ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ വോൾവോകാഴ്സിന്റെ പ്രകടനക്ഷമതയേറിയ സെഡാൻ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നു. ‘വോൾവോ എസ് 60 പോൾസ്റ്റാറി’ന്റെ ഇന്ത്യയിലെ അരങ്ങേറ്റം വിഷു(ഏപ്രിൽ 14) ദിനത്തിലാണു നിശ്ചയിച്ചിരിക്കുന്നത്.
ഇതാദ്യമായാണു വോൾവോയുടെ പെർഫോമൻസ് ബ്രാൻഡ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നതെന്ന സവിശേഷതയുമുണ്ട്. വോൾവോയുടെ സവിശേഷ ‘ആർ ഡിസൈൻ’ സഹിതമെത്തുന്ന ‘എസ് 60 പോൾസ്റ്റാർ’ മുന്തിയ ‘ടി സിക്സ്’ വകഭേദത്തിൽ മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുക. നിലവിൽ ‘എസ് 60’ സെഡാന്റെ സ്റ്റാൻഡേഡ്, ക്രോസ് കൺട്രി പതിപ്പുകൾ ഇന്ത്യയിൽ ലഭ്യമാണ്.
‘വോൾവോ എസ് 60 പോൾസ്റ്റാറി’നു കരുത്തേകു 1969 സി സി പെട്രോൾ എൻജിനാണ്; 6,000 ആർ പി എമ്മിൽ 367 ബി എച്ച് പി കരുത്തും 5,285 ആർ പി എമ്മിൽ 470 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിലെ ട്രാൻസ്മിഷൻ.വിദേശ നിർമിതമായ കാർ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. ‘ഔഡി എസ് ഫൈവ്’, ബി എം ഡബ്ല്യു ‘എം ത്രീ’ തുടങ്ങിയവയോട് ഏറ്റുമുട്ടുന്ന ‘വോൾവോ എസ് 60 പോൾസ്റ്റാറി’ന്റെ വില 70 ലക്ഷം രൂപയോളമാവുമെന്നാണു പ്രതീക്ഷ.