറ്റപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കഴിഞ്ഞ മാസം മുതൽ തന്നെ എണ്ണ ശുദ്ധീകരണശാലകൾ ബി എസ് നാല് നിലവാരം കൈവരിച്ചുകഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താനവകൾക്കെതിരെ വാഹന നിർമാതാക്കളുടെ സൈസൈറ്റി(സയാം)ക്കു കത്ത് അയച്ചതായും പി എഫ് ഐ അറിയിച്ചു.

നിർമാതാക്കളുടെ ആക്ഷേപം ശരിയല്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) ചെയർമാൻ സഞ്ജീവ് സിങ് വ്യക്തമാക്കി. മൂന്നു മാസം മുമ്പുതന്നെ  ഐ ഒ സി ഈ നിലവാരം കൈവരിച്ചിരുന്നു. മറ്റു കമ്പനികളും കഴിഞ്ഞ മാസത്തോടെ ഈ നിലവാരം നേടിയെന്നാണ് അറിവെന്നും സിങ് വെളിപ്പെടുത്തി.  ഉത്തരേന്ത്യയിൽ ഒരു വർഷമായി ബി എസ് നാല് നിലവാരമുള്ള ഇന്ധനമാണ് വിൽപ്പനയ്ക്കെത്തുന്നത്. ഇക്കാര്യം എല്ലാ ഫോറങ്ങളിലും അറിയിച്ചിട്ടുണ്ടെന്നും സിങ് വിശദീകരിച്ചു. പരീക്ഷണ ആവശ്യങ്ങൾക്കായി ബി എസ് ആറ് നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനുള്ള സന്നദ്ധതയും വാഹന നിർമാതാക്കളെ അറിയിച്ചതായി സിങ് വെളിപ്പെടുത്തി.